2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ബുദ്ധി ജീവി നാട്യക്കാർക്ക് പൊതുവായി ഉണ്ടാകുന്ന ചില സ്വഭാവങ്ങൾ...😎

  • പ്രാഥമികമായി ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി (അവർ കരുതുന്നത്) ഒരു മേഖലയെക്കുറിച്ചും തങ്ങൾക്ക് സംവദിക്കാൻ മാത്രം വിവരമുള്ള ആരെയും  കിട്ടുന്നില്ലല്ലോ എന്നതാണ്. 



  • ഈ കൂട്ടർ ഏതെങ്കിലും വിഷയത്തെക്കുറിച്ച് അറിഞ്ഞാൽ അത് ലോകാത്താദ്യം അറിയുന്നത് താനാണ് എന്ന് കരുതും. ചുരുങ്ങിയ പക്ഷം എന്റെ ചുറ്റിലുള്ളവർ ആരും ഈ സംഗതി അറിഞ്ഞിട്ടുണ്ടാകില്ലെന്നങ്ങ് ഉറപ്പിക്കും (പലപ്പോഴും അവസാനമറിഞ്ഞവർ അവരായിരിക്കും...😂)


  • ഉദാഹരണത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് ഈ ക.ബുജി (കപട ബുദ്ധിജീവി) ഇന്നലെയാണ് അറിഞ്ഞതെന്ന് കരുതുക, ഇന്ന് ആ ക.ബുജി അവന്റെ കൂട്ടുകാരോടൊത്ത് ഒത്തൊരുമിക്കുന്ന ഒരവസരം വന്നെന്നും കരുതുക. അവരങ്ങനെ സാധാരണ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടക്കായിരിക്കും ക. ബുജിയുടെ ശബ്ദം അൽപം ഉച്ചത്തിൽ (ലോകത്ത് നടക്കുന്ന പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തറിയാം എന്ന ഭാവത്തിൽ) ഒരൊറ്റ പ്രഖ്യാപനം. ഇതൊക്കെ എന്ത്..? നിങ്ങൾ എ.ഐ യെക്കുറിച്ച് (ഫുൾഫോം പറയില്ല, കാരണം അങ്ങനെ പറഞ്ഞാൽ ആർക്കെങ്കിലും ചെറുതായി വല്ലതും പിടി കിട്ടുമോ എന്ന ഭയം കാണും) ചിന്തിക്കൂ... ഈയവസരത്തിൽ നമ്മുടെ ക. ബുജി മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രതികരണം എ.ഐ യോ..? അതെന്താണ്...? എന്നാണ്.... എന്നിട്ട് വേണം അതിനെക്കുറിച്ച് തള്ളി മറിച്ച് ഒരഞ്ചു മിനിറ്റ് ഗിരിപ്രഭാഷണം നടത്താൻ... എന്നാൽ അവരിലാരെങ്കിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസല്ലേ...? എന്ന് ചോദിച്ചാൽ ആ നിമിഷം അവർ തകർന്ന് തരിപ്പണമാകുന്നു... മുഖം ആകെ മാറി ആകെ ഡെസ്പ്പാകുന്നു. എന്നാലും പിടിച്ച് നിൽക്കാൻ തുടർന്നുള്ള സംഭാഷണത്തിൽ ഏതെങ്കിലും ഒരു വാക്കിലോ വാചകത്തിലോ പിടിച്ച് "അതല്ല, ഇതാണെന്ന്" പറഞ്ഞ് തടി തപ്പും...


