2018 ഓഗസ്റ്റ് 26, ഞായറാഴ്‌ച

ബുദ്ധി ജീവി നാട്യക്കാർക്ക് പൊതുവായി ഉണ്ടാകുന്ന ചില സ്വഭാവങ്ങൾ...😎

  • പ്രാഥമികമായി ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി (അവർ കരുതുന്നത്) ഒരു മേഖലയെക്കുറിച്ചും തങ്ങൾക്ക് സംവദിക്കാൻ മാത്രം വിവരമുള്ള ആരെയും  കിട്ടുന്നില്ലല്ലോ എന്നതാണ്. 



  • ഈ കൂട്ടർ ഏതെങ്കിലും വിഷയത്തെക്കുറിച്ച് അറിഞ്ഞാൽ അത് ലോകാത്താദ്യം അറിയുന്നത് താനാണ് എന്ന് കരുതും. ചുരുങ്ങിയ പക്ഷം എന്റെ ചുറ്റിലുള്ളവർ ആരും ഈ സംഗതി അറിഞ്ഞിട്ടുണ്ടാകില്ലെന്നങ്ങ് ഉറപ്പിക്കും (പലപ്പോഴും അവസാനമറിഞ്ഞവർ അവരായിരിക്കും...😂)


  • ഉദാഹരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് ഈ ക.ബുജി (കപട ബുദ്ധിജീവി) ഇന്നലെയാണ് അറിഞ്ഞതെന്ന് കരുതുക, ഇന്ന് ആ ക.ബുജി അവന്റെ കൂട്ടുകാരോടൊത്ത് ഒത്തൊരുമിക്കുന്ന ഒരവസരം വന്നെന്നും കരുതുക. അവരങ്ങനെ സാധാരണ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടക്കായിരിക്കും ക. ബുജിയുടെ ശബ്ദം അൽപം ഉച്ചത്തിൽ (ലോകത്ത് നടക്കുന്ന പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം എന്ന ഭാവത്തിൽ) ഒരൊറ്റ പ്രഖ്യാപനം. ഇതൊക്കെ എന്ത്..? നിങ്ങൾ എ.ഐ യെക്കുറിച്ച് (ഫുൾഫോം പറയില്ല, കാരണം അങ്ങനെ പറഞ്ഞാൽ ആർക്കെങ്കിലും ചെറുതായി വല്ലതും പിടി കിട്ടുമോ എന്ന ഭയം കാണും) ചിന്തിക്കൂ... ഈയവസരത്തിൽ നമ്മുടെ ക. ബുജി മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണം എ.ഐ യോ..? അതെന്താണ്...? എന്നാണ്.... എന്നിട്ട് വേണം അതിനെക്കുറിച്ച് തള്ളി മറിച്ച് ഒരഞ്ചു മിനിറ്റ് ഗിരിപ്രഭാഷണം നടത്താൻ... എന്നാൽ അവരിലാരെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസല്ലേ...? എന്ന് ചോദിച്ചാൽ ആ നിമിഷം അവർ തകർന്ന് തരിപ്പണമാകുന്നു... മുഖം ആകെ മാറി ആകെ ഡെസ്പ്പാകുന്നു. എന്നാലും പിടിച്ച് നിൽക്കാൻ തുടർന്നുള്ള സംഭാഷണത്തിൽ ഏതെങ്കിലും ഒരു വാക്കിലോ വാചകത്തിലോ പിടിച്ച് "അതല്ല, ഇതാണെന്ന്" പറഞ്ഞ് തടി തപ്പും...


  • ഇടക്കിടക്ക് ചില വാക്കുകൾ വെളിപാടുണ്ടായവനെപ്പോലെ വിളിച്ച് പറയും (ഇലുമിനാറ്റി, സർക്കാസം, ബ്ലാക്ക് ഹ്യൂമർ, ക്രിട്ടിസിസം, പൊളിറ്റിക്കൽ കറക്റ്റ്നസ്, എത്തീയിസം...) അങ്ങിനെ തുടങ്ങി ഇവർ ഓരോന്ന് തള്ളും. പലപ്പോഴും ഇവരുടെ വിഹാര ഭൂമി കൂട്ട്കാർ ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പുകളാകും. അതിൽ തന്നെ റീയൂണിയൻ ഗ്രൂപ്പുകൾ ആണെങ്കിൽ ബഹുജോറായിരിക്കും ഇവരുടെ പ്രകടനം. മുകളിൽ പറഞ്ഞ വിഷയങ്ങളെ അധികരിച്ച് ആരും ചോദ്യവുമായി വന്നില്ലെങ്കിൽ അവർ ആകെ വിഷണ്ണരാകും. വന്നാൽ തന്നെ അത്ര പെട്ടെന്ന് തന്റെ "അറിവിന്റെ" ഭാണ്ഡക്കെട്ടഴിക്കാൻ തയ്യാറാകില്ല. കുറച്ച് കൂടി ഗ്രൂപ്പംഗങ്ങൾ താൻ പറഞ്ഞ വിഷയത്തിൽ ചുറ്റിക്കറങ്ങി വന്ന് എല്ലാവരും തന്റെ മറുപടിക്കായി കാത്തിരിക്കുന്ന അസുലഭ മുഹൂർത്തത്തിനായി കാതോർക്കും... എന്നാൽ ചിലർ ഇവരുടെ തള്ള് വിഷയം വിട്ട് മറ്റ് വിഷയത്തിലേക്ക് ചാടിപ്പോകും... (കണ്ണിൽ ചോരയില്ലാത്ത തെണ്ടികൾ...😇)


  • താനൊരു പരന്ന വായനക്കാരനും എഴുത്തുകാരനുമാണെന്നൊക്കെ അറിയിക്കാനായി ഇവർ ചില നമ്പറുകളൊക്കെ ഇടക്കിടക്കിറക്കും, ഉദാഹരണത്തിന് "നിങ്ങൾ ഇന്നയാളുടെ ഇന്ന പുസ്തകം വായിച്ചിട്ടുണ്ടോ?" എന്ന് ഗ്രൂപ്പംഗങ്ങളോട് ചോദിക്കും, എന്നിട്ട് ആ പുസ്തകത്തെ പറ്റി ഒരു കാച്ചങ്ങ് കാച്ചും, അതേകദേശം ഈ തരത്തിലായിരിക്കും: “ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്”... "ഭരണം" എന്നതിന് "ബരണം" എന്നെഴുതിയതിന് മലയാളം ടീച്ചർ ഇമ്പോസിഷനെഴുതിച്ചവനായിരിക്കും ഈ തള്ളൊക്കെ തള്ളുന്നത്.


  • അത്യാവശ്യം നല്ല എഴുത്തുകൾ മോഷ്ടിച്ച് അത് തങ്ങളുടെ രചനയാക്കി മാറ്റാൻ ഇക്കൂട്ടർ നല്ല മിടുക്കരായിരിക്കും. ഈയടുത്ത് ഞാനംഗമായ ഒരു ഗ്രൂപ്പിലെ “ബുദ്ധിജീവി” സ്വന്തം അനുഭവമെന്ന് തള്ളി ഗ്രൂപ്പിൽ ഒരു കഥയിട്ടു... അവനെ "നന്നായി അറിയുന്നത്" കൊണ്ട് ഞാനൊന്ന് നെറ്റിൽ തിരഞ്ഞു, അപ്പോഴല്ലേ "കഥ", ഇവൻ മാത്രമല്ല "അനുഭവക്കാരൻ".  കോപ്പിയടിയുടെ കഥ വരെ കോപ്പി അടിക്കുന്നവർ...  താഴെയുള്ള ലിങ്ക് നോക്കൂ...

 shorturl.at/uCEO8


 ഒരിടത്ത് ശരണ്യ, മറ്റൊരിടത്ത് പാത്തുമ്മ, വേറൊരിടത്ത്  സനീഷ്... സ്‍കൂളിൽ മാത്രം പോയവർ സ്‍കൂളിലെ കഥയാക്കുന്നു, കോളേജിൽ പോയവർ കോളേജിലെ കഥയാക്കുന്നു എന്ന വ്യത്യാസം മാത്രംകുറ്റം പറയരുതല്ലോ... സ്‍കൂളിന്റെ പേരും സ്ഥലവും വളരെയധികം ജാഗ്രതയോടെ എഡിറ്റ് ചെയ്തിട്ടുണ്ട്...  അത് പോലെ  കഥ മലപ്പുറത്തെത്തുമ്പോൾ കഥയിൽ "നീ" എന്നതിന് പകരം "ഇജ്" ആകുന്നുണ്ട്, "എനിക്ക്" എന്നത് "ഇക്ക്" ആകുന്നുണ്ട്, അങ്ങിനെ ചെറിയ വ്യത്യാസങ്ങളൊക്കെ വരുത്താനും വേണമല്ലോ ഒരു കഴിവ്...പണ്ടത്തെ ജോസി വാഗമറ്റം മോഡൽ, പശ്ചാത്തലം മാത്രം മാറുന്നു, കാപ്പിത്തോട്ടത്തിന് പകരം തെങ്ങിൻ തോപ്പ്...


  • ഇത്തരം ബുദ്ധിജീവികളുടെ ഒരു മെയിൻ "ടൂളാണ്" സൈക്കോളജി, അതായത് എനിക്ക് നിങ്ങളുടെയൊക്കെ പുരികം വളഞ്ഞാൽ അതെന്തിനാണെന്ന് മനസ്സിലാകും എന്നായിരിക്കും ഭാവം, സത്യത്തിൽ സൈക്കോളജിയുടെ ബാലപാഠം പോലും ഈ മണ്ടൻമാർക്ക് അറിയില്ല.


