2024 ഫെബ്രുവരി 12, തിങ്കളാഴ്‌ച

ആലിപ്പഴവർഷം

         മഴയുടെ  അതിശക്തമായ  "ചറപറ"  സൗണ്ടാണ്  ഉണർത്തിയത്...  ഒരു നിമിഷം നാട്ടിലാണോന്ന് തോന്നിപ്പോയി. തപ്പിപ്പിടിച്ച് സ്വിച്ച് കണ്ടെത്തി അമർത്തിയപ്പോഴാണ് കരൻ്റും മൂടിപ്പുതച്ചുറങ്ങുകയാണെന്ന് മനസ്സിലായത്. കരൻ്റ് നഹീ, മൊബൈലിൻ്റെ വെളിച്ചത്തിൽ റൂമിന് പുറത്ത് കടന്ന്  ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഈ വലിയ ഒച്ചപ്പാടിന്റെ കാരണം പിടി കിട്ടിയത്, റോഡിൽ പഞ്ഞിക്കെട്ട് പോലെ ഒഴുകി നീങ്ങുന്ന ആലിപ്പഴം. മനോഹരമെന്ന് ബിൽഡിങ്ങിന് മുകളിൽ നിന്ന് നോക്കിപ്പറയാമെങ്കിലും വില്ലകളിൽ താമസിക്കുന്നവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആ നിമിഷം തന്നെ ഓർത്തു. 

                  ഭക്ഷണം കഴിക്കാൻ പോകുന്ന വില്ലയിലെ ഉസ്താദിന് വിളിച്ചു നോക്കിയപ്പോഴാണ് അവസ്ഥ മനസ്സിലാകുന്നത്, റൂമിൽ മുട്ടോളം വെള്ളം, കട്ടിലിന് മുകളിലിരുപ്പാണ് എല്ലാവരും. കുറച്ച് നേരം കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ തൊട്ടപ്പുറത്തെ ഓഫീസിൽ നിറയെ ലുങ്കിയുടുത്ത് മലയാളികളും തമിഴൻമാരും, റിസപ്ഷനിലെ സോഫയിൽ മൊബൈലും നോക്കിയിരിക്കുന്നു. റൂമിൽ വെള്ളം കയറിയപ്പോൾ അവിടത്തെ ഓഫീസ് ബോയിയുടെ കൂടെ വന്നതാണ്. ചില റൂമിലുള്ളവർക്ക് ഡോർ തുറക്കാൻ കഴിയാത്തത് കൊണ്ട് ഫയർ ഫോഴ്സിൽ നിന്ന് ആള് വന്നാണത്രേ പുറത്തിറക്കിയത്. ഏതായാലും ആർക്കും അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു...

വാൽ: ഇന്ന് ഞാൻ കുറച്ച് ലക്ഷ്വറിയാണ്..... മിനറൽ വാട്ടർ കൊണ്ടാണ് ചന്തി കഴുകിയത്.... ബാത്ത്റൂമിൽ വെള്ളം നഹീ...

2024 ഫെബ്രുവരി 11, ഞായറാഴ്‌ച

ലീഗേര്

 "ലീഗേര് ഇപ്പോ പണ്ടത്തെ പോലെയൊന്നുമല്ല, എ.പിക്കാരോടൊക്കെ നല്ല സഹകരണമാണ്" ചില നിഷ്കളങ്കരുടെ നിരീക്ഷണമാണ് മുകളിലെ വരികൾ, എന്നാലേ അത് ചാത്തു കള്ള് കുടി നിർത്തിയതല്ല, കള്ള് ഷാപ്പ് അടച്ചത് കൊണ്ട് കള്ള് കിട്ടാത്തതാണ്, 

   പിന്നെ ചാത്തു ഇപ്പോൾ ആരെയും ഉപദ്രവിക്കാറുമില്ല, അതേയ്... അടി കൊണ്ടവർ കളരി പഠിച്ചത് കൊണ്ടാണ്. തിരിച്ച് നല്ലോണം കിട്ടുമെന്നുറപ്പുണ്ട്. അതായത് രമണാ... അഞ്ചെട്ട് കൊല്ലമായി ഭരണമില്ലാതെ ആല് പോയ ചെയ്ത്താൻ്റെ പോലെ നടക്കുന്നവർ സഹകരിക്കുകയല്ലാതെ എന്തൊലത്താനാണ്...