  • ഇടക്കിടക്ക് ചില വാക്കുകൾ വെളിപാടുണ്ടായവനെപ്പോലെ വിളിച്ച് പറയും (ഇലുമിനാറ്റി, സർക്കാസം, ബ്ലാക്ക് ഹ്യൂമർ, ക്രിട്ടിസിസം, പൊളിറ്റിക്കൽ കറക്റ്റ്നസ്, എത്തീയിസം...) അങ്ങിനെ തുടങ്ങി ഇവർ ഓരോന്ന് തള്ളും. പലപ്പോഴും ഇവരുടെ വിഹാര ഭൂമി കൂട്ട്കാർ ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പുകളാകും. അതിൽ തന്നെ റീയൂണിയൻ ഗ്രൂപ്പുകൾ ആണെങ്കിൽ ബഹുജോറായിരിക്കും ഇവരുടെ പ്രകടനം. മുകളിൽ പറഞ്ഞ വിഷയങ്ങളെ അധികരിച്ച് ആരും ചോദ്യവുമായി വന്നില്ലെങ്കിൽ അവർ ആകെ വിഷണ്ണരാകും. വന്നാൽ തന്നെ അത്ര പെട്ടെന്ന് തന്റെ "അറിവിന്റെ" ഭാണ്ഡക്കെട്ടഴിക്കാൻ തയ്യാറാകില്ല. കുറച്ച് കൂടി ഗ്രൂപ്പംഗങ്ങൾ താൻ പറഞ്ഞ വിഷയത്തിൽ ചുറ്റിക്കറങ്ങി വന്ന് എല്ലാവരും തന്റെ മറുപടിക്കായി കാത്തിരിക്കുന്ന അസുലഭ മുഹൂർത്തത്തിനായി കാതോർക്കും... എന്നാൽ ചിലർ ഇവരുടെ തള്ള് വിഷയം വിട്ട് മറ്റ് വിഷയത്തിലേക്ക് ചാടിപ്പോകും... (കണ്ണിൽ ചോരയില്ലാത്ത തെണ്ടികൾ...😇)


  • താനൊരു പരന്ന വായനക്കാരനും എഴുത്തുകാരനുമാണെന്നൊക്കെ അറിയിക്കാനായി ഇവർ ചില നമ്പറുകളൊക്കെ ഇടക്കിടക്കിറക്കും, ഉദാഹരണത്തിന് "നിങ്ങൾ ഇന്നയാളുടെ ഇന്ന പുസ്തകം വായിച്ചിട്ടുണ്ടോ?" എന്ന് ഗ്രൂപ്പംഗങ്ങളോട് ചോദിക്കും, എന്നിട്ട് ആ പുസ്തകത്തെ പറ്റി ഒരു കാച്ചങ്ങ് കാച്ചും, അതേകദേശം ഈ തരത്തിലായിരിക്കും: “ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്”... "ഭരണം" എന്നതിന് "ബരണം" എന്നെഴുതിയതിന് മലയാളം ടീച്ചർ ഇമ്പോസിഷനെഴുതിച്ചവനായിരിക്കും ഈ തള്ളൊക്കെ തള്ളുന്നത്.


  • അത്യാവശ്യം നല്ല എഴുത്തുകൾ മോഷ്ടിച്ച് അത് തങ്ങളുടെ രചനയാക്കി മാറ്റാൻ ഇക്കൂട്ടർ നല്ല മിടുക്കരായിരിക്കും. ഈയടുത്ത് ഞാനംഗമായ ഒരു ഗ്രൂപ്പിലെ “ബുദ്ധിജീവി” സ്വന്തം അനുഭവമെന്ന് തള്ളി ഗ്രൂപ്പിൽ ഒരു കഥയിട്ടു... അവനെ "നന്നായി അറിയുന്നത്" കൊണ്ട് ഞാനൊന്ന് നെറ്റിൽ തിരഞ്ഞു, അപ്പോഴല്ലേ "കഥ", ഇവൻ മാത്രമല്ല "അനുഭവക്കാരൻ".  കോപ്പിയടിയുടെ കഥ വരെ കോപ്പി അടിക്കുന്നവർ...  താഴെയുള്ള ലിങ്ക് നോക്കൂ...

 shorturl.at/uCEO8


 ഒരിടത്ത് ശരണ്യ, മറ്റൊരിടത്ത് പാത്തുമ്മ, വേറൊരിടത്ത്  സനീഷ്... സ്‍കൂളിൽ മാത്രം പോയവർ സ്‍കൂളിലെ കഥയാക്കുന്നു, കോളേജിൽ പോയവർ കോളേജിലെ കഥയാക്കുന്നു എന്ന വ്യത്യാസം മാത്രംകുറ്റം പറയരുതല്ലോ... സ്‍കൂളിന്റെ പേരും സ്ഥലവും വളരെയധികം ജാഗ്രതയോടെ എഡിറ്റ് ചെയ്തിട്ടുണ്ട്...  അത് പോലെ  കഥ മലപ്പുറത്തെത്തുമ്പോൾ കഥയിൽ "നീ" എന്നതിന് പകരം "ഇജ്" ആകുന്നുണ്ട്, "എനിക്ക്" എന്നത് "ഇക്ക്" ആകുന്നുണ്ട്, അങ്ങിനെ ചെറിയ വ്യത്യാസങ്ങളൊക്കെ വരുത്താനും വേണമല്ലോ ഒരു കഴിവ്...പണ്ടത്തെ ജോസി വാഗമറ്റം മോഡൽ, പശ്ചാത്തലം മാത്രം മാറുന്നു, കാപ്പിത്തോട്ടത്തിന് പകരം തെങ്ങിൻ തോപ്പ്...