  • ഇക്കൂട്ടർ തങ്ങൾക്ക് സൈക്കോളജിയിലുള്ള അഗാധ പാണ്ഡിത്യത്താൽ മനസ്സിലാക്കിയതെന്ന ഭാവത്തിൽ മറ്റുള്ളവരെ കുറിച്ച് ചില നിഗമനങ്ങൾ എഴുന്നള്ളിക്കും, ഏറ്റവും രസകരമായ സംഗതി ഇക്കൂട്ടരെ പറ്റിക്കാൻ എളുപ്പമാണെന്നതാണ്. ഉദാഹരണത്തിന് ഇവർ നമ്മളോട് "ഇന്നലെ നീ അങ്ങനെ പറഞ്ഞത് ഇന്ന കാരണം കൊണ്ടല്ലേ?" എന്ന് ചോദിച്ചാൽ അവർ പറഞ്ഞത് അമ്പേ തെറ്റിയാൽ പോലും നമ്മൾ ഒരൽപം ജാ​ള്യ​തയോടെ ഒരു ചിരി പാസ്സാക്കി "അതൊന്നുമല്ല" എന്നുത്തരം നൽകിയാൽ അവർ കരുതുക അവരുടെ നിഗമനം 100% ശരിയായിരുന്നെന്നും എന്നാൽ അത് നമ്മൾക്ക് സമ്മതിക്കാനുള്ള മടി കൊണ്ട് നിഷേധിക്കുന്നതുമാണെന്നാകും.


  • റീ യൂണിയൻ ഗ്രൂപ്പുകളിൽ ഇവർ അനുഭവിക്കുന്ന ഒരു പ്രതിസദ്ധിയുണ്ട്, അതെന്തെന്ന് വെച്ചാൽ ഇവരെന്തായിരുന്നു എന്ന് ആ ഗ്രൂപ്പുകളിലുള്ള എല്ലാവർക്കുമറിയാമെന്നതാണ്. അതിനെ തരണം ചെയ്യാൻ ഇവരുടെ കയ്യിൽ ഒരടവുണ്ട്, “നിങ്ങൾ അന്ന് കണ്ട കുഞ്ഞാപ്പുവല്ല (പേര് സാങ്കൽപികമാണേ) ഞാൻ, ഞാനിന്നൊരു സംഭവമാണ്” എന്ന് തെളിയിക്കാനാണ് അവർ ഈ പെടാപ്പാടൊക്കെ പെടുന്നത്. ഈ ക.ബുജികൾ  ഒന്നും മുഴുമിപ്പിച്ച് പറയില്ല, ഉദാഹരണത്തിന് ഈ ടിയാൻ പത്താം ക്ലാസ് തോറ്റവനാണെങ്കിൽ അതെല്ലാവർക്കുമറിയാമെന്ന് ഈ ക.ബുജികൾക്കറിയാം, "നീ പിന്നെ പത്താം ക്ലാസ് എഴുതിയെടുത്തോ?" എന്ന ചോദ്യം വരാതിരിക്കാൻ  "ഞാൻ സൈക്കോളജി പഠിക്കാൻ പോയി, ഞാൻ ഇപ്പോൾ ഒരു ട്രൈനിങ്ങ് സെന്ററിലാണ്, ഞാൻ സൗത്ത് കൊറിയയുടെ ഒരു അനലൈസ് സെന്ററിൽ (അതെന്ത് കുന്തം എന്ന ചോദ്യം വന്നാൽ പണി പാളി) കുറച്ച് നാളുണ്ടായിരുന്നു" എന്നൊക്കെ തട്ടി വിടും. ചുരുക്കിപ്പറഞ്ഞാൽ ഞാനാണ് കേട്ടോ ഈ ഗ്രൂപ്പിലെ ബുദ്ധിജീവി എന്ന പരോക്ഷമായ പ്രഖ്യാപനം നടത്തുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. അപ്പുറത്തുള്ളവന് താൻ പറഞ്ഞതിനെ അധികരിച്ച് ചോദ്യം ചോദിക്കാനുള്ള കഴിവില്ല എന്ന ധൈര്യത്തിലാണിതെല്ലാം തള്ളുന്നത്, അതെങ്ങാനും പാളിയാൽ ഇവർ ഫ്ലാറ്റാകും.


ആയതിനാൽ പത്താം ക്ലാസ് തോറ്റതിന് ശേഷം എന്ത് സംഭവിച്ചു എന്ന ചോദ്യം മറ്റംഗങ്ങൾ ഒഴിവാക്കുകയും "ആ... ഇവനതൊക്കെ പാസ്സായി വലിയ സംഭവമായിട്ടുണ്ട്, ആയതിനാൽ ഇവനോടിനി നീ പത്താം ക്ലാസ് പാസ്സായോ എന്ന് ചോദിക്കുന്നത് മോശമാണെന്ന്" മറ്റുള്ള അംഗങ്ങൾ കരുതുകയും ചെയ്‌തോളും എന്നതാണ് ഈ ക.ബുജികളുടെ ചിന്ത.


  • സത്യത്തിൽ ഇത്തരം ക.ബുജികളുള്ള ഗ്രൂപ്പുകൾക്കുള്ളിൽ മറ്റൊരു ഗ്രൂപ്പ് രൂപപ്പെട്ട കാര്യം ഇവരറിയില്ല, ആ ഗ്രൂപ്പിൽ ഇവരുടെ തള്ളുകൾ ചർച്ച ചെയ്യുകയും ഇവനെ എങ്ങനെ ഒരു "കുഞ്ഞാപ്പുവായി" നിർത്താമെന്ന ചർച്ച കൊഴുക്കുകയും ശേഷം ഇവനുള്ള ഗ്രൂപ്പിൽ വന്ന് അവനെ പൊക്കിയടിക്കുകയും ചെയ്യും. ഇതൊന്നുമറിയാതെ ഈ ക.ബുജികൾ താനിപ്പോൾ അവരുടെ ഇടയിൽ വല്ല്യ സംഭവമാണെന്ന് കരുതി ആനന്ദ ഹർഷത്തിലാറാടും.


  • ഇവരുടെ ബുജിയാകാനുള്ള മറ്റൊരു മാർഗമാണ് മറ്റംഗങ്ങൾ പറയുന്നതിലെ വ്യാകരണപ്പിഴവ് കണ്ടെത്തുകയെന്നത്, അതും താനൊരു സംഭവമാണെന്ന് തെളിയിക്കാൻ കഴിയുന്ന ഒന്നാണെന്ന് ഇവർ കരുതുന്നു.

എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്, ഈ ക.ബുജികൾ അവർ ബുജിയാണെന്ന് തെളിയിക്കാനെടുക്കുന്ന അടവുകളെല്ലാം ഒരേ പാറ്റേണിലായിരിക്കുമെന്നതാണ്... അതിനാൽ ഏത് ഗ്രൂപ്പിൽ ചെന്നാലും ബുജിയാകാൻ പെടാപ്പാട് പെടുന്നവനെ സെക്കന്റുകൾക്കുള്ളിൽ മനസ്സിലാക്കാവുന്നതാണ്.


  • ഈ കൂട്ടരുടെ മറ്റൊരു ടൂളാണ് രാഷ്ട്രീയം, ഇവർ ഏത് രാഷ്ട്രീയ പാർട്ടിയിലാണോ അംഗമായിരിക്കുന്നത് ആ പാർട്ടിയിൽ താൻ നിൽക്കുന്നത് അത് താൻ വ്യക്തമായി പഠിച്ചും മനസ്സിലാക്കിയുമാണ്  എന്ന് തള്ളും. (അല്ലാതെ നിങ്ങളെ പോലെ ഒന്നുമറിയാതെ കിടന്ന് തുള്ളുന്നവരല്ല എന്നാണ് അർത്ഥം) സത്യത്തിൽ ചെറുപ്പത്തിൽ വീട്ടിലെ സാഹചര്യത്താൽ മനസ്സിൽ കയറിയ രാഷ്ട്രീയത്തെ എത്ര ഗുരുതരമായ പിഴവുകളും വിമർശനങ്ങളും വന്നാൽ പോലും അതിനൊപ്പിച്ച് കാല് മുറിക്കുക എന്നതാണ് മിക്കവരും ചെയ്യുന്നത്, ഈ കൂട്ടരും അതിനപവാദമല്ല, "എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ പാർട്ടിയുള്ളത് കൊണ്ടാണ് "അത്" നേടിയത്" എന്ന ഉപസംഹാരത്തിൽ അവസാനിപ്പിക്കും.


  • ഇവർ തങ്ങളുടെ പാർട്ടിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ ആത്മരോഷം കൊള്ളും, വസ്‌തുതകൾ മനസ്സിലാക്കാതെ കിട്ടിയതെന്തും തള്ളുന്നവരെ ബോധവത്കരിക്കും, സത്യാനന്തര കാലത്തെക്കുറിച്ച് ക്ലാസെടുക്കും, ആയത്തോതും, ഹദീസ് പറയും.  എന്നാൽ തങ്ങൾ എതിർപക്ഷത്ത് നിർത്തിയിട്ടുള്ളവർക്കെതിരെ വരുന്നതിനെതിരെ കണ്ണടക്കും, അത്തരം വ്യാജങ്ങൾ കണ്ട് പിടിച്ച് വസ്‌തുതയെന്തെന്ന് തെളിവ് സഹിതം സമർത്ഥിക്കാൻ കഴിയുന്ന ഒരാളും ഇവിടെ ഇല്ലെന്ന മിഥ്യാധാരണ ഇക്കൂട്ടർക്ക് നല്ലവണ്ണമുണ്ടാകും. ഇനിയഥവാ ഈ ബുജിയിട്ടില്ലെങ്കിലും അത്തരം വ്യാജങ്ങൾ ഈ ബുജിയുടെ പാർട്ടിക്കാരനായ ഒരാൾ ഗ്രൂപ്പിലിട്ടാലും മിണ്ടാതെ നിൽക്കും, അത് കൊണ്ട് തന്റെ പാർട്ടിക്കെന്തെങ്കിലും നേട്ടമുണ്ടാവുകയാണെങ്കിൽ ആയ്‌ക്കോട്ടേന്ന് വെക്കും.