2024 ഫെബ്രുവരി 7, ബുധനാഴ്‌ച

രഹസ്യം

 "നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്" 


കേട്ടവൻ മറ്റൊരുത്തനോട്: "അവനെന്നോട് മാത്രം പറഞ്ഞ കാര്യമാ, നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്" 


ഈ മറ്റൊരുത്തൻ മറ്റൊരുത്തവനോട്: അവനോടവൻ അത്രയും രഹസ്യമാക്കി വെക്കണമെന്ന് പറഞ്ഞ കാര്യമാ, എന്നെ അത്രയും വിശ്വാസമുള്ളത് കൊണ്ട് എന്നോട് പറഞ്ഞതാ, അത് കൊണ്ട് ഒരിക്കലും നീ ആരോടും പറയരുത്.


ഈ കേട്ടവൻ: ഡാ... പിന്നേയ് ഒരു സംഭവമുണ്ട്, ഒരിക്കലും പുറത്ത് പോകരുത്.....


പിന്നെ നാട്ട്കാരായി, കുടുംബക്കാരായി, വാട്സാപ്പ് ഗ്രൂപ്പായി, ഫേസ്ബുക്കായി, ഇൻസ്റ്റയായി....


വാൽ: ഇത് വായിച്ചവർ ആരോടും പറയരുത്, അപേക്ഷയാണ്...😎

2024 ജനുവരി 18, വ്യാഴാഴ്‌ച

കളറ് പോകുമോ എന്തോ...?

       ഇത് വരേക്കും ഒരു തീരുമാനത്തിലെത്താനായിട്ടില്ല. മൂടും കാലുമൊക്കെ ചൊറിയാൻ തുടങ്ങിയിരിക്കുന്നു... 


     ഇട്ടിരിക്കുന്ന പാന്റ് അലക്കണമെന്ന ചിന്ത തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി,  ഏതായാലും അധികം വൈകാതെ ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു....

2024 ജനുവരി 7, ഞായറാഴ്‌ച

CV

 

    ഞാനുണ്ടാക്കിക്കൊടുത്ത CV-യുമായി കുറേ പ്രേതാത്മാക്കൾ യു.എ.ഇയിലെമ്പാടും അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്, ഒരാത്മാവ് ഇന്നലെ നാട്ടിലേക്ക് തിരിച്ച് പോയി. ഞാനുണ്ടാക്കിക്കൊടുത്ത CV കൊണ്ട് ഇന്ന് വരെ ഒരുത്തനും ജോലി കിട്ടിയിട്ടില്ലെന്ന റെക്കോർഡ് ആര് തകർക്കുമെന്ന് നോക്കിയിരുപ്പാണ്.  ഏതായാലും ഒരു ഐക്കല്ല് അടിയന്തിരമായി ഉണ്ടാക്കി കെട്ടണം.

സ്വപ്‌നങ്ങളുടെ അടുത്ത അവധി

         അതികാലത്തെഴുന്നേറ്റ് കനം തൂങ്ങുന്ന കണ്ണുകളുമായി വീണ്ടും അവധി കഴിഞ്ഞുള്ള ഒരു ദിവസം തുടങ്ങുകയായി, ഇനി കാത്തിരിപ്പാണ്, അടുത്ത അവധി ദിനത്തിനായി... 

       അവധി കിട്ടിയിട്ട്...? 

        ഒന്നിനുമല്ല... വെറുതേ... നടക്കാത്ത കുറേ ആഗ്രഹങ്ങളുണ്ട്, അതൊക്കെ വീണ്ടും വീണ്ടും ആലോചിച്ചിരിക്കണം... ദൂരെയെവിടെങ്കിലും വെളിച്ചത്തിന്റെ ഒരു കുഞ്ഞുവെട്ടം കണ്ട് കിട്ടിയാലോന്ന് വീണ്ടും പ്രതീക്ഷിക്കണം... ഒഴിഞ്ഞ് പോകാത്ത ഇന്നലകളെ സ്നേഹത്തോടെ വീണ്ടും കൂടെ കൂട്ടണം, കുഞ്ഞുങ്ങളുടെ പുഞ്ചിരിയോർക്കണം... അങ്ങനെയങ്ങനെ...