  • ഇത്തരം ബുദ്ധിജീവികളുടെ ഒരു മെയിൻ "ടൂളാണ്" സൈക്കോളജി, അതായത് എനിക്ക് നിങ്ങളുടെയൊക്കെ പുരികം വളഞ്ഞാൽ അതെന്തിനാണെന്ന് മനസ്സിലാകും എന്നായിരിക്കും ഭാവം, സത്യത്തിൽ സൈക്കോളജിയുടെ ബാലപാഠം പോലും ഈ മണ്ടൻമാർക്ക് അറിയില്ല.


  • ഇക്കൂട്ടർ തങ്ങൾക്ക് സൈക്കോളജിയിലുള്ള അഗാധ പാണ്ഡിത്യത്താൽ മനസ്സിലാക്കിയതെന്ന ഭാവത്തിൽ മറ്റുള്ളവരെ കുറിച്ച് ചില നിഗമനങ്ങൾ എഴുന്നള്ളിക്കും, ഏറ്റവും രസകരമായ സംഗതി ഇക്കൂട്ടരെ പറ്റിക്കാൻ എളുപ്പമാണെന്നതാണ്. ഉദാഹരണത്തിന് ഇവർ നമ്മളോട് "ഇന്നലെ നീ അങ്ങനെ പറഞ്ഞത് ഇന്ന കാരണം കൊണ്ടല്ലേ?" എന്ന് ചോദിച്ചാൽ അവർ പറഞ്ഞത് അമ്പേ തെറ്റിയാൽ പോലും നമ്മൾ ഒരൽപം ജാ​ള്യ​തയോടെ ഒരു ചിരി പാസ്സാക്കി "അതൊന്നുമല്ല" എന്നുത്തരം നൽകിയാൽ അവർ കരുതുക അവരുടെ നിഗമനം 100% ശരിയായിരുന്നെന്നും എന്നാൽ അത് നമ്മൾക്ക് സമ്മതിക്കാനുള്ള മടി കൊണ്ട് നിഷേധിക്കുന്നതുമാണെന്നാകും.


  • റീ യൂണിയൻ ഗ്രൂപ്പുകളിൽ ഇവർ അനുഭവിക്കുന്ന ഒരു പ്രതിസദ്ധിയുണ്ട്, അതെന്തെന്ന് വെച്ചാൽ ഇവരെന്തായിരുന്നു എന്ന് ആ ഗ്രൂപ്പുകളിലുള്ള എല്ലാവർക്കുമറിയാമെന്നതാണ്. അതിനെ തരണം ചെയ്യാൻ ഇവരുടെ കയ്യിൽ ഒരടവുണ്ട്, “നിങ്ങൾ അന്ന് കണ്ട കുഞ്ഞാപ്പുവല്ല (പേര് സാങ്കൽപികമാണേ) ഞാൻ, ഞാനിന്നൊരു സംഭവമാണ്” എന്ന് തെളിയിക്കാനാണ് അവർ ഈ പെടാപ്പാടൊക്കെ പെടുന്നത്. ഈ ക.ബുജികൾ  ഒന്നും മുഴുമിപ്പിച്ച് പറയില്ല, ഉദാഹരണത്തിന് ഈ ടിയാൻ പത്താം ക്ലാസ് തോറ്റവനാണെങ്കിൽ അതെല്ലാവർക്കുമറിയാമെന്ന് ഈ ക.ബുജികൾക്കറിയാം, "നീ പിന്നെ പത്താം ക്ലാസ് എഴുതിയെടുത്തോ?" എന്ന ചോദ്യം വരാതിരിക്കാൻ  "ഞാൻ സൈക്കോളജി പഠിക്കാൻ പോയി, ഞാൻ ഇപ്പോൾ ഒരു ട്രൈനിങ്ങ് സെന്ററിലാണ്, ഞാൻ സൗത്ത് കൊറിയയുടെ ഒരു അനലൈസ് സെന്ററിൽ (അതെന്ത് കുന്തം എന്ന ചോദ്യം വന്നാൽ പണി പാളി) കുറച്ച് നാളുണ്ടായിരുന്നു" എന്നൊക്കെ തട്ടി വിടും. ചുരുക്കിപ്പറഞ്ഞാൽ ഞാനാണ് കേട്ടോ ഈ ഗ്രൂപ്പിലെ ബുദ്ധിജീവി എന്ന പരോക്ഷമായ പ്രഖ്യാപനം നടത്തുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. അപ്പുറത്തുള്ളവന് താൻ പറഞ്ഞതിനെ അധികരിച്ച് ചോദ്യം ചോദിക്കാനുള്ള കഴിവില്ല എന്ന ധൈര്യത്തിലാണിതെല്ലാം തള്ളുന്നത്, അതെങ്ങാനും പാളിയാൽ ഇവർ ഫ്ലാറ്റാകും.