  • ഇവരുടെ മറ്റൊരു ഐറ്റമാണ് "നിസ്സംഗത" അഭിനയിക്കൽ, അതായത് കൂട്ടത്തിലുള്ളവൻ നല്ല ഒരു ഫിലോസഫി പറഞ്ഞെന്നിരിക്കട്ടെ, "ഓ... ഇതൊന്നും അത്ര വലിയ കാര്യമല്ല" എന്ന ഭാവത്തിൽ ഇരിക്കും, എന്നാൽ ആ പറഞ്ഞത് മനസ്സിൽ കോപ്പി ചെയ്ത് വെക്കും, എന്നിട്ട് മറ്റെവിടെയെങ്കിലും കൊണ്ട് പോയി സ്വന്തം "ചിന്ത" എന്ന രീതിയിൽ തള്ളി മറിച്ച് ആളാകും.

  • ഇക്കൂട്ടരുടെ ചില ഡയലോഗുകൾ കൂടി പറഞ്ഞ് നിർത്താം, "എനിക്ക് പോലും അത് മനസ്സിലായത് രണ്ട് വട്ടം വായിച്ചിട്ടാണ് " അഥായത് രമണാ... ഞാനെന്ന മഹാ സംഭവത്തിന് പോലും ഇത് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു, അപ്പോൾ നിങ്ങളുടെയൊക്കെ കാര്യം പറയേണ്ടതില്ലല്ലോ എന്ന്...

 മറ്റൊന്ന് "അതിപ്പോൾ ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകുമോ എന്നറിയില്ല"


ഒടുവിൽ അന്തി മയങ്ങുമ്പോൾ ഇക്കൂട്ടർ പുതപ്പെടുത്ത് തലവഴി വലിച്ചിടുന്ന സമയം "ഹോ... ഞാനിന്നും ബുജിയായാണല്ലോ അന്തിയാക്കിയത്" എന്ന ആത്മഗതത്തോടെ ആത്മരതിയും പൂണ്ട് സുഖസുഷുപ്‌തിയിലാകും...😂😂😂

 

2018 ജൂൺ 13, ബുധനാഴ്‌ച

നൊസ്റ്റു

 

 


ഇത് നാട്ടിലേക്ക് ലീവിന് പോയ പെങ്ങളുടെ മോൻ വീട്ടിൽ പോയപ്പോൾ എടുത്ത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഇട്ട ഫോട്ടോയാണ്.... ഒരു പത്തിരുപത്തഞ്ച് കൊല്ലം ഒറ്റയടിക്ക് റിവേഴ്സെടുത്ത് പോയി... നൊസ്റ്റാൾജിയ എവിടെ നിന്നൊക്കെയോ മാന്തുന്നു....

 

 

ഇടത്തുള്ള രണ്ട് കുഞ്ഞാമിനകൾ പെങ്ങടെ പേരക്കുട്ടി...ഇടത്ത് നിന്ന് രണ്ടാ‍മത് ഇരുന്ന് വല്ലിമ്മാന്റെ റസിപ്പി കോപ്പിയടിച്ച് അയലക്കറി ഉണ്ടാക്കുന്നയാളാ‍ണ് എന്റെ ലുട്ടാപ്പി... മൂന്നാമതിരുന്ന് ചോറിന് വെള്ളം തീമെടുന്നത് ജ്യേഷ്ടന്റെ മോൾ... ആ നമ്പോലനെപ്പോലെ വളഞ്ഞ് നിൽക്കുന്നത് മറ്റൊരു ജ്യേഷ്ടന്റെ മകൻ... അതിനടുത്ത് നീണ്ട L ഷെയ്പിലിരിക്കുന്നത് നമ്പോലന്റെ പെങ്ങൾ... നമ്പോലന്റെ ഒക്കത്തിരിക്കുന്നത് മറ്റൊരു പെങ്ങടെ പേരക്കുട്ടിനമ്പോലനെ ചാരി നിൽക്കുന്നത് ഒക്കത്തിരിക്കുന്നതിന്റെ അമ്മാവൻ..... നൂറ് (ചുണ്ണാമ്പ്) തേച്ചെണ്ണിയില്ലെങ്കിൽ എണ്ണം പിഴക്കും, ഇതൊരു മൂലക്കുള്ളതേ ആയിട്ടുള്ളൂ... ബാക്കിയൊക്കെ എവിടെയെങ്കിലും മൊബൈലും കുത്തിയിരിപ്പുണ്ടാകും....

 

 

 

ഏതായാലും മൊബൈലിന്റെ വലിപ്പമാകുമ്പോഴേക്ക് മൊബൈലും കൊണ്ട് നടക്കുന്ന കാലത്ത് മൊബൈലിൽ തല കുനിച്ചിരിക്കുന്ന ആരുമില്ലാത്ത ഒരു ഫോട്ടോ കണ്ട സന്തോഷം... അതിലുപരി ആകപ്പാടെ ഒരു നൊസ്റ്റു.... മൊത്തത്തിൽ ധൃതംഗ പുളകിതനായി...

 

 

ഫോട്ടോയെടുത്ത കർത്തുഞ്ഞിപ്പാക്ക് ഒരു ബിഗ് സല്യൂട്ട്...


2018 ഏപ്രിൽ 24, ചൊവ്വാഴ്ച

*തെളിയാത്ത പേന*


       പരീക്ഷക്ക് കൊണ്ട് വന്ന തെളിയാത്ത പേനക്ക് പകരമൊന്ന് തന്ന് കൂട്ട്കാരൻ സഹായിച്ചു... 



               പക്ഷേ അവൻ മറച്ച് പിടിച്ചെഴുതിയത് കൊണ്ട് ഒന്നും തെളിഞ്ഞ് കണ്ടില്ല,


ഫലം   



വീണ്ടും ടീച്ചറുടെ വക ഒരു കോഴിമുട്ട....    


             

2016 ഒക്‌ടോബർ 27, വ്യാഴാഴ്‌ച

ഓർമ്മകൾക്കില്ല ചാവും ചിതകളും....




            ക്ലാ...ക്ലീ....ക്ലൂ.... സുരേഷ് തിരിഞ്ഞ് നോക്കി... മുറ്റത്തൊരു മൈന (പക്ഷേ മൈന തിരിഞ്ഞ് നോക്കാത്തത് കൊണ്ട് സുരേഷ് ചമ്മിപ്പോയി, സുരേഷിന് അങ്ങിനെ വേണം, എന്ന് പിന്നീടാരോ അനുബന്ധമായി പറഞ്ഞിരുന്നു) ഏതായാലും ഈ സുരേഷിനെ സ്കൂളിൽ ആ പാഠ ഭാഗം വായിച്ചവരാരും മറന്ന് കാണില്ല, പറഞ്ഞ് വരുന്നത് നമ്മുടെ സ്കൂളായ എ.എൽ.പി.എസ് തൊഴുവാനൂരിനെക്കുറിച്ചാണ്....


                  അതിന് ചുറ്റും ഓർമ്മകൾ ഒരുപാടുണ്ട്...  ഇന്നിപ്പോൾ പ്രവാസലോകത്തിരുന്ന് ഞാനും വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി... പക്ഷേ മൈനയെ കണ്ടില്ല, പകരം ഒരറബിയുടെ ബെൻസ് കാർ കണ്ടു... പിന്നെ ഒന്നും നോക്കിയില്ല, കണ്ണും പൂട്ടി ഒന്ന് കൂടി തിരിഞ്ഞ് നോക്കിയപ്പോൾ  പല കാഴ്ചകളും കണ്ടു, ആ കാഴ്ചകളൊക്കെ ഒന്ന് കുത്തിക്കുറിക്കാമെന്ന് കരുതുന്നു...

*************

                     ഓർമ്മയുടെ അങ്ങേ അറ്റത്ത് ‘അറിവിന്റെ ഭാരം’ കാരണം നടുവുളുക്കി വളഞ്ഞ ബെഞ്ചും, ബ്ലാക്ക്  ബോർഡിലുള്ള ടീച്ചറുടെ പ്രഹരത്തിൽ പ്രതിഷേധിച്ച് ഡസ്റ്റർ ഉയർത്തി വിടുന്ന പൊടിപടലങ്ങളും ,  തൊടിയിൽ നിന്ന് പൊട്ടിച്ചെടുക്കുന്ന ഇറേസർ അഥവാ മഷിത്തണ്ടും (മ്മടെ മായ്പ്പ്),പൊട്ടിയ സ്ലേറ്റ് വീണ്ടും പൊട്ടിച്ചുണ്ടാക്കുന്ന പെൻസിലും, ഏതെങ്കിലും ഒരു കമ്പിയിൽ നിന്ന് തുന്നൽ വിട്ട് പോയി ഷർട്ടിന്റെ കൈ മടക്കിവെച്ച പോലെയുള്ള കുടയും.... അങ്ങിനെയങ്ങിനെ...  , 

*************

                       അന്ന് വളാഞ്ചേരി ഹൈസ്കൂളിൽ പഠിച്ചിരുന്ന ചേട്ടന്മാർ സമരം കാരണം സ്കൂൾ വിട്ട് ഞങ്ങൾ ക്ലാസ്സിലിരിക്കുമ്പോൾ അവർ സ്കൂളിന് മുൻപിലൂടെ പോകുന്നതും നോക്കി സങ്കടത്തോടെ ഇരുന്ന കാലം, “അടുത്ത സമരം ഉണ്ടാകുമ്പോൾ സമരക്കാരെല്ലാം നിങ്ങളുടെ സ്കൂളിലേക്കും വരും, അപ്പോൾ നിങ്ങളുടെ സ്കൂളും വിടും” എന്നൊക്കെ പറഞ്ഞ് ഞങ്ങളെ കൊതിപ്പിച്ച ചേട്ടന്മാർ...      


                     അന്ന് കഴിഞ്ഞതെല്ലാം മിഴിവോടെ ഇന്നലെയെന്ന പോലെ ഇപ്പോഴുമോർക്കുന്നു, ബ്ലാക്ക് ബോർഡിൽ വെയിലടിച്ച് ടീച്ചർ എഴുതിയത് കാണാതാകുമ്പോഴുള്ള ഞങ്ങളുടെ “ടീച്ചറേ... കാണാല്ല്യ....കാണാല്ല്യ.. വിളികൾ”, അന്നൊരു ദിവസം എനിക്ക് ബോർഡിലേക്ക് കാണാനില്ലെന്ന് പറഞ്ഞത് കാരണം എന്നെ ബോർഡിനടുത്തായി സൈഡിൽ ഇട്ടിരുന്ന പെൺകുട്ടികളുടെ ബെഞ്ചിൽ ഒരറ്റത്ത് കൊണ്ട് പോയി ഇരുത്തി, അടുത്ത പിരീഡിൽ ചമ്മൽ കാരണം “കണ്ടില്ലെങ്കിലും വേണ്ടില്ല” എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ പിറകിലേക്ക് തന്നെ ഓടി.


