2024, ഫെബ്രുവരി 11, ഞായറാഴ്‌ച

ആലിപ്പഴവർഷം

         മഴയുടെ  അതിശക്തമായ  "ചറപറ"  സൗണ്ടാണ്  ഉണർത്തിയത്...  ഒരു നിമിഷം നാട്ടിലാണോന്ന് തോന്നിപ്പോയി. തപ്പിപ്പിടിച്ച് സ്വിച്ച് കണ്ടെത്തി അമർത്തിയപ്പോഴാണ് കരൻ്റും മൂടിപ്പുതച്ചുറങ്ങുകയാണെന്ന് മനസ്സിലായത്. കരൻ്റ് നഹീ, മൊബൈലിൻ്റെ വെളിച്ചത്തിൽ റൂമിന് പുറത്ത് കടന്ന്  ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഈ വലിയ ഒച്ചപ്പാടിന്റെ കാരണം പിടി കിട്ടിയത്, റോഡിൽ പഞ്ഞിക്കെട്ട് പോലെ ഒഴുകി നീങ്ങുന്ന ആലിപ്പഴം. മനോഹരമെന്ന് ബിൽഡിങ്ങിന് മുകളിൽ നിന്ന് നോക്കിപ്പറയാമെങ്കിലും വില്ലകളിൽ താമസിക്കുന്നവരുടെ അവസ്ഥയെന്തായിരിക്കുമെന്ന് ആ നിമിഷം തന്നെ ഓർത്തു. 

                  ഭക്ഷണം കഴിക്കാൻ പോകുന്ന വില്ലയിലെ ഉസ്താദിന് വിളിച്ചു നോക്കിയപ്പോഴാണ് അവസ്ഥ മനസ്സിലാകുന്നത്, റൂമിൽ മുട്ടോളം വെള്ളം, കട്ടിലിന് മുകളിലിരുപ്പാണ് എല്ലാവരും. കുറച്ച് നേരം കഴിഞ്ഞ് പുറത്തിറങ്ങി നോക്കിയപ്പോൾ തൊട്ടപ്പുറത്തെ ഓഫീസിൽ നിറയെ ലുങ്കിയുടുത്ത് മലയാളികളും തമിഴൻമാരും, റിസപ്ഷനിലെ സോഫയിൽ മൊബൈലും നോക്കിയിരിക്കുന്നു. റൂമിൽ വെള്ളം കയറിയപ്പോൾ അവിടത്തെ ഓഫീസ് ബോയിയുടെ കൂടെ വന്നതാണ്. ചില റൂമിലുള്ളവർക്ക് ഡോർ തുറക്കാൻ കഴിയാത്തത് കൊണ്ട് ഫയർ ഫോഴ്സിൽ നിന്ന് ആള് വന്നാണത്രേ പുറത്തിറക്കിയത്. ഏതായാലും ആർക്കും അപകടമൊന്നും സംഭവിച്ചിട്ടുണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു...

വാൽ: ഇന്ന് ഞാൻ കുറച്ച് ലക്ഷ്വറിയാണ്..... മിനറൽ വാട്ടർ കൊണ്ടാണ് ചന്തി കഴുകിയത്.... ബാത്ത്റൂമിൽ വെള്ളം നഹീ...

2024, ഫെബ്രുവരി 10, ശനിയാഴ്‌ച

ലീഗേര്

 "ലീഗേര് ഇപ്പോ പണ്ടത്തെ പോലെയൊന്നുമല്ല, എ.പിക്കാരോടൊക്കെ നല്ല സഹകരണമാണ്" ചില നിഷ്കളങ്കരുടെ നിരീക്ഷണമാണ് മുകളിലെ വരികൾ, എന്നാലേ അത് ചാത്തു കള്ള് കുടി നിർത്തിയതല്ല, കള്ള് ഷാപ്പ് അടച്ചത് കൊണ്ട് കള്ള് കിട്ടാത്തതാണ്, 

   പിന്നെ ചാത്തു ഇപ്പോൾ ആരെയും ഉപദ്രവിക്കാറുമില്ല, അതേയ്... അടി കൊണ്ടവർ കളരി പഠിച്ചത് കൊണ്ടാണ്. തിരിച്ച് നല്ലോണം കിട്ടുമെന്നുറപ്പുണ്ട്. അതായത് രമണാ... അഞ്ചെട്ട് കൊല്ലമായി ഭരണമില്ലാതെ ആല് പോയ ചെയ്ത്താൻ്റെ പോലെ നടക്കുന്നവർ സഹകരിക്കുകയല്ലാതെ എന്തൊലത്താനാണ്...

2024, ഫെബ്രുവരി 6, ചൊവ്വാഴ്ച

രഹസ്യം

 "നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്" 


കേട്ടവൻ മറ്റൊരുത്തനോട്: "അവനെന്നോട് മാത്രം പറഞ്ഞ കാര്യമാ, നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്" 


ഈ മറ്റൊരുത്തൻ മറ്റൊരുത്തവനോട്: അവനോടവൻ അത്രയും രഹസ്യമാക്കി വെക്കണമെന്ന് പറഞ്ഞ കാര്യമാ, എന്നെ അത്രയും വിശ്വാസമുള്ളത് കൊണ്ട് എന്നോട് പറഞ്ഞതാ, അത് കൊണ്ട് ഒരിക്കലും നീ ആരോടും പറയരുത്.


ഈ കേട്ടവൻ: ഡാ... പിന്നേയ് ഒരു സംഭവമുണ്ട്, ഒരിക്കലും പുറത്ത് പോകരുത്.....


പിന്നെ നാട്ട്കാരായി, കുടുംബക്കാരായി, വാട്സാപ്പ് ഗ്രൂപ്പായി, ഫേസ്ബുക്കായി, ഇൻസ്റ്റയായി....


വാൽ: ഇത് വായിച്ചവർ ആരോടും പറയരുത്, അപേക്ഷയാണ്...😎