2023, മാർച്ച് 11, ശനിയാഴ്‌ച

മോട്ടിവേഷൻ അഥവാ ഒടുക്കത്തെ തള്ള്

           ജീവിതത്തിൽ വിജയിച്ചവന് മണിയും ചൊറിഞ്ഞിരിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് ഒരു ചിലവും കൂടാതെ നൽകാൻ കഴിയുന്ന ഒന്നാണ് "മോട്ടിവേഷൻ"

           മിക്ക മോട്ടിവേഷൻ ക്ലാസുകളും നല്ല തള്ളുകളാണ്, മുന്നും പിന്നും നോക്കാതെ 'ധൈര്യ സമേതം' എടുത്ത് ചാടാൻ പ്രേരിപ്പിക്കുന്നവ.... പ്രത്യേഗിച്ച് ബിസിനസ് വിഷയങ്ങളിൽ, നന്നായി പഠിച്ച് നല്ല പ്ലാനിങ്ങോട് കൂടി ചെയ്യേണ്ട കാര്യമാണ് ബിസിനസ്. "അതൊന്നും കാര്യമാക്കണ്ട നിങ്ങൾ വിജയിക്കും" എന്ന് പറഞ്ഞ് കൊടുക്കുന്നവൻ മിത്രമല്ല, ശത്രുവാണ്.... 

           ഫ്രാൻസിസ് ഡ്രേക്കിനെപ്പോലുള്ള ബ്രിട്ടീഷുകാരന്റെ ഔദ്യോഗിക കടൽ കൊള്ളക്കാർ കടലിലും മറ്റുള്ളവർ കരയിലും നടത്തിയ കൊള്ളയിൽ നിന്നും മൂലധനം കണ്ടെത്തി  അതിൽ നിന്നും പടുത്തുയർത്തിയയതാണ് ബ്രിട്ടീഷ്  സാമ്രാജ്യം.  ആ മുത്തഛന്മാരുടെ പേരക്കുട്ടികളായ സായിപ്പും നമ്മളെ ജീവിത വിജയത്തിന് ഒറ്റമൂലി പഠിപ്പിച്ച് തരുന്നുണ്ട്.  ലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ (ഒരൽപം ദീർഘമേറിയ വീഡിയോ ആണെങ്കിലും ജൂലിയസ് മാനുവലിന്റെ മനോഹരമായ അവതരണ ശൈലികൊണ്ട് മുഴുവൻ കേട്ടിരുന്ന് പോകും, താത്പര്യമുള്ളവർ നീലക്കളറിൽ ഞെക്കിക്കോ)

           എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്യാൻ കഴിയില്ല, യോജിച്ചത് തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം. അതല്ലെങ്കിൽ നമുക്ക് യോജിച്ചത് എന്താണെന്ന് നമ്മളെ മനസ്സിലാക്കിയവർക്ക് മാത്രം പറഞ്ഞ് തരാൻ കഴിയുന്ന ഒന്നാണെന്ന ബോധമെങ്കിലും ഉണ്ടാകണം. അതല്ലാതെ നമ്മൾ ക്ഷണിച്ച് വരുത്തിയ ഒരു മോട്ടിവേഷൻ സ്പീക്കർക്ക് തന്റെ മുന്നിൽ കൂടിയ ആയിരങ്ങളുടെ മനസ്സറിയാനോ അവരുടെ പരിധിയോ പരിമിതിയോ കഴിവുകളോ മനസ്സിലാക്കാനോ സാധിക്കുന്നവരല്ല.

    നിങ്ങൾക്ക് ഒരു കോമഡി ഷോ കാണുന്ന ലാഘവത്തോടെ മാത്രം പോയിരിക്കാൻ കഴിയുന്നവയാണ് മിക്ക മോട്ടിവേഷൻ ക്ലാസുകളും, ആയതിനാൽ അത്തരമൊരു നേരമ്പോക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിട്ട് കളയുകയും വേണ്ട.