2023 ഡിസംബർ 8, വെള്ളിയാഴ്‌ച

സ്ത്രീ ജീവൻ കവരുന്ന ധനം

 

നോവാകുന്ന പെൺകുട്ടികൾ

 

          ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹം മുടങ്ങിയതിനെത്തുടർന്ന് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ മറ്റൊരു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് വരുന്നവനോട് മുഖ്യമന്ത്രി പറഞ്ഞ പോലെ "താൻ പോടോ" എന്ന് പറയാൻ നമ്മുടെ പെൺകുട്ടികൾ ഇനിയുമെന്നാണ് പഠിക്കുക.

         ജീവനേക്കാളേറെ സ്നേഹിച്ചവൻ സമ്പത്തിന് വേണ്ടി തന്നെ വേണ്ടെന്ന് വെക്കുമ്പോൾ ആ ഷോക്കിൽ നിന്ന് മുക്തമാകാൻ പ്രയാസമായിരിക്കും, പക്ഷേ അതിൽ നിന്ന് പുറത്ത് കടന്നേ പറ്റൂ. കാരണം നമുക്ക് പ്രിയപ്പെട്ടവർ നമ്മളെയല്ല സ്നേഹിച്ചതെന്ന സത്യം മനസ്സിലായിക്കഴിയുന്ന മുറക്ക് അവരെയോർത്ത് നമ്മുടെ ജീവനും കൂടി ബലി കഴിക്കണോ എന്ന് ചിന്തിക്കണം, നമ്മളെന്നും കാണുന്നവരിൽ ഒരാൾ മാത്രമാണെന്ന ലാഘവത്തിൽ അവർക്ക് മുന്നിൽ ചിരിച്ച് കൊണ്ട് നടക്കണം. ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസിക നിലയുള്ള രോഗിയോട് തോന്നുന്ന സഹതാപം മാത്രമേ അവരർഹിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കണം.

         കേരളത്തെ നടുക്കിയ ഡോക്ടർ വന്ദന ദാസിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് സമരമുഖത്ത് മുൻ നിരയിൽ നിന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വികാരഭരിതനായി സംസാരിച്ചയാളാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ള ഡോ. റുവൈസ്.  ഒരു പക്ഷേ ഷഹനയെന്ന പെൺകുട്ടിയുടെ മനസ്സിൽ ഇത്രമേൽ ആഴത്തിൽ റുവൈസ് പതിയാനുള്ള ഒരു കാരണം സഹപ്രവർത്തകക്ക് വേണ്ടി ധീരമായി പോരാടുന്ന സമര നായകനെന്ന നിലക്കുമായിരിക്കാം. ഒരു സഹപ്രവർത്തകക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി ഇടപെടുന്നയാൾ അയാളുടെ സ്വന്തമാകുന്ന തനിക്ക് വേണ്ടി മരിക്കാനും തയ്യാറാകുമെന്ന ചിന്തയെല്ലാം ഒരൊറ്റ നിമിഷത്തിൽ തകർന്ന് പോകുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ നിന്നും അയാളിലെ കാപട്യം തിരിച്ചറിഞ്ഞ് കര കയറാൻ വിദ്യാസമ്പന്നയായ ആ പെൺകുട്ടിക്ക് കഴിയാതെ പോയി.

        സ്ത്രീധനം ചോദിച്ചവനെ ആട്ടിപ്പുറത്താക്കുക മാത്രമല്ല അത് ചോദിച്ചവന്റെ പേര് വിവരമടക്കം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടാൻ പെൺകുട്ടികൾ തയ്യാറായാൽ സ്ത്രീധനവും ചോദിച്ച് വരാൻ ഒന്ന് മടിക്കും. അതിനി ജീവൻ കൊടുത്ത് പ്രണയിച്ചവനാണെങ്കിലും മറ്റ് രീതിയിൽ ആലോചന വന്നതാണെങ്കിലും. ഹാഷ്ടാഗ് ക്യാംപെയ്ന്റെ ഈ കാലത്ത് പരീക്ഷിക്കാവുന്ന ഒരു കാര്യമാണത്. "എനിക്ക് വിവാഹമാലോചിക്കുന്നുണ്ട്, സ്ത്രീധനം ചോദിച്ച് വരുന്നവരുടെ മേൽവിലാസവും ചോദിച്ച കാര്യവുമടക്കം പുറത്ത് വിടുന്നതാണ്" എന്ന് പെൺകുട്ടികൾ പറഞ്ഞ് തുടങ്ങട്ടേ, കുടുംബം അതിന് പിന്തുണ നൽകട്ടേ, സമൂഹം അതേറ്റെടുക്കട്ടേ.