                      അടിച്ചാൽ അടി കൊണ്ട ഭാഗം തടവിത്തന്നിരുന്ന രാധ ടീച്ചർ, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ കടന്ന് വന്നിരുന്ന മുസമ്മിൽ തങ്ങൾ മാഷ്, ഒരു കാരണവരായി എപ്പോഴും  ഞങ്ങളെ വീക്ഷിച്ചിരുന്ന ഗോപാലൻ മാഷ്, ബോർഡിൽ English എന്നെഴുതിയിട്ട് ഇതെന്താണെന്ന് ചോദിച്ച് ഇംഗ്ലീഷ് പഠനത്തിന് തുടക്കം കുറിച്ച തങ്ങൾ മാഷ് (ഹുസൈൻ ജിഫ്രി തങ്ങൾ), അന്ന് മാഷ് ബോർഡിൽ ഇംഗ്ലീഷ് എന്നെഴുതിയപ്പോൾ ഞങ്ങളെല്ലാവരും മുഖത്തോട് മുഖം നോക്കി, ആരും ഒന്നും പറയാതെ കുറച്ച് നേരം ഇരുന്നു, പിന്നെ ക്ലാസ്സിലെ പഠിപ്പിസ്റ്റായ ശുഐബാണ് അതിനുത്തരം കൊടുത്തത്. “ഓ... പിന്നേ... ഇതതൊന്നുമല്ല” എന്ന ഭാവത്തിൽ ഞങ്ങളെല്ലാവരും ഇരിക്കുമ്പോൾ മാഷ് പറഞ്ഞു.... “അതേ..., ഇംഗ്ലീഷെന്നാ ഇത് വായിക്കുക”,  ഞങ്ങളെല്ലാവരും പ്ലിങ്ങസ്യയായി, ശുഐബ് അഭിമാനത്തോടെ ഇരുന്നു. പിന്നെ ശ്രീദേവി ടീച്ചർ... ‘സ്കൂൾ’ എന്നതിന് ‘ഇസ്കൂൾ’ എന്നെഴുതിയതിന് ശ്രീദേവി ടീച്ചറുടെ കയ്യിൽ നിന്നും അടി വാങ്ങിയ  മഹാനായ ഞാൻ.... കോഴിക്ക് നാല് കാല് വരച്ച് കൊടുത്ത കൂട്ടുകാരൻ (ഇവറ്റകളൊക്കെ എങ്ങിനേണാവോ രണ്ട് കാലിൽ ബാലൻസ് ചെയ്ത് നിൽക്കുന്നത്, എന്ത് കഷ്ടപ്പാടാ... എന്ന തോന്നലിൽ നിന്നാവും),



           ചൊള്ള (ചിക്കൻ പോക്സ്) വരണേന്ന് പ്രാർത്ഥിച്ച ദിനങ്ങൾ,  ഇന്ന് സ്കൂളിൽ പോകാതിരിക്കാൻ എന്ത് കാരണം പറയും എന്നാലോചിച്ച് കിടക്കപ്പായയിൽ കിടന്ന പുലർവേളകൾ, 11 മണി കഴിഞ്ഞാൽ മാറുന്ന വയറ് വേദനകൾ, മിക്കപ്പോഴും വയറ് വേദനയാണെന്നാണ് പറയുക, അതാകുമ്പോ “ആ... ഈ.... എനിക്ക് വയ്യാ”ന്ന് പറഞ്ഞ് കിടന്നാൽ മതിയല്ലോ, നാരങ്ങ കട്ടൻ ചായയിൽ കലക്കിയത് കുടിക്കണമെന്ന് മാത്രം, പനിയാണെന്ന് പറഞ്ഞാൽ തൊട്ട് നോക്കും. അത് മിക്കപ്പോഴും ഏൽക്കില്ല.

******************

                      അന്നൊരു നാൾ 1 മുതൽ 100 വരെ എണ്ണാൻ ടീച്ചർ പറഞ്ഞപ്പോൾ ക്ലാസ്സിലെ ഒരു കൂട്ട്കാരൻ 19 വരെ കുഴപ്പമില്ലാതെ എണ്ണി, ശേഷം പറഞ്ഞു, “പത്തൊമ്പീ പത്ത്”


ടീച്ചർ പറഞ്ഞു: “പത്തൊമ്പീ പത്തല്ലെടാ, ഇരുപത്”


പിന്നെ അവൻ അതിൽ പിടിച്ച് 29 വരെ പോകും...,  പിന്നെ പറയും “ഇരുപത്തൊമ്പീ പത്ത്”

*******************


          


              ‘വടി’ നീക്കിയാൽ എഴുതിയതെല്ലാം മാഞ്ഞ് പോകുന്ന സ്ലേറ്റ് അത്ഭുതമായി കടന്ന് വന്നത് കുറച്ച് കഴിഞ്ഞാണ്, ക്ലാസ്സിലെ ഒരു കൂട്ട്കാരൻ അതുമായി വന്നപ്പോൾ ഞങ്ങളെല്ലാവരും അവന്റെ ചുറ്റിലും കൂടി, ഓരോരുത്തരായി എഴുതിയും മായ്ച്ചും നോക്കി, അവനിത്തിരി ഗമയോടെ ഞങ്ങളെ നോക്കി നിന്നു. ആ സ്ലേറ്റ് കാരണം ഞങ്ങൾക്കെല്ലാം അവനോടുണ്ടായിരുന്ന ഇച്ചിരി അസൂയയിൽ നിന്നും ഉടലെടുത്ത ‘പ്രതികാരം’ പിറ്റേന്ന് എല്ലാവർക്കും വേണ്ടി മറ്റൊരു കൂട്ട്കാരൻ തീർത്തു. അന്ന് അവൻ ചെയ്ത് കൊണ്ട് വന്ന ‘ഹോം വർക്ക്’ സ്ലേറ്റിലെ വടി നീക്കി മായ്ച്ച് കളഞ്ഞു.... 



*************


            വീട്ടിൽ നിന്നും 5 മിനിട്ട് തികച്ച് വേണ്ട സ്കൂളിലെത്താൻ എന്നാലും ഉച്ച ഭക്ഷണം വീട്ടിൽ നിന്നും കൊണ്ട് പോകണമെന്ന് നിർബന്ധം പിടിക്കും. പലപ്പോഴും തരില്ല, “ഈ ഇമ്മര്ത്തെ ഇസ്ക്കൂൾക്ക് ഇജിഞ്ഞ് ചോറൊണ്ടോവായ്റ്റാ” എന്നും പറഞ്ഞ് ഉമ്മ ഓടിക്കും. ചില ദിവസങ്ങളിൽ തന്ന് വിടുകയും ചെയ്യും. പക്ഷേ രസകരമായ സംഗതി ചോറ് കൊണ്ട് വരുന്ന ദിവസവും ഞാൻ ഉച്ചക്ക് വീട്ടിൽ പോകും., അതിന് കാരണം സ്കൂളിലെ ജലസേചന വകുപ്പ് അന്നിത്ര പുരോഗതി പ്രാപിച്ചിട്ടില്ലാത്തതിനാൽ അതൊരു ബക്കറ്റിലും കയറിലും ഒതുങ്ങിയിരുന്നു ബക്കറ്റിന്റെ ഗതി ഇനിയൊരു ബക്കറ്റിനും വരരുതേ എന്ന് ഇപ്പോഴും പ്രാർത്ഥിക്കാറുണ്ട്. കിണറിൽ നിന്നും അത് മുകളിലെത്തുമ്പോഴേക്ക് അതിലേക്ക് നീളുന്ന അനേകം കൈകൾ. ഏതാനും സെക്കന്റുകൾ കൊണ്ട് അതിലെ വെള്ളം സാമ്പാറാകും.  അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കൈ കഴുകുവാൻ വീട്ടിൽ പോകും!!!


*************


                 സ്കൂളിന് അന്ന് ചാണകം മെഴുകിയ നിലമായിരുന്നു, (ഇന്നിപ്പോൾ ഗ്രൌണ്ടിലും ഇന്റർലോക്ക് ടൈലായി) പണിക്ക് വന്നയാൾക്ക് നേരമില്ലാത്തത് കൊണ്ടാണോ മിക്സിങ്ങിലെ പോരായ്മായാണോ എന്നറിയില്ല എന്റെ ക്ലാസ്സിന്റെ ഒരു ഭാഗത്ത്  ചാണകം അൽപം കനത്തിൽ കിടന്നിരുന്നു... ഒരു നെയ്യപ്പ വട്ടത്തിൽ, അന്ന് എന്റെ ക്ലാസ്സിലെ കൂട്ടുകാരൻ ശുഐബ് (മുകളിൽ പറഞ്ഞ ‘ഇംഗ്ലീഷേരൻ’, ഇപ്പോൾ കണ്ടിട്ട് വർഷങ്ങളായി) അതിൽ ഒരു പെനാൾട്ടി കിക്ക് പരീക്ഷിച്ചു... പൂത്തിരി കത്തിയത് പോലെ ആ ചാണകക്കട്ട ചിന്നിച്ചിതറി. അതോടൊപ്പം അവിടെ വട്ടത്തിൽ അടിയിലെ മണ്ണ് തെളിഞ്ഞ് വന്നു. ഇത് ഞാൻ അടുത്ത പിരീഡിൽ ക്ലാസ്സിലേക്ക് വന്ന ടീച്ചർക്ക് പറഞ്ഞ് കൊടുത്ത് വലിയ തരക്കേടില്ലാത്ത ഒരു തല്ല് അവന് വാങ്ങിക്കൊടുത്തു. അതിനവൻ ‘പ്രത്യുപകാരം’ ചെയ്തത് പിറ്റേന്ന് തൊട്ടടുത്ത അറബി മാഷിന്റെ വീട്ട് മുറ്റത്തേക്ക് കല്ലെറിഞ്ഞത് അന്നത്തെ ഹെഡ് ടീച്ചറായിരുന്ന ഗോപാലൻ മാഷിനോട് പറഞ്ഞ് കൊടുത്ത് കൊണ്ടായിരുന്നു. പക്ഷേ അതിനെനിക്ക് കിട്ടിയ തല്ലിന് തലേന്ന് അവന് കിട്ടിയതിനേക്കാൾ കനമുണ്ടായിരുന്നു, ചെറുത് കൊട്ത്ത് വലുത് വാ‍ങ്ങി.