നിരാശ

             കുഞ്ഞു കുഞ്ഞു മോഹങ്ങൾ പോലും നടക്കാതെ വരുമ്പോഴാണ് മനുഷ്യൻ നിരാശയുടെ പടുകുഴിയിലേക്കെത്തിപ്പെടുന്നത്...

2023, മാർച്ച് 8, ബുധനാഴ്‌ച

Women's day

Women's day-ക്ക് തേനൂറുന്ന സ്റ്റാറ്റസിട്ട ശേഷം ബെഡിലെടുത്ത് വെച്ച ന്യൂസ് പേപ്പർ വായിക്കാൻ കയ്യിലെടുത്ത് കാലുകളാട്ടിക്കൊണ്ട് അയാൾ കുട്ടിയെ സ്‌കൂളിലയക്കാൻ ധൃതി പിടിച്ചോടുന്ന ഭാര്യയെ വിളിച്ച് പറഞ്ഞു... 


"ഡീ.... ഒരു ചായ"



ആരാണയാൾ....?


ഞാനാണയാൾ....


തത്ത്വമസി...

2023, മാർച്ച് 7, ചൊവ്വാഴ്ച

കോൺടാക്റ്റ് നമ്പർ

        വാട്സാപ്പിൽ കോൺടാക്റ്റ് നമ്പർ അയക്കാൻ തുടങ്ങിയത് മുതൽ ഒഴിവായിപ്പോയ ഒരു "ദുരന്തമുണ്ട്". അതെന്തെന്നാൽ കൂട്ട്കാരനെ വിളിച്ച് ഒരാളുടെ നമ്പർ ചോദിക്കുന്നു, അവൻ പറഞ്ഞ് തരുന്ന നമ്പർ കീബോർഡിന് താഴെ വെക്കാറുള്ള ഇത് വരെ വെളിച്ചം കാണാത്ത ലോക ക്ലാസിക്കൽ സാഹിത്യം മുതൽ കുനെ കുനേ കുത്തി വരയും പല നമ്പറുകളും എഴുതി വെച്ചിട്ടുള്ള പേപ്പറിലെ ഒഴിവുള്ളിടത്ത് ആ നമ്പർ മാത്രം കുറിച്ച് വെക്കുന്നു (ഓർക്കുക, നമ്പർ മാത്രം, പേര് നമുക്കറിയാമല്ലോ) ശേഷം നമുക്ക് ഒരു ജോലി കിട്ടുന്നു, ആ ജോലിയെല്ലാം കഴിയുമ്പോഴേക്ക് വിളിക്കാൻ മറന്ന് പോകുന്നു, പിറ്റേന്ന് വീണ്ടും ഫോൺ ചെയ്യാനുള്ള കാര്യം ഓർമ്മയാകുന്നു, കീബോർഡിന് താഴെയുള്ള പേപ്പറെടുക്കുന്നു, കിളി പാറുന്നു, അതിൽ ഒഴിവുള്ള സ്ഥലങ്ങളിൽ പല പല നമ്പറുകൾ, ഇതിൽ ഇന്നലെ കുറിച്ച് വെച്ച നമ്പർ ഏത് ഭാഗത്തുള്ളതാണെന്നറിയാതെ പാറിയ കിളി ഒന്ന് കൂടെ പാറുന്നു, വീണ്ടും കൂട്ട്കാരനെ വിളിക്കുന്നു, അതല്ലേടാ തെണ്ടീ.. @#₹%%*%&&^ നിനക്കിന്നലെ പറഞ്ഞ് തന്നതെന്ന് അവന്റെ 'മനോഹരമായ' ശബ്ദത്തിൽ കേൾക്കുന്നു... ശുഭം.. 


"ഡാ, അവന്റെ നമ്പറൊന്ന് വാട്സാപ്പ് ചെയ്തേ" എന്ന ഒരൊറ്റ വോയ്സിൽ ഈ പ്രശ്നമെല്ലാം ഒറ്റയടിക്ക് സോൾവായി..