2025 ജനുവരി 15, ബുധനാഴ്‌ച

ഈ സമാധിക്കൊരു സമാധാനമുണ്ടാക്കണം

      ഈ സമാധിക്കൊരു സമാധാനമുണ്ടാക്കിയില്ലെങ്കിൽ ഇതിന്റെ മുസ്‌ലിം വേർഷനും ക്രിസ്‌ത്യൻ വേർഷനും താമസിയാതെ കാണാൻ കഴിയും. മനസ്സിൽ പക സൂക്ഷിക്കുന്നവർ ധാരാളമുള്ള കാലമാണ്, എല്ലാ ജാതി മതത്തിലും വേട്ടാ വളിയൻമാരുമുണ്ട്. നാളെ ഒരുത്തൻ അച്ചാച്ചനെ തല്ലിക്കൊന്ന്  അടക്കം ചെയ്‌ത്  അച്ചാച്ചൻ കർത്താവിൽ വിലയം പ്രാപിച്ചെന്ന് പറയും, അതല്ലെങ്കിൽ വല്ലിപ്പാനെ തല്ലിക്കൊന്ന് അടക്കം ചെയ്‌ത് ന്റെ വല്ലിപ്പ ജിന്നായിരിക്കുന്നു എന്ന് പറഞ്ഞ് ബഹളം വെക്കും, (പ്രത്യേഗിച്ച് ജിന്ന് ഗ്രൂപ്പെന്ന ഒരു വഹാബി ഗ്രൂപ്പ് തന്നെയുണ്ട്)


   കല്ലറ തുറന്നാൽ നിങ്ങളുടെയൊക്കെ തല പൊട്ടിത്തെറിക്കുമെന്ന് പറയും, കല്ലറ തുറക്കാൻ പറയുന്നവർ അപര മതത്തിലെ തീവ്രവാദികളാണെന്ന് പറയും, അപ്പോൾ അതും കേട്ട് കുന്തം വിഴുങ്ങിയ കണക്ക് പോലീസിന് തിരിച്ച് പോകേണ്ടി വരും. പണ്ട് ഒരു ഹിന്ദുവിന്റെ കല്ലറ നിങ്ങൾ പൊളിച്ചില്ലല്ലോ, മുസ്‌ലിംകളോട് അല്ലെങ്കിൽ ക്രിസ്‌ത്യാനികളോട് എന്തുമാകാമെന്നാണോ വിചാരം എന്ന ചോദ്യമുയരും. ആയതിനാൽ ഈ സമാധിക്കൊരു സമാധാനമുണ്ടാക്കണം.


   അതിനിടയിൽ മുസ്‌ലിമിന്റെയും ക്രിസ്‌ത്യാനിയുടേയുമൊക്കെ ആയിരുന്നെങ്കിൽ തുറക്കുമായിരുന്നോ എന്ന് ചോദിക്കുന്ന മണ്ടൻമാരേയും കണ്ടു, ഒന്ന് പിന്നിലേക്ക് പോയി നോക്കിയാൽ മതി, ജോളി 'സമാധിയാക്കിയവരുടെ' കല്ലറ തുറന്നിട്ട് അധികമായിട്ടില്ല, റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാർട്ടം ചെയ്‌തതും നമ്മൾ കണ്ടതാണ്, ഇതൊക്കെ ഉദാഹരണങ്ങൾ മാത്രമാണ്. അതിന് മുൻപും ശേഷവും എത്രയോ ദുരൂഹമായ കേസുകളിൽ ഇങ്ങനെ ചെയ്‌തിട്ടുണ്ട്... ആയതിനാൽ വിഷം തുപ്പുന്നവർ Please step back… & മിണ്ടാതെ ഉരിയാടാതെ ഇരിക്കുക...

      

2025 ജനുവരി 6, തിങ്കളാഴ്‌ച

ആ... അങ്ങനെ വിചാരിക്കാ...

 എന്നെങ്കിലും എന്തേങ്കിലുമൊക്കെ ശര്യാകുമായിരിക്കും....