 *************


                      അന്നുണ്ടായിരുന്ന മറ്റൊരു കളിയായിരുന്നു ഗോലി കളി (മ്മടെ കോട്ടി), ഉച്ചക്കായിരുന്നു  അതിന്റെ നേരം, ഞങ്ങൾ കോട്ടി കളിക്കുന്നതും നോക്കി കറക്റ്റ് സമയത്ത് വന്നിരുന്ന ഒരു കിരീക്കാടൻ ജോസുണ്ടായിരുന്നു, അവനൊരു സൈക്കിളും സ്വന്തമായുണ്ടായിരുന്നു. അന്ന് ഒരു വണ്ടി’ (വലിയ സൈക്കിൾ) ചവിട്ടുന്നവനെ വലിയ ബഹുമാനത്തിൽ നോക്കിയിരുന്ന കാലം. പക്ഷേ അവനോട് ഞങ്ങൾക്കെല്ലാം ദേഷ്യമായിരുന്നു. കാരണം അവൻ ഞങ്ങളുടെ കോട്ടി വാരി ഓടും അഥവാ മണ്ടും അത് കൊണ്ട് തന്നെ വളരെ സൂക്ഷിച്ചായിരുന്നു ഞങ്ങളുടെ കളി, അവൻ വരുന്നുണ്ടെന്ന് കണ്ടാൽ കളിയും നിർത്തി ക്ലാസ്സിലേക്ക് ഒരോട്ടമാണ്. എന്നാലും പലപ്പോഴും അവന്റെവാരലിൽനിന്ന് ഞങ്ങളുടെ കോട്ടി രക്ഷപ്പെടുമായിരുന്നില്ല. മായാവിയായിരുന്നു അവൻ, എപ്പോഴാണവൻ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് പറയാൻ പറ്റില്ല. അവൻ കോട്ടിയും എടുത്ത് ഓടുമ്പോൾ ഞങ്ങളുടെ ഒരു പതിവ് ഡയലോഗുണ്ട്, ടീച്ചറോട് പറഞ്ഞ് കൊടുക്കുംഎന്ന്, അത് കേൾക്കുമ്പോൾ അവനൊരു പുഛ ഭാവം മുഖത്ത് വിരിയും. അമ്മിപ്പുരയിൽ ആയിരുന്നു അവന് ജോലി, മനോജെന്നോ മറ്റോ ആയിരുന്നു അവന്റെ പേര്. ഇന്നതൊക്കെ സുഖമുള്ള ഓർമ്മകൾ മാത്രം.


*************



                     മഴക്കാലമാണ് ഏറ്റവും മനോഹരം....  കാർമേഘം മൂടിക്കഴിയുമ്പോൾ ഇരുട്ട് നിറയുന്ന ക്ലാസ്സ് മുറികൾ,  മഴയത്ത് സാക്ഷരത യജ്ഞത്തിന്റെ ഭാഗമാകാൻ ക്ലാസ്സ് റൂമിലേക്ക് വന്നിരുന്ന തവളകൾ... അത് കണ്ട് ബഹളം വെച്ചിരുന്ന പെൺകുട്ടികൾ, അവർക്ക് മുൻപിൽ ആന വന്നാലും ഞങ്ങൾക്ക് പുല്ലാണെന്ന ഭാവത്തിൽ ഞങ്ങൾ ആൺ പിള്ളേർ...., പിന്നെ ‘ദുബായി’ക്കാരുടെ മുറ്റത്തെ ചീനിമരത്തിന്റെ ചുവട്ടിലേക്കുള്ള ഇന്റർവെൽ സമയത്തെ ഓട്ടം.., തേനിലാവ് മിഠായി, പുളി അച്ചാർ, 5 പൈസക്ക് അഞ്ചെണ്ണം കിട്ടിയിരുന്ന ഗ്യാസ് മിഠായി.... പലപ്പോഴും ആ രുചിയൊക്കെ നാവിലേക്ക് വന്ന് ചേരാറുണ്ട്.



*************


                ഒരാൾ കൈ മടക്കി അരയിൽ കുത്തി ഓട്ടോ ആയും മറ്റൊരാൾ ഡ്രൈവറായും അറബി മാഷിന്റെ വീടിനും സ്കൂളിനിടയിലുമുള്ള ഇടവഴിയിലൂടെ ഓടിയ ‘ഓട്ടോകൾ’, വെറും കൊള്ളിക്കഷ്ണം കയ്യിൽ പിടിച്ച് മനസ്സിൽ ബസ്സിനെ സങ്കൽപിച്ച് ബ്ർർർ....  ശബ്ദത്തിൽ കുതിച്ച് പാഞ്ഞ ‘ബസ്സുകൾ’, മയിലാടും കുന്നിലെ കൂട്ടുകാരൻ ശറഫുവിന് അന്ന് സ്വന്തമായി വർക്ക് ഷോപ്പും ഉണ്ടായിരുന്നു സ്കൂളിൽ. അത് പ്രവർത്തിച്ചിരുന്നത് നേരത്തെ പറഞ്ഞ ഇടവഴിയിൽ, ഉച്ച സമയത്തെ ഇടവേളയിൽ മാത്രമാണ് അത് തുറക്കുക, ഒരു പട്ടികക്കഷ്ണവും രണ്ടാണിയുമായിരുന്നു ടൂൾസ്. അന്നൊരു ദിവസം ആരുടേയോ ‘ഓട്ടോ’ റിപ്പയറിങ്ങിനായി അവനെ കാണിക്കാൻ കൊണ്ട് വന്നു, സാധാരണ അവൻ ശരിയാക്കിക്കൊടുക്കുന്ന ഒരു രീതിയുണ്ട്, ചുരുട്ടിപ്പിടിച്ച കയ്യിൽ ആണി പിടിച്ച് അവന്റെ കൈ നമ്മുടെ കാലിൽ വെച്ച് പട്ടിക കൊണ്ട് പതുക്കെ ഒരു മേട്ടം (അടി), ആണിയൊന്നും നമ്മുടെ കാലിൽ കൊള്ളില്ല, അതോടെ വണ്ടി ശരിയായതായി പ്രഖ്യാപിച്ച് വന്ന ‘ഓട്ടോക്കാരും’  ‘ബസ്സ്’കാരും മടങ്ങണം, അന്ന് പക്ഷേ ചുരുട്ടിപ്പിടിച്ചിരുന്ന അവന്റെ കയ്യിൽ നിന്നും ആണി സ്ലിപ്പായി, മാത്രമല്ല ചോറ് കഴിച്ച് വന്നത് കൊണ്ട് അടിക്കിത്തിരി ശക്തി കൂടി.., ‘ഓട്ടോ’യുടെ ‘എഞ്ചിന്’ തുള വീണ് ‘ഓയിൽ’ ലീക്ക് ആയി, രക്തം കണ്ടതോടെ ഞങ്ങളെല്ലാം ചിതറിയോടി, ഓട്ടം കണ്ട് സ്കൂൾ മുറ്റത്ത് നിന്നിരുന്ന ഗോപാലൻ മാഷ് കാര്യമന്വാഷിച്ചു, സംഗതി പിടുത്തം കിട്ടിയ മാഷ് ആദ്യം ‘എഞ്ചിനിൽ’ തുള വീണ ‘ഓട്ടോ‘യെ എടുത്ത് സ്റ്റാഫ് റൂമിൽ കൊണ്ട് പോയി കിടത്തി, ശേഷം ‘ഗുളികപ്പൊടി’ ഇട്ട് ‘ഓട്ട’യടച്ചു. ഭാഗ്യത്തിന് കാര്യമായി ഒന്നും പറ്റിയിരുന്നില്ല, അത് കൊണ്ട് ഹോസ്പിറ്റലിലൊന്നും കൊണ്ട് പോകേണ്ടി വന്നില്ല, പക്ഷേ ശറഫുവിന്റെ കയ്യിൽ അന്ന് രണ്ട് ‘ഹമ്പ്’ പ്രത്യക്ഷപ്പെട്ടു... ചൂരൽപാട്...



*************


                 

           ഇപ്പോൾ നമ്മുടെ സ്കൂൾഗ്രൂപ്പിൽ ജയേട്ടൻ പൂർവ്വ വിദ്യാർത്ഥികളുള്ള ഈ വാട്സ് ആപ്പ് കൂട്ടായ്മയുടെ ഒരു കമ്മിറ്റി വിളിച്ച് ചേർക്കുന്നതിനെക്കുറിച്ച് പറഞ്ഞത് കേട്ടു. നല്ല കാര്യം, അന്നത്തെ ബെഞ്ചും ഡസ്ക്കും കുറച്ച് ടീച്ചേഴ്സുമെല്ലാം ക്ലാസ്സ് മുറികളിൽ നിന്ന് പോയിട്ടുണ്ടെങ്കിലും നമ്മളിപ്പോഴും മനസ്സ് കൊണ്ട് ക്ലാസ്സ്മുറികളിൽ തന്നെയാണ്, നാട്ടിൽ വരുമ്പോൾ എങ്ങോട്ട് പോകുന്നതും സ്കൂളിന് മുൻപിലൂടെയാണല്ലോ, അത് കൊണ്ട് തന്നെ  സ്കൂൾ എന്നും കാണാത്തിടത്തായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോയിട്ടുണ്ട്, മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടികളോട് അസൂയയും.