ആയതിനാൽ പത്താം ക്ലാസ് തോറ്റതിന് ശേഷം എന്ത് സംഭവിച്ചു എന്ന ചോദ്യം മറ്റംഗങ്ങൾ ഒഴിവാക്കുകയും "ആ... ഇവനതൊക്കെ പാസ്സായി വലിയ സംഭവമായിട്ടുണ്ട്, ആയതിനാൽ ഇവനോടിനി നീ പത്താം ക്ലാസ് പാസ്സായോ എന്ന് ചോദിക്കുന്നത് മോശമാണെന്ന്" മറ്റുള്ള അംഗങ്ങൾ കരുതുകയും ചെയ്‌തോളും എന്നതാണ് ഈ ക.ബുജികളുടെ ചിന്ത.


  • സത്യത്തിൽ ഇത്തരം ക.ബുജികളുള്ള ഗ്രൂപ്പുകൾക്കുള്ളിൽ മറ്റൊരു ഗ്രൂപ്പ് രൂപപ്പെട്ട കാര്യം ഇവരറിയില്ല, ആ ഗ്രൂപ്പിൽ ഇവരുടെ തള്ളുകൾ ചർച്ച ചെയ്യുകയും ഇവനെ എങ്ങനെ ഒരു "കുഞ്ഞാപ്പുവായി" നിർത്താമെന്ന ചർച്ച കൊഴുക്കുകയും ശേഷം ഇവനുള്ള ഗ്രൂപ്പിൽ വന്ന് അവനെ പൊക്കിയടിക്കുകയും ചെയ്യും. ഇതൊന്നുമറിയാതെ ഈ ക.ബുജികൾ താനിപ്പോൾ അവരുടെ ഇടയിൽ വല്ല്യ സംഭവമാണെന്ന് കരുതി ആനന്ദ ഹർഷത്തിലാറാടും.


  • ഇവരുടെ ബുജിയാകാനുള്ള മറ്റൊരു മാർഗമാണ് മറ്റംഗങ്ങൾ പറയുന്നതിലെ വ്യാകരണപ്പിഴവ് കണ്ടെത്തുകയെന്നത്, അതും താനൊരു സംഭവമാണെന്ന് തെളിയിക്കാൻ കഴിയുന്ന ഒന്നാണെന്ന് ഇവർ കരുതുന്നു.

എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്, ഈ ക.ബുജികൾ അവർ ബുജിയാണെന്ന് തെളിയിക്കാനെടുക്കുന്ന അടവുകളെല്ലാം ഒരേ പാറ്റേണിലായിരിക്കുമെന്നതാണ്... അതിനാൽ ഏത് ഗ്രൂപ്പിൽ ചെന്നാലും ബുജിയാകാൻ പെടാപ്പാട് പെടുന്നവനെ സെക്കന്റുകൾക്കുള്ളിൽ മനസ്സിലാക്കാവുന്നതാണ്.


  • ഈ കൂട്ടരുടെ മറ്റൊരു ടൂളാണ് രാഷ്ട്രീയം, ഇവർ ഏത് രാഷ്ട്രീയ പാർട്ടിയിലാണോ അംഗമായിരിക്കുന്നത് ആ പാർട്ടിയിൽ താൻ നിൽക്കുന്നത് അത് താൻ വ്യക്തമായി പഠിച്ചും മനസ്സിലാക്കിയുമാണ്  എന്ന് തള്ളും. (അല്ലാതെ നിങ്ങളെ പോലെ ഒന്നുമറിയാതെ കിടന്ന് തുള്ളുന്നവരല്ല എന്നാണ് അർത്ഥം) സത്യത്തിൽ ചെറുപ്പത്തിൽ വീട്ടിലെ സാഹചര്യത്താൽ മനസ്സിൽ കയറിയ രാഷ്ട്രീയത്തെ എത്ര ഗുരുതരമായ പിഴവുകളും വിമർശനങ്ങളും വന്നാൽ പോലും അതിനൊപ്പിച്ച് കാല് മുറിക്കുക എന്നതാണ് മിക്കവരും ചെയ്യുന്നത്, ഈ കൂട്ടരും അതിനപവാദമല്ല, "എന്തൊക്കെ പറഞ്ഞാലും ഞങ്ങളുടെ പാർട്ടിയുള്ളത് കൊണ്ടാണ് "അത്" നേടിയത്" എന്ന ഉപസംഹാരത്തിൽ അവസാനിപ്പിക്കും.