2025 ജനുവരി 3, വെള്ളിയാഴ്‌ച

എല്ലാം ശരിയാകില്ല

    നാളെകളിൽ പ്രതീക്ഷകൾ പൂവണിയുമെന്ന ചിന്തയോടെ ജീവിക്കുക, ഒന്നും ശരിയായില്ലെങ്കിലും മരണം നമ്മെ തേടി വരാതിരിക്കില്ല, ഇനി ചിലതൊക്കെ ശരിയായാലും മരണം നമ്മെ തേടി വരും. എല്ലാം ശരിയാവുക എന്നത് ഒരു മിഥ്യയാണ്, ഇനിയഥവാ എല്ലാം ശരിയായാലും മരണം നമ്മെ തേടി വരും. അതായത് നമ്മുടെ ആഗ്രഹങ്ങളിൽ ശരിയായിക്കിട്ടിയതെല്ലാം നമ്മെ വിട്ട് പോകുമെന്നതിൽ മാത്രമാണ് ഉറപ്പുള്ളത്... അപ്പോ പിന്നെ ആലോചിച്ച് പണ്ടാരമടങ്ങാതെ വല്ലതും ചെയ്‌തോണ്ടിരിക്കടേ... അല്ല, ഇതൊക്കെ ആരോടാണ്...? ഇന്നോടന്നെ....

2024 ഡിസംബർ 31, ചൊവ്വാഴ്ച

ജനുവരി-1

 



       പല ശപഥങ്ങളും ആഗ്രഹങ്ങളുമൊക്കെ പുതുക്കുകയും അതൊക്കെ എട്ട് നിലയിൽ വീണ്ടും വീണ്ടും പൊട്ടിപ്പോകുകയും ചെയ്‌ത ഇന്നലെകളിലെ പുതുവത്സരങ്ങൾക്ക് ശേഷം മറ്റൊരു ജനുവരി-1 വരുന്നത് കാണുന്ന ഞാൻ..... 

2024 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

അഭിപ്രായം

    ഒരു ആശാരിയോട് മറ്റൊരു ആശാരിയെക്കുറിച്ച് അഭിപ്രായം ചോദിക്കരുത്, ഒരു പച്ചക്കറി വിൽപനക്കാരനോട് മറ്റൊരു പച്ചക്കറി വിൽപനക്കാരനെക്കുറിച്ചും, എന്നല്ല ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് അതേ മേഖലയിലുള്ളവരോട് അഭിപ്രായം ചോദിക്കാതിരിക്കുക എന്നത് ഒരു കോമൺസെൻസാണ്, കാരണം തന്റെ മേഖലയിൽ ജോലി ചെയ്യുന്ന ഒരുത്തനെക്കുറിച്ച് നല്ലതു പറയുന്നവർ വളരെ വിരളമായിരിക്കും. ചുരുങ്ങിയത്  "ഞാനവനെക്കുറിച്ചൊന്നും പറയുന്നില്ല, ഞാൻ പറഞ്ഞാൽ നീ വിചാരിക്കും ആ പണി എനിക്ക് കിട്ടാനാണെന്ന്" എന്ന് പറയുകയോ അല്ലെങ്കിൽ ഒന്ന് ചിരിക്കുകയോ ചെയ്യും, ആ ചിരി നമ്മളിൽ അയാളെക്കുറിച്ച് സംശയം ജനിപ്പിക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കുക...

കള്ളക്കടത്ത് ബിസ്‌ക്കറ്റുകൾ

 പണ്ട് കട്ട് തിന്നതിന് ഇമ്മാന്റട്ത്ത്ന്ന് എത്രങ്ങാനം തല്ല് വാങ്ങിത്തന്ന സാധനങ്ങളാണിതൊക്കെ....