            പലരും വിദേശത്താണെങ്കിലും നാട്ടിലുള്ളവരെല്ലാം കൂടി  ഒരു ഒത്ത് ചേരൽ ആവശ്യമാണ്സ്കൂൾ മുറ്റത്ത്  പീ..പ്പീ എന്നും പറഞ്ഞ് ഇപ്പോൾ ഓടിക്കളിക്കാൻ പറ്റില്ലെങ്കിലും (ഇപ്പോൾ അങ്ങിനെ ചെയ്താൽ നമ്മളെ എവിടെയെങ്കിലും കൊണ്ട് വിടുംപഴയ ഓർമ്മകളൊക്കെ പങ്ക് വെച്ച്,  ‘ഒന്നാനാം കൊച്ച് തുമ്പീയൊക്കെ ഓർമ്മയിൽ നിന്ന് തട്ടിയെടുത്ത്പറ്റുമെങ്കിൽതവിട്ട് പശുവിൻ വെളുത്ത പാലൊക്കെ കുടിച്ച് സ്കൂളിന്റെ പുരോഗതിക്കായി ഓരോരുത്തരുടേയും മനസ്സിലുള്ളതെല്ലാം പങ്ക് വെച്ച്, അങ്ങിനെയങ്ങിനെ

          എന്തായാലും അങ്ങിനെ ഒരു ഒത്ത് ചേരൽ നടന്നാൽ അത് മറക്കാനാകാത്ത അനുഭവമായിരിക്കും..



*************


                   ഉറങ്ങുന്നു, എണീക്കുന്നു, പേസ്റ്റിനോടുള്ള ദേഷ്യം (പാവം, അതെന്ത് പിഴച്ചു) ബ്രഷിൽ അമർത്തി തീർത്ത് അതും പിടിച്ച് ബാത്ത് റൂമിലേക്കുള്ള ഊഴവും കാത്തിരിക്കുന്നു, (ഊഴം കാത്ത് ഇപ്പോൾ ഇരിക്കാറില്ല, കുറച്ച് കാലമായി ഓഫീസും വീടും എല്ലാം ഒന്നാ) മടി കാരണം ബക്കറ്റിൽ വെള്ളം നിറയുന്നതിനനുസരിച്ച് കപ്പിൽ വെള്ളമെടുത്ത് തറയിലൊഴിക്കുന്നു, കുറച്ച് നേരം കലാപരിപാടി നടത്തിയ ശേഷം ദേഹത്തേക്ക് വെള്ളം ഒഴിക്കുന്നു (പുറത്ത് റൂമിലായിരുന്നെങ്കിൽ അടുത്ത ആൾ ക്ഷമ നശിച്ച് ഡോറിൽ ചെണ്ട മേളം തുടങ്ങിയിട്ടുണ്ടാകും), കുളി കഴിയുന്നതോടെ ഡ്രസ്സ് എടുത്തിട്ട് ആരെങ്കിലും വരുന്നതിന് മുൻപ് ഡോർ തുറന്നിടാനായി പുറത്തേക്ക് ഒരോട്ടമാണ്, 8 മണിക്കുള്ള ഓഫീസ് മിക്കപ്പോഴും തുറക്കുന്നത് 8.30-ഉം കഴിഞ്ഞായിരിക്കും, പിന്നെ മടിയുടെ കാര്യത്തിൽ മാനേജറും മറ്റുള്ളവരും ഒട്ടും മോശമല്ലാത്തതിനാൽ മിക്കപ്പോഴും ഞാൻ എണീക്കുന്നതിന് മുൻപ് ആരും വരാറില്ല,   ശേഷം ജോലി, രാത്രി നടയടക്കുന്നത് വരെ ഏതൊക്കെയോ ഭാഷ സംസാരിച്ച് നടന്നും ഇരുന്നും, (രസകരമായ ഒരു സംഗതി രണ്ട് ഭാഷക്കാർ പരസ്പരം ആശയ വിനിമയത്തിനായി രണ്ട് പേരുടേതുമല്ലാത്ത മറ്റൊരു ഭാഷ ഉപയോഗിക്കുന്നു എന്നതാണ്) ഏതായാലും എല്ലാം കഴിഞ്ഞ് മേൽ പറഞ്ഞ സംഗതികളൊക്കെ ആവർത്തിക്കുന്നു, ഏർപ്പാട് തുടങ്ങിയിട്ട് കാലം കുറച്ചായി, ചില സമയങ്ങളിൽ വല്ലാത്ത മടുപ്പനുഭവപ്പെടും, അപ്പോഴൊക്കെ മനസ്സിന് ആശ്വാസം നൽകുന്നത് നാട്ടിലെ ഓർമ്മകൾ തന്നെയാണ്.

***********************


                ഒരോർമ്മ കൂടി പങ്കിട്ട് നിർത്താം... അന്നത്തെ മറ്റൊരു പ്രധാന വിനോദമായിരുന്നു ഡസ്റ്റർ കൊണ്ടുള്ള ഏറ് അഥവാ എറിയൽ. അന്നൊരു നാൾ ഡെസ്റ്റർ കൊണ്ടുള്ള ‘ഏറ് പന്ത്’ കളിക്കിടെ കൂട്ട്കാരൻ പ്രദീപിന്റെ തല ലക്ഷ്യമാക്കി എറിഞ്ഞത് ജാലകമെന്ന ബൌണ്ടറിയും കടന്ന് താഴെയുള്ള ക്ലാസ്സിൽ പതിച്ചത് കണ്ട് വന്ന തങ്ങൾ മാഷ് (ഹുസൈൻ ജിഫ്രി തങ്ങൾ) ഞങ്ങളെ ശിക്ഷിക്കാൻ വടി തിരഞ്ഞെങ്കിലും കണ്ടില്ല, എന്നോട് തന്നെ എന്നെ തല്ലാനുള്ള വടി എടുത്ത് കൊണ്ട് വരാൻ സ്റ്റാഫ് റൂമിലേക്ക് പറഞ്ഞയപ്പോൾ തിരിച്ച് ചെന്നാൽ ഇതെന്റെ ദേഹത്ത് പതിക്കുമല്ലോ എന്ന ഭയത്തിൽ സ്കൂളിന് ചുറ്റും പ്രദക്ഷിണം ചെയ്ത ശേഷമാണ്  ക്ലാസ്സിലെത്തിയത്. പക്ഷേ അപ്പോഴേക്കും മാഷിന്റെ ദേഷ്യമെല്ലാം മാറി പ്രദീപിനെ ഉപദേശിച്ച് കൊണ്ട് നിൽക്കുന്നു, ഞാൻ വന്നപ്പോൾ എന്നോടും “കളികൾക്കുള്ളതാണ് ഡ്രിൽ പിരീഡ്, ഡസ്റ്റർ വെച്ചൊന്നും കളിക്കരുതെ”ന്ന് പറഞ്ഞ് ബെഞ്ചിൽ പോയിരിക്കാൻ പറഞ്ഞു. രക്ഷപ്പെട്ട ആശ്വാസത്തിൽ ഞങ്ങൾ സീറ്റിലേക്ക് മടങ്ങി.



                   പ്രദീപ് ഇന്നില്ല, ഒരു ദിവസം നാട്ടിലേക്ക് വിളിച്ചപ്പോൾ അവൻ പോയെന്നാരോ പറഞ്ഞു. കാൽപത്തിയിലെ വിരലുകൾ അൽപം കനത്തിൽ അമർത്തി മടമ്പ് അൽപമധികം ഉയർത്തി പ്രത്യാഗതയുള്ള അവന്റെ നടത്തം അപ്പോൾ ഓർമ്മയിലേക്ക് കടന്ന് വന്നു. എവിടെയോ വേദന പൊടിയുന്നു... മനസ്സിലേക്ക് ഒരു ഡസ്റ്ററിനൊപ്പം വ്യക്തവും അവ്യക്തവുമായ ഓർമ്മകളുടെ സ്ക്രീൻ ഷോട്ടുകൾ....   



            ഒരിക്കലും മടങ്ങി വരില്ലെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ആഗ്രഹിക്കാൻ മാത്രം കുട്ടിക്കാലം ഇത്ര പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ടാണ്...?, അന്ന് കൂടെയുണ്ടായിരുന്നവരെ ഓർക്കുമ്പോൾ മനസ്സിനുള്ളിലേക്ക് മഴത്തുള്ളി വന്ന് വീഴുന്നത് എന്ത് കൊണ്ടാണ്...?,  മൊബൈലും വാട്സാപ്പും ഫേസ്ബുക്കും എന്തിന് ലാന്റ്ഫോൺ പോലുമില്ലാതിരുന്ന ‘സൗകര്യം കുറഞ്ഞ’ ആ കാലം ഇന്നും പ്രിയപ്പെട്ടതാകുന്നുണ്ടെങ്കിൽ അതെന്ത് കൊണ്ടാകും...?...



              എല്ലാം പോയ് മറഞ്ഞു, പക്ഷേ ഓർമ്മയുടെ അങ്ങേ അറ്റത്ത് അതെല്ലാമുണ്ട്..... ഒന്ന് കണ്ണടച്ചാൽ ഒന്നൊന്നായി മുന്നിൽ വരും.... ചിലപ്പോൾ പുഞ്ചിരിയോടെ.... ചിലപ്പോൾ വേദനയോടെയും....
          

*************


വാൽക്കഷ്ണം: (മറ്റൊരു സ്കൂൾ നൊസ്റ്റു)  എന്റെ കൂട്ടുകാരൻ ഹുസൈൻ വേളൂർ പറഞ്ഞ അവന്റെ ഒരനുഭവമാ സംഗതി:


         “ഭരണംഎന്നെഴുതേണ്ടിടത്ത് അവൻബരണംഎന്നെഴുതിയപ്പോൾ ടീച്ചർ അവനോട് പറഞ്ഞു, “ഹുസൈനേ ബലൂണിലെഅല്ല, “ഭരണിയിലെ ……


          “അതിനീ ബരണിയിലെഏതാ ടീച്ചറേ..? 

****************************
ശുഭം

**************************************


ഓർമ്മകൾക്കില്ല ചാവും ചിതകളും.....
ഊന്ന് കോലും ജരാനര ദു:ഖവും.... 


