"ന്റെ കുട്ടി നല്ല കുട്ട്യാണ്, ന്റെ കുട്ടി ഒന്നുക്കുണ്ടാവൂലാ, ന്റെ കുട്ടീടത്ത് ഒരു തെറ്റൂല്ല്യ, ഒക്കെ ഓളെ കുട്ടീടത്താ, എന്തൊക്കെ പറഞ്ഞാലും ഓളെ കുട്ടീനെക്കാളും നല്ല കുട്ടി ന്റെ കുട്ട്യന്നേണ്" മേൽ പറഞ്ഞ ഡയലോഗെല്ലാം ഒരു പെണ്ണിന് ചേരും, പടച്ചോനവരെ സൃഷ്ടിക്കാൻ കുഴച്ച മണ്ണിൽ അതും കൂടി ചേർത്താണ് ഭൂമിയിലേക്ക് വിട്ടതെന്ന് തോന്നാറുണ്ട് (അപ്പോ ആ ഓളെ കുട്ടീന്ന് പറഞ്ഞതിലേ ആ ഓളില്ലേ, ആ ഓളും ഓളെ കുട്ടീനെപ്പറ്റി ഇങ്ങനെക്കൊത്തന്നെയാകും ചിന്തിക്കുന്നതെന്ന് ഇപ്പുറത്തെ ഓളൊന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ, പക്ഷേ അങ്ങനെ ഒരിക്കലും ചിന്തിക്കൂല, അതല്ലേ അതിലെ ഒരിത്)
കൂട്ട് കുടുംബത്തിലെ പല തള്ളമാർക്കായി പിറന്ന കുഞ്ഞ് മക്കൾ തമ്മിൽ തല്ലും പിടിയുമുണ്ടാകുന്നു, കരച്ചിലും ബഹളവും കേട്ട് ഓടിയെത്തുന്ന തള്ളമാർ അതിലിടപെടുന്നു. കുഞ്ഞുങ്ങളുടെ പരാതി കേൾക്കുന്നു, തുടർന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് തന്റെ കുട്ടിയെക്കുറിച്ച് മറ്റുള്ളവർ കേൾക്കേ പറയും... "ഓനത്ര മോശക്കാരനൊന്നുമല്ല, ഓനും എന്തേങ്കിലുമൊക്കെ കാട്ടീട്ടുണ്ടാകുമെന്നൊക്കെ", പക്ഷേ അപ്പോഴൊക്കെ അവരുടെ ഉള്ളിലുണ്ടാകുക "ന്റെ കുട്ടി ഒന്നും കാട്ടീട്ടുണ്ടാവൂല, ഒക്കെ ഓളെ കുട്ട്യാവും" എന്നാകും.
അപ്പോ പറഞ്ഞ് വന്നത് നമ്മളാരും തല കുത്തി നിന്നാലും പെണ്ണിന്റെ ഈ "ന്റെ കുട്ടി" പ്രശ്നം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്നതാണ്. പക്ഷേ പുരുഷന് ചേരാത്ത ഒരിക്കലും ചേരാൻ പാടില്ലാത്തതാണ് ഈ "ന്റെ കുട്ടി". ഒരു വിഷയം നമ്മുടെ മുൻപിലെത്തിയാൽ, അത് സാമ്പത്തികമോ മറ്റേതോ പ്രശ്നമാകട്ടെ മുൻ വിധിയോടെ ആരുടെ പക്ഷവും ചേരാതിരിക്കുക, അത് സ്വന്തം മോനാവട്ടെ, ജ്യേഷ്ഠ്നാവട്ടെ, അനിയനാവട്ടെ, കുടുംബക്കാരനാകട്ടെ അതിന്റെ രണ്ട് വശവും കേൾക്കാതെ, കാണാതെ, പഠിക്കാതെ "ന്റെ കുട്ടി" എടുത്തിടരുത്. പിന്നീട് അതിലെ സത്യാവസ്ഥ പുറത്ത് വരികയും അത് നമ്മൾ നില കൊണ്ട പക്ഷത്തിന് വിരുദ്ധമാകുകയും ചെയ്‌താൽ തല പൂഴ്‌ത്താൻ സ്ത്രീകളേക്കാൾ പ്രയാസം പുരുഷനായിരിക്കും.