      ഉമ്മയെന്ന കസ്റ്റംസ് ഓഫീസറെ മറികടന്ന് എത്രങ്ങാനം കള്ളക്കടത്ത് നടത്തിയതാ,  ചിലപ്പോൾ പിടിക്കപ്പെടും, എന്നാലും പിടിച്ചാൽ ടാക്സ് നമ്മളടക്കേണ്ടതില്ല, അത് ഉമ്മയട(ടി)ക്കും...  ചന്തിയിലെ പാടും ഏതാണ്ടിതേ പോലൊക്കെത്തന്നെയായിരുന്നു... വട്ടത്തിലും നീളത്തിലുമൊക്കെയായി...

2024 സെപ്റ്റംബർ 1, ഞായറാഴ്‌ച

വേതാളങ്ങൾ

       എല്ലാ നാട്ടിലും കാണപ്പെടുന്ന ചില വേതാളങ്ങൾ ഉണ്ട്, അതിൽ ഒരു വിഭാഗമാണ് "ചടപ്പിക്കൽ വേതാളങ്ങൾ". അതായത് നിങ്ങൾ ഒരു യൂസ്ഡ് വാഹനം രണ്ട് ലക്ഷം കൊടുത്ത് വാങ്ങിയെന്നിരിക്കട്ടെ, ഈ വേതാളം നിങ്ങളോട് പറയും, ശോ... എന്നോട് പറയാമായിരുന്നില്ലേ... എന്റെ കയ്യിൽ ഒന്നര ലക്ഷത്തിന് ഇതേ വണ്ടി ഇതിലും പുതിയത് ഉണ്ടായിരുന്നു, ഇനി നിങ്ങൾ ഒന്നര ലക്ഷത്തിനാണത് വാങ്ങിയതെന്നുണ്ടെങ്കിൽ അവരുടെ കയ്യിൽ ഒരു ലക്ഷത്തിനും ഒരു ലക്ഷത്തിനാണ് വാങ്ങിയതെങ്കിൽ അവരുടെ അടുത്ത് അൻപതിനായിരത്തിനും ഉണ്ടാകും. 

       അപ്പോൾ നിങ്ങൾ അൻപതിനായിരത്തിനാണത് വാങ്ങിയതെങ്കിലോ?, അപ്പോൾ ഫ്രീ ആയി ആ വാഹനം വേണോന്ന് ചോദിച്ച് ഒരാൾ അങ്ങാടിയിൽ വിളിച്ച് പറഞ്ഞ് ഇന്നലെ നടന്നിരുന്നു..., നീയിന്നലെ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനയാളോട്  പറഞ്ഞ് അത് നിനക്ക് ഒപ്പിച്ച് തരുമായിരുന്നു എന്ന് പറയും... 

       വാഹനം മാത്രമല്ല, ഭൂമി, മരം, മറ്റ് സംഗതികൾ.. എല്ലാത്തിലും ഇവരുടെ ഇത്തരം അഭിപ്രായങ്ങൾ കടന്ന് വരും....

       ഇവരെ നേരിടാനുള്ള മാർഗം വാങ്ങിയ സംഗതി മാർക്കറ്റ് വിലയേക്കാൾ ഒരു ലക്ഷം കൂട്ടിപ്പറയുക, അപ്പോൾ അവർ അൻപതിനായിരമോ എഴുപത്തയ്യായിരമോ കുറച്ച് പറയും, അതിൽ നിന്ന് ഇരുപത്തയ്യായിരം കുറച്ച് പറഞ്ഞ് ആ വിലക്കാണ് ഞാനതെടുത്തതെന്ന് പറഞ്ഞ് ഓന്റെ അസുഖം മാറ്റാവുന്നതാണ്...


വാൽ: ആരോടും അഭിപ്രായം ചോദിക്കാതെ ഒന്നും വാങ്ങണമെന്നല്ല, അറിവുള്ളവരെ കണ്ടെത്താനുള്ള അറിവ് ഒരു വലിയ അറിവാണെന്ന് പറയുന്നത് പോലെയാണ് ഇതും, ഏത് വിഷയത്തിലും വെറുതെ തൊള്ളപ്പുട്ട് അടിക്കുന്നവരല്ലാത്തവരുടെ അഭിപ്രായം  തേടിയ ശേഷം തീരുമാനമെടുക്കുക...