  • ഇവർ തങ്ങളുടെ പാർട്ടിക്കെതിരെ വരുന്ന വ്യാജ വാർത്തകൾക്കെതിരെ ആത്മരോഷം കൊള്ളും, വസ്‌തുതകൾ മനസ്സിലാക്കാതെ കിട്ടിയതെന്തും തള്ളുന്നവരെ ബോധവത്കരിക്കും, സത്യാനന്തര കാലത്തെക്കുറിച്ച് ക്ലാസെടുക്കും, ആയത്തോതും, ഹദീസ് പറയും.  എന്നാൽ തങ്ങൾ എതിർപക്ഷത്ത് നിർത്തിയിട്ടുള്ളവർക്കെതിരെ വരുന്നതിനെതിരെ കണ്ണടക്കും, അത്തരം വ്യാജങ്ങൾ കണ്ട് പിടിച്ച് വസ്‌തുതയെന്തെന്ന് തെളിവ് സഹിതം സമർത്ഥിക്കാൻ കഴിയുന്ന ഒരാളും ഇവിടെ ഇല്ലെന്ന മിഥ്യാധാരണ ഇക്കൂട്ടർക്ക് നല്ലവണ്ണമുണ്ടാകും. ഇനിയഥവാ ഈ ബുജിയിട്ടില്ലെങ്കിലും അത്തരം വ്യാജങ്ങൾ ഈ ബുജിയുടെ പാർട്ടിക്കാരനായ ഒരാൾ ഗ്രൂപ്പിലിട്ടാലും മിണ്ടാതെ നിൽക്കും, അത് കൊണ്ട് തന്റെ പാർട്ടിക്കെന്തെങ്കിലും നേട്ടമുണ്ടാവുകയാണെങ്കിൽ ആയ്‌ക്കോട്ടേന്ന് വെക്കും.

  • ഇവരുടെ മറ്റൊരു ഐറ്റമാണ് "നിസ്സംഗത" അഭിനയിക്കൽ, അതായത് കൂട്ടത്തിലുള്ളവൻ നല്ല ഒരു ഫിലോസഫി പറഞ്ഞെന്നിരിക്കട്ടെ, "ഓ... ഇതൊന്നും അത്ര വലിയ കാര്യമല്ല" എന്ന ഭാവത്തിൽ ഇരിക്കും, എന്നാൽ ആ പറഞ്ഞത് മനസ്സിൽ കോപ്പി ചെയ്ത് വെക്കും, എന്നിട്ട് മറ്റെവിടെയെങ്കിലും കൊണ്ട് പോയി സ്വന്തം "ചിന്ത" എന്ന രീതിയിൽ തള്ളി മറിച്ച് ആളാകും.

  • ഇക്കൂട്ടരുടെ ചില ഡയലോഗുകൾ കൂടി പറഞ്ഞ് നിർത്താം, "എനിക്ക് പോലും അത് മനസ്സിലായത് രണ്ട് വട്ടം വായിച്ചിട്ടാണ് " അഥായത് രമണാ... ഞാനെന്ന മഹാ സംഭവത്തിന് പോലും ഇത് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു, അപ്പോൾ നിങ്ങളുടെയൊക്കെ കാര്യം പറയേണ്ടതില്ലല്ലോ എന്ന്...

 മറ്റൊന്ന് "അതിപ്പോൾ ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകുമോ എന്നറിയില്ല"


ഒടുവിൽ അന്തി മയങ്ങുമ്പോൾ ഇക്കൂട്ടർ പുതപ്പെടുത്ത് തലവഴി വലിച്ചിടുന്ന സമയം "ഹോ... ഞാനിന്നും ബുജിയായാണല്ലോ അന്തിയാക്കിയത്" എന്ന ആത്മഗതത്തോടെ ആത്മരതിയും പൂണ്ട് സുഖസുഷുപ്‌തിയിലാകും...😂😂😂