കാലം മാറി, അല്ല മനുഷ്യന്മാര് മാറി, അത് കൊണ്ട് തന്നെ നമ്മുടെ കൂടെ മിക്ക സമയവും ഉണ്ടാകുന്ന വ്യക്തിയാണെങ്കിൽ പോലും അയാൾ എന്തൊക്കെ ഒപ്പിക്കുന്നുണ്ടെന്ന് നമുക്കോ നമ്മൾ എന്തൊക്കെ ഏടാകൂടങ്ങൾ ഒപ്പിക്കുന്നുണ്ടെന്നവർക്കോ അറിയാൻ വയ്യാത്ത കാലമാണ്. ആയതിനാൽ കാള പെറ്റെന്നല്ല പശു പെറ്റൂന്ന് പറഞ്ഞാൽ പോലും ഒന്ന് പോയി നോക്കി ഉറപ്പ് വരുത്തുന്നതാണ് നല്ലത്. ഇനി കാര്യങ്ങളന്വാഷിച്ചതിന് ശേഷം "ന്റെ കുട്ടി"ടത്ത് തന്നെയാണ് സത്യമെങ്കിൽ, നീതിയെങ്കിൽ പാറ പോലെ ഉറച്ച് നിൽക്കേണ്ടതിന്റെ ഉത്തരവാദിത്തവും സ്ത്രീകളേക്കാൾ പൂഷനുണ്ട്.
വാൽ: എന്തിലുമേതിലും ചുഴിഞ്ഞ് നോക്കി സ്ത്രീ വിരുദ്ധത കണ്ടെത്തുന്നവരോടാണ്. "ആനക്ക് വാലും നാല് കാലും കൂടാതെ ഒരു തുമ്പിക്കൈയ്യുമുണ്ട്" എന്ന് പറഞ്ഞാൽ അത് ആനയെ അപമാനിക്കലാണെന്നാണ് വാദമെങ്കിൽ ഒന്നും പറയാനില്ല, പുരുഷന്മാരും സ്ത്രീകളും ഒരിക്കലും ഒരു പോലെയല്ല, ഒരു പോലെയാകില്ല, എല്ലാം കൊണ്ടും. ആയതിനാൽ രണ്ട് കൂട്ടർക്കും സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു വിഷയം കൈകാര്യം ചെയ്യുന്നതിലും വ്യത്യസ്ത രീതികളുമുണ്ടാകും. തിരക്കുള്ള ബസ്സിൽ കയറി പുരുഷന്റെ കുണ്ടിമ്മെ തോണ്ടി നാട്ട്കാരുടെ തല്ല് വാങ്ങിച്ച ഞരമ്പ് രോഗികളായ എത്ര സ്ത്രീകളെ നിങ്ങൾക്ക് പരിചയമുണ്ട്, ഇല്ലല്ലേ... പക്ഷേ അങ്ങനെ ചെയ്യുന്ന പുരുഷന്മാരുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും, എന്നാൽ അവരുടെ എണ്ണമെടുത്താൽ ആയിരത്തിൽ പത്ത് പേർ വരുമോ? അതില്ല, എന്നാൽ പരസ്യമായി ഇത്തരം ഞരമ്പ് രോഗം പ്രകടിപ്പിക്കുന്നവരിൽ 99 ശതമാനവും പുരുഷന്മാരായിരിക്കും. അത്രേയുള്ളൂ... എല്ലാവരും എന്നല്ല, ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം എന്നേയുള്ളൂ... ആണായാലും പെണ്ണായാലും.