2020, ജൂൺ 11, വ്യാഴാഴ്‌ച

മഹായുദ്ധങ്ങളുടെ പിന്നാമ്പുറങ്ങൾ





ബാൾക്കൻ പ്രതിസന്ധിക്കു ശേഷം പച്ചപ്പാതിരക്കും ചെമ്മണ്ണൂരിനുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയിൽ നിന്നാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്.    സമാധാനവാദികളും നിഷ്കളങ്കരുമായ ചിലർ എഴുതിയ ലഘു ലേഖ വായിച്ച് അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മറ്റ് ചിലർ ചെമ്മണ്ണൂരിനെ ഒടുക്കത്തെ ചീത്ത വിളി... ചെമ്മണ്ണൂരിൽ ഒരു ഓഫീസ് തുറക്കുന്നുണ്ടെന്നും അത് വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം വരാൻ സാധ്യതയുണ്ടെന്നുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. അതായത് ഒരു സംഘർഷം വരാൻ സാധ്യയുണ്ടെന്ന് പറഞ്ഞ് സംഘർഷം സൃഷ്ടിച്ചു. (ലഘുലേഖയിൽ ഇലുമിനാറ്റികളുടെ അതിനിഗൂഢ ലക്ഷ്യങ്ങൾ പ്രവർത്തിച്ചിരുന്നെന്നും അതിൽ ചിലർ ബലിയാടാക്കപ്പെട്ടെന്നും പോളണ്ട് പിന്നീട് പറയുകയുണ്ടായി) ഇതായിരുന്നു ഒന്നാം ലോക മഹായുദ്ധം രൂക്ഷമാകാൻ പ്രധാന കാരണം....


ശേഷം തങ്ങളുടെ അധീനതയിലുള്ള കാര്യങ്ങളിൽ മറ്റാരും ഇടപെടേണ്ടെന്ന് ചെമ്മണ്ണൂർ രേഖാമൂലം വ്യക്തമാക്കുകയും അത് കൊണ്ട് അവിടത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതവരായിരിക്കുമെന്നും പ്രഖ്യാപിച്ചതോടെ പച്ചപ്പാതിര പിന്മാറി…… അങ്ങിനെ ഒന്നാം ലോകമഹായുദ്ധത്തിന് താത്ക്കാലിക വിരാമമായി...

പിന്നീട് കുറച്ച് ദിവസങ്ങൾ എല്ലാവരും ബീഡി വലിച്ചിരുന്നു. എന്നാൽ പച്ചപ്പാതിര ചെമ്മണ്ണൂരിന്റെ അധീനതയിലുള്ള ഷട്ടറിന്റെ പൂട്ട് പൊട്ടിക്കുമെന്ന് വെല്ല് വിളിയുടെ സ്വരത്തിൽ  പ്രഖ്യാപിച്ചതോടെ രണ്ടാം ലോക മഹായുദ്ധത്തിനും തുടക്കമായി....

എന്നാൽ ആ യുദ്ധം അവകാശമുന്നയിച്ച ഷട്ടറിന്റെ ആധാരം ആരുടെ പക്കലാണെന്ന് വെളിപ്പെട്ടതോടെ പെട്ടെന്നവസാനിച്ചു...

എന്നാൽ ട്വിസ്റ്റ് വരുന്നതേ ഉണ്ടായിരുന്നുള്ളൂ... ഓഫീസ് വരുന്ന പേരും പറഞ്ഞ് യുദ്ധത്തിന് പുറപ്പെട്ട പച്ചപ്പാതിര തന്നെ മുഖം മൂടിയിട്ട് കൊടുത്ത ഒരു ഓഫീസ് തുറക്കാൻ പദ്ധതിയിട്ടതായി കേട്ട് കൊണ്ടാണ് ചെമ്മണ്ണൂർ ഉറക്കമുണർന്നത്...


ചെമ്മണ്ണൂർ  ഈ വിഷയം  ഉയർത്തിക്കൊണ്ട് വന്നുഎന്നാൽ പച്ചപ്പാതിര അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ കൂടി ആകാശനീലിമയിലേക്ക് നടന്നകന്നു. സമാധാനവാദികൾ ബീഡി വലിച്ച് ഒന്നും മിണ്ടാതെ ഇരുന്നു. ഓഫീസിന്റെ മാറുപിളർന്ന് രക്തം കുടിക്കാൻ ഓടിയടുത്തിരുന്ന ദുര്യോധനൻമാർ ജലദോഷം പിടിപെട്ട് മൂക്കും വായും ഒരുമിച്ചടച്ച് പോയതിനാൾ മിണ്ടാൻ വയ്യാതായി.... ശരിക്കും മിണ്ടാൻ വയ്യേന്ന് യഥാർത്ഥ നിക്പക്ഷർ ചോദിച്ചപ്പോൾ ഉ ഊ എന്ന ഉത്തരം മാത്രം വന്നു... മറ്റ് ചിലർ അതിനിപ്പോ എന്താ? എന്ന് ചോദിച്ചു... വേറെ ചിലർ മിണ്ടാൻ സൌകര്യമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് നിക്പക്ഷത അതിലുമുറക്കെ തെളിയിച്ച് അച്ചുതണ്ടാണെന്ന് വ്യക്തമാക്കി... ഒടുവിൽ അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ പക്ഷമുള്ളവർ നിക്പക്ഷരോട് ചോദിച്ചു, "ഇനിയും നിങ്ങളിത്  വഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്

വാൽക്കഷ്ണം: ചുരുക്കിപ്പറഞ്ഞാൽ എന്തിനാണ് യുദ്ധം ചെയ്തതെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ്  അച്ചുതണ്ട് ശക്തികൾ.



ക്ഷമാപണം: വായിച്ച് കിളി പോയവരോടാണ്... നാട്ടിലെ ക്ലബ്ബുമായി ബന്ധപ്പെട്ട വിഷയം ഒന്ന് ചരിത്രവത്കരിച്ചതാ....