ശ്രീമതി വിജയ ലക്ഷ്മിയുടെ കവിത വീണ്ടുമൊരിക്കൽ കൂടി ഓർത്ത് പോകുന്നു...

2015 ഡിസംബർ 29, ചൊവ്വാഴ്ച

ഒരു ‘ചക്ക’ വാങ്ങാൻ പോയ കഥ


രണ്ട് ദിവസം മുൻപ് മ്മടെ അൽ ഭാര്യയുടെ ഏട്ടത്തീടെ പുയ്യാപ്ലയേം കൂട്ടി അൽ-ഐൻ സനാഇയ്യയിൽ ഒരു കഫ്ത്തീരിയ കൊടുക്കാനുണ്ടെന്നറിഞ്ഞ് നോക്കാൻ പോയി. ഞങ്ങൾ ചെല്ലുമ്പോൾ രണ്ട് പേർ ചൊറിയും കുത്തി ഇരിപ്പുണ്ട് കടയിൽ. അതിലൊരാൾ ഇരുന്ന് ചായയും പൊറോട്ടയും ഉരുട്ടി വിഴുങ്ങുന്നു (ചൊറിക്കിടയിൽ മിച്ചം വന്ന ഒരു കൈ കൊണ്ട്). മറ്റെയാൾ അദ്ദേഹത്തിന് വെള്ളം കൊട്ന്ന് കൊടുക്കുന്നു. ചെന്ന് പരിചയപ്പെട്ടപ്പോഴാണ് അറിയുന്നത് പൊറോട്ട വെട്ടി വിഴുങ്ങുന്ന ആൾ ചീഫ് കുക്കും വെള്ളം കൊടുത്ത ആൾ സപ്ലയറും ആണെന്ന് (സ്വാഭാവികമായും മറ്റെയാൾ സപ്ലയറാവണമല്ലോ). ചുരുക്കിപ്പറഞ്ഞാൽ അവർ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും ചെയ്യുന്ന കച്ചവടമാണ് കാര്യമായി നടക്കുന്നത്. ഒരു 200-300 ദിർഹമിന്റെ കച്ചവടം ഒരു ദിവസം നടക്കുമെന്ന് അവർ പറഞ്ഞു. അപ്പോൾ ശരിക്കുമൊരു 100 ദിർഹത്തിന്റെയെങ്കിലും നടക്കുന്നുണ്ടാകുമെന്ന് കരുതാം. ഏതായാലും  കടയൊക്കെ നോക്കി തിരിച്ച് വന്ന് അതിന്റെ മുതലാളിക്ക് ഫോൺ ചെയ്തു.

ഞാൻ: ഹലോ…….. ഇക്കയല്ലേ?


മൊയ്ലാളി:  അതേ. ആരാ?

ഞാൻ: ഞങ്ങൾ നിങ്ങളുടെ കഫ്ത്തീരിയ കണ്ടിരുന്നു.

മൊയ്ലാളി:  .. പറയൂ.

ഞാൻ: എത്രയാണ് നിങ്ങൾ ചോദിക്കുന്നത്

മൊയ്ലാളി:  അതിപ്പോ ഒരു. ഒരു ലക്ഷം.

(അല്പ നേരത്തേക്ക് ബോധം പോയത് കൊണ്ട് കുറച്ച് വെള്ളം കുടിച്ച് കൊണ്ടാണ് എന്റെ അടുത്ത ചോദ്യം, ചിലപ്പോൾ കറൻസി മാറിപ്പോയതാണെങ്കിലോ?)

ഞാൻ: അല്ല ഇക്കാ. ഈ ഒരു ലക്ഷം എന്ന് പറയുന്നത് രൂപയാണോ മ്മടെ ഇന്ത്യൻ റുപ്പീസ്?

മൊയ്ലാളി:  എന്താ നിങ്ങൾ പറയുന്നത് ഒരു ലക്ഷം ദിർഹം..

ഞാൻ: !!!!!!!!!!... ഇക്കയെന്താ പറയുന്നത് 200 ദിർഹം, (അതും നിങ്ങൾ പറയുന്നത്) കച്ചവടം നടക്കുന്ന ഒരു കോഴിക്കൂട് പോലുള്ള കഫ്ത്തീരിയക്ക് ഒരു ലക്ഷം ദിർഹമോ?

മൊയ്ലാളി:  അത് ഞങ്ങൾ മൂന്ന് പേരുണ്ട് പാർട്ണർമാരായി!!!

ഞാൻ: ഹാവൂ. നിങ്ങൾ പത്ത് പേരില്ലാഞ്ഞത് നന്നായി. അല്ലെങ്കിൽ പത്ത് ലക്ഷം ചോദിച്ചേനേ.

(അപ്പുറത്ത് നിശ്ശബ്ദത)

ഞാൻ തുടർന്നു……

അപ്പോൾ നമ്മൾക്ക് നടക്കൂല ഭായ്, ഒരൻപതിനായിരമെങ്കിലും കിട്ടാൻ വേണ്ടി ഒരു ലക്ഷം ചോദിച്ചതാണെന്നറിയാം എന്നാലും അതൊരു പഴകിത്തേഞ്ഞ നമ്പറല്ലേ ഭായ്  അതൊരു അൻപതിനായിരത്തിനെങ്കിലും ആരെങ്കിലും വാങ്ങിയാൽ ഞങ്ങളെയൊന്ന് അറിയിക്കണേ ഈ വർഷത്തെ ഏറ്റവും നല്ല പൊട്ടനെക്കാണാനാന്നും പറഞ്ഞ് ഫോൺ വെച്ചു

വാൽക്കഷ്ണംഈ സംഭാഷണം കഴിഞ്ഞപ്പോൾആറാം തമ്പുരാനിലെ സീനാ ഓർമ്മയിൽ വന്നത്. (എത്രയാ പ്രതീക്ഷിക്കണേ?....., ഒരു ആയിരം..? .. ഈ പാട്ടക്ക് ആയിരമോ?, അത്. എനിക്കൊരു ആയിരം രൂപേടെ ആവശ്യണ്ടാർന്നു. വിൽക്കാനുള്ളത് ഒരു ചക്ക, അതിന് വേണ്ടത് പതിനായിരവും.)

2012 ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

പേരിന്റെ പേരിൽ ഒരു പൊല്ലാപ്പ്...

         ലോകത്ത് തന്നെ അപൂർവ്വം പേരുകളിൽ ഒന്നാണ് ബിഷർ എന്ന എന്റെ പേര്.  ആരെങ്കിലും പേര് ചോദിച്ച് ഞാൻ ബിഷർ എന്ന് മൊഴിഞ്ഞാൽ ഞാൻ എന്തോ വേണ്ടാത്തത് പറഞ്ഞ പോലെ മുഖം ചുളിച്ച് തിരിച്ച് ചോദിക്കുംഎന്ത്”? രണ്ടാമതൊന്ന് കൂടി പറഞ്ഞാലേ കേട്ടവർക്ക് മനസ്സിലാകൂ, ചിലപ്പോൾ സ്പെല്ലിങ്ങ് വരെ പറയേണ്ടി വന്നിട്ടുണ്ട്.


           പേരിന്റെ പേരിൽ ഞാൻ കേട്ട ഒരു വഴക്കിന്റെ കഥയാണ് ഇവിടെ പറയുന്നത്. നാട്ടിൽ സച്ചിൻ ടെൻഡുൽക്കറുടെ പിൻഗാമിയാകാൻ വേണ്ടി രാവിലെ മുതൽ വൈകുന്നേരം വരെ ( വൈകുന്നേരം എന്ന് പറഞ്ഞാൽ ഇരുട്ടായി ബോൾ വരുന്നത് കാണാതെ നെഞ്ചത്ത് കൊള്ളണം, അപ്പോഴേ കളി നിർത്തൂ) കഠിനാധ്വാനം ചെയ്യുന്ന കാലമാണ്. അന്ന് ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാൻ തെണ്ടിത്തിരിഞ്ഞ് നടന്നിരുന്ന ഞങ്ങളുടെ ആരുടേയും കയ്യിൽ കാശുണ്ടായിരുന്നില്ല. ഒരു ബാറ്റ് വാങ്ങാൻ ഒരു വർഷം പിരിവെടുക്കേണ്ട അവസ്ഥ. അത്തരം പിരിവുകളിൽ എന്റെ സംഭാവനയായി ഞാൻ നൽകിയിരുന്ന പണത്തിന്റെ ഉറവിടം ഉമ്മയുടെ കോന്തലയും (ഉമ്മ ഉടുത്തിരുന്ന പുള്ളി മുണ്ടിന്റെ അറ്റത്ത് കെട്ടി വെക്കുന്ന കാശ്) ഉപ്പായുടെ പോക്കറ്റുമായിരുന്നു. അതായിരുന്നു നമ്മുടെ സാമ്പത്തിക സ്രോതസ്സ്. ഇത് തന്നെയായിരുന്നു നമ്മുടെ കൂട്ട്കാരുടേയും അവസ്ഥ. അത് കൊണ്ട് തന്നെ ബാറ്റ് വാങ്ങിയാൽ ബോൾ വാങ്ങാൻ കാശ് തികയില്ല.


           സങ്കീർണമായ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താൻ ചേർന്ന അവയ്‌ലബിൾ പി.ബിയിൽ (പാടത്തിന്റെ ഓരത്തുള്ള ടീച്ചറുടെ പറമ്പിലെ പഴുത്ത് നിൽക്കുന്ന മാങ്ങ മോഷ്ടിക്കാൻ പോയവനേയും അമ്മായി ആശുപത്രിയിലായത് കാരണം കഞ്ഞി കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ടവനേയും കിട്ടാത്തത് കൊണ്ട് കിട്ടിയ ഘടികളെ വെച്ച് ചേർന്ന ഒരടിയന്തിര പി.ബിഎടുത്ത തീരുമാനമാണ് ഒരു ടൂർണ്ണമെന്റ് സംഘടിപ്പിക്കുക എന്നത്. പക്ഷേ അപ്പോഴുമുണ്ട് ഒരു പ്രശ്നം. ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തിയാൽ നമ്മുടെ നാട്ടിൽ കാശ് നമ്മൾ പ്രതീക്ഷിച്ച പോലെ കിട്ടില്ല. എന്നാൽ ഫുട്ബോൾ ഉരുണ്ടാൽ ആളുകളെ എത്ര വേണമെങ്കിലും കിട്ടും. ടിക്കറ്റ് വെച്ച് കളി നടത്താം. ടിക്കറ്റൊന്നിന് 3 രൂപ (ആണെന്നാണോർമ്മ) വെച്ച് വാങ്ങിയാലും അത്യാവശ്യം കാശുണ്ടാക്കാം. പോരാത്തതിന് ഗ്രൌണ്ട് ഫീ ആയി ഓരോ ടീമിൽ നിന്ന് 250 വേറെയും. മനക്കണക്ക് കൂട്ടിയപ്പോൾ കിട്ടിയ സംഖ്യ ഓർത്ത്  “സന്തോഷം കൊണ്ട് എനിക്ക് മാത്രമല്ല ഞങ്ങൾക്കാർക്കും ഇരിക്കാൻ വയ്യെന്നായി

             ഏതായാലും ഫുട്ബോൾ ടൂർണ്ണമെന്റ് നടത്താൻ തീരുമാനമായി. ക്രിക്കറ്റ് സാമഗ്രികൾ വാങ്ങാൻ ഒരു ഫുട്ബോൾ ടൂർണ്ണമെന്റ്


            ഇനിയും പണി ബാക്കിയാണ്. ഗ്രൌണ്ട് ശരിയാക്കണം, ടീമുകളെ സംഘടിപ്പിക്കണം. അങ്ങിനെയങ്ങിനെ.. ഏതായാലും ടീമുകളെ സംഘടിപ്പിക്കാനായി ഞങ്ങൾ ഇറങ്ങിത്തിരിച്ചു. അന്നത്തെ ക്ലബ്ബിന്റെ പ്രസിഡണ്ട് മണ്ണത്ത് ജാഫറും സെക്രട്ടറി :കുഞ്ഞാവയും ട്രഷറർ മഹാനായഈയുള്ളവനുമായിരുന്നു


              അങ്ങിനെ ഞങ്ങൾ അടുത്തുള്ള ടീമുകളെ ഒക്കെ ചെന്ന് കണ്ടു, ചിലർ വരാമെന്ന് സമ്മതിച്ച് അഡ്വാൻസും തന്നു. കാശ് കൊണ്ട് നമ്മുടെ റഷീദിക്കയെ (ജാഫറിന്റെ സഹോദരൻ, ഇപ്പോൾ അൽ-ഐനിൽ ജോലി ചെയ്യുന്നു) ഞങ്ങൾ ചെന്ന് കണ്ടു. മൂപ്പർ അന്ന് ഓട്ടോയിലാണ്. മൂപ്പരുടെ ഓട്ടോ വിളിച്ച് വേണം ദൂരെയുള്ള ടീമുകളെ പിടിക്കാൻപോകുവാൻ.  മൂപ്പരോട് ഓട്ടോക്കൂലിക്കായി തർക്കം തുടങ്ങി, ഓട്ടോ ചാർജിന് പുറമേ ഒരു നാരങ്ങാ സോഡയും സന്മനസ്കരായ ഞങ്ങൾ വാഗ്ദാനം ചെയ്തു. അവസാനം ഞങ്ങൾ ഒഴിഞ്ഞ് പോകില്ലെന്ന് തോന്നിയപ്പോൾ ചെറിയ തുകക്ക് മൂപ്പർ സമ്മതിച്ചു.  


             ഞങ്ങൾ യാത്ര ആരംഭിച്ചു, അങ്ങിനെ ദൂരെയുള്ള മഹാ ക്ലബ്ബുകളേയും ചെന്ന് കണ്ടു, ചിലർ വരാമെന്ന് സമ്മതിച്ചു. മറ്റ് ചിലർ ബാഴ്‌സിലോണ താരങ്ങളേക്കാൾ വലിയവരാണെന്ന ഭാവത്തിൽഞങ്ങൾക്ക് മാസം 65 കളികളാണ്, നോക്കട്ടെ, അറിയിക്കാംഎന്നൊക്കെ തട്ടി വിട്ടു. അന്ന് മൊബൈൽ വിപ്ലവം വരാത്ത കാലമായത് കൊണ്ട് (വർഷം 1997) അങ്ങിനത്തെ ക്ലബ്ബുകൾക്ക് അവർ വരാൻ തയ്യാറാണെങ്കിലും അല്ലെങ്കിലും വിളിച്ചറിയിക്കാൻ നൽകിയത്  എന്റെ വീട്ടിലെ ലാന്റ് നമ്പർ ആയിരുന്നു, എന്റെ പേരും എഴുതിക്കൊടുത്തു. അങ്ങിനെയങ്ങിനെ ഞങ്ങളുടെ ടൂർണ്ണമെന്റ് പരിപാടി മുന്നോട്ട് പോകുന്നതിനിടയിലാണ് ധാരുണ സംഭവം അരങ്ങേറിയത്.


               ഞാൻ വീട്ടിലില്ലാത്ത സമയത്ത് (അത് പ്രത്യാഗിച്ച് പറയേണ്ട കാര്യമല്ല) ഞാൻ നമ്പർ കൊടുത്ത ഏതോ ഒരു ക്ലബ്ബിന്റെ വിദ്വാൻ വീട്ടിലേക്ക് ഫോൺ ചെയ്തു.  ഉമ്മയാണ് ഫോൺ എടുത്തത്. ഞാൻ കൊടുത്ത പേര് (ബിഷർ) ഞങ്ങളുടെ ക്ലബ്ബിന്റെ പേരും കൊടുത്ത നമ്പർ ക്ലബ്ബിലെ നമ്പറുമായിരിക്കും എന്ന് കരുതിയ വിദ്വാൻ ഉമ്മയോട് ചോദിച്ചു (ഉമ്മ ക്ലബ്ബിന്റെ സെക്രട്ടറിയാണെന്ന് കരുതിക്കാണും!!! പാറക്കൽ കുഞ്ഞാവാക്കാന്റെ ഒഴിഞ്ഞ് കിടന്നിരുന്ന പഴയ വീടിന്റെ സിറ്റൌട്ട് ആയിരുന്നു അന്ന് ക്ലബ്ബ്, അപ്പോഴാ ഫോണും സെക്രട്ടറീം

             ഏതായാലും വിളിച്ച വിദ്വാൻ ഉമ്മയോട് ചോദിച്ചു:  “ഹലോ, ബിഷർ ക്ലബ്ബല്ലേ.”?

       എന്നെ പെറ്റിട്ടു എന്ന ഒരു തെറ്റ് കൊണ്ട് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള ഉമ്മ അത് കൊണ്ട് തന്നെ അത് കേട്ട് ഞെട്ടാനൊന്നും പോയില്ല, പകരം വിളിച്ചവനോട് പറഞ്ഞു ഇത് ക്ലബ്ബും ക്ലിബ്ബുമൊന്നുമല്ല ഇതൊരു പെരേണ് (വീടാണെന്ന്)..



            അവനാണോ കട്ട് ചെയ്തത് അതോ ഉമ്മയാണോ എന്നറിയില്ല. ഏതായാലും വൈകുന്നേരം വരെയുള്ള കഠിനാധ്വാനവുംകഴിഞ്ഞ് വീട്ടിലെത്തിയ ഞാൻഉമ്മാ . ചായ”  എന്ന് വിളിച്ച് പറഞ്ഞ് അടുക്കളക്കോലായിൽ ചായയും കാത്ത് ഇരുന്നു. പക്ഷേ ചായക്ക് പകരം വന്നത് ഉമ്മയുടെ ചീത്തയായിരുന്നു.  


                “നിനക്ക് തെണ്ടിത്തിരിഞ്ഞ് നടന്നാൽ മാത്രം പോരാല്ലേ., ഇപ്പോൾ പെരേം കൂടി ക്ലബ്ബാക്കണം അല്ലേടാ


          കാര്യമറിയാത്ത ഞാൻ ഉമ്മയോട് എന്താണ് കാര്യം എന്നാരാഞ്ഞു, ഉമ്മ ഉണ്ടായ സംഭവം വിവരിച്ചപ്പോൾ ഞാൻ പറഞ്ഞുഎനിക്കീ പേരിട്ടത് നിങ്ങളല്ലേ? നിങ്ങൾ എന്നെ പെറ്റിട്ട ഉടൻ ഞാൻ വലിയ വായിൽ നിലവിളിച്ച് കൊണ്ട് പറഞ്ഞോ എന്റെ പേര് ബിഷർ എന്നാക്കിയില്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യത്തിന് നിങ്ങളുടെ പാർട്ടിയിൽ യാതൊരു വിലയും കൽ പിക്കുന്നില്ല എന്നാരോപണം ഉന്നയിച്ച് കൊണ്ട് ഞാൻ നിങ്ങളുടെ പാർട്ടിയിൽ നിന്ന് പോകും എന്ന്. ഇല്ലല്ലോ?, ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലായില്ലെങ്കിലും ഉമ്മ അതോടെ ശാന്തയായി

                      എന്റെ പേര് പറയുമ്പോൾ കേട്ടവൻ വീണ്ടും അതാവർത്തിക്കാൻ പറയരുതെന്ന എന്റെ ആഗ്രഹം ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.


വാൽ: അന്ന് ടൂർണ്ണമെന്റ് വെച്ചപ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചതിലും വലിയ വിജയമായെങ്കിലും ഫൈനലായപ്പോഴേക്കും ആകെ ഗുലുമാലായി, അന്ന് ചിന്നന്മാരായ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നു, ഒടുവിൽ റഷീദിക്ക, ബക്കറിക്ക, മൊയ്തുക്ക, സയ്ദുക്ക, കുഞ്ഞാവാക്ക, തുടങ്ങിയവർ മുന്നിൽ നിന്നത് കൊണ്ടാണ് തല്ല് കൊള്ളാതെ ഞങ്ങൾ രക്ഷപ്പെട്ടത്