2023, മാർച്ച് 11, ശനിയാഴ്‌ച

മോട്ടിവേഷൻ അഥവാ ഒടുക്കത്തെ തള്ള്

           ജീവിതത്തിൽ വിജയിച്ചവന് മണിയും ചൊറിഞ്ഞിരിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് ഒരു ചിലവും കൂടാതെ നൽകാൻ കഴിയുന്ന ഒന്നാണ് "മോട്ടിവേഷൻ"

           മിക്ക മോട്ടിവേഷൻ ക്ലാസുകളും നല്ല തള്ളുകളാണ്, മുന്നും പിന്നും നോക്കാതെ 'ധൈര്യ സമേതം' എടുത്ത് ചാടാൻ പ്രേരിപ്പിക്കുന്നവ.... പ്രത്യേഗിച്ച് ബിസിനസ് വിഷയങ്ങളിൽ, നന്നായി പഠിച്ച് നല്ല പ്ലാനിങ്ങോട് കൂടി ചെയ്യേണ്ട കാര്യമാണ് ബിസിനസ്. "അതൊന്നും കാര്യമാക്കണ്ട നിങ്ങൾ വിജയിക്കും" എന്ന് പറഞ്ഞ് കൊടുക്കുന്നവൻ മിത്രമല്ല, ശത്രുവാണ്.... 

           ഫ്രാൻസിസ് ഡ്രേക്കിനെപ്പോലുള്ള ബ്രിട്ടീഷുകാരന്റെ ഔദ്യോഗിക കടൽ കൊള്ളക്കാർ കടലിലും മറ്റുള്ളവർ കരയിലും നടത്തിയ കൊള്ളയിൽ നിന്നും മൂലധനം കണ്ടെത്തി  അതിൽ നിന്നും പടുത്തുയർത്തിയയതാണ് ബ്രിട്ടീഷ്  സാമ്രാജ്യം.  ആ മുത്തഛന്മാരുടെ പേരക്കുട്ടികളായ സായിപ്പും നമ്മളെ ജീവിത വിജയത്തിന് ഒറ്റമൂലി പഠിപ്പിച്ച് തരുന്നുണ്ട്.  ലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ (ഒരൽപം ദീർഘമേറിയ വീഡിയോ ആണെങ്കിലും ജൂലിയസ് മാനുവലിന്റെ മനോഹരമായ അവതരണ ശൈലികൊണ്ട് മുഴുവൻ കേട്ടിരുന്ന് പോകും, താത്പര്യമുള്ളവർ നീലക്കളറിൽ ഞെക്കിക്കോ)

           എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്യാൻ കഴിയില്ല, യോജിച്ചത് തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം. അതല്ലെങ്കിൽ നമുക്ക് യോജിച്ചത് എന്താണെന്ന് നമ്മളെ മനസ്സിലാക്കിയവർക്ക് മാത്രം പറഞ്ഞ് തരാൻ കഴിയുന്ന ഒന്നാണെന്ന ബോധമെങ്കിലും ഉണ്ടാകണം. അതല്ലാതെ നമ്മൾ ക്ഷണിച്ച് വരുത്തിയ ഒരു മോട്ടിവേഷൻ സ്പീക്കർക്ക് തന്റെ മുന്നിൽ കൂടിയ ആയിരങ്ങളുടെ മനസ്സറിയാനോ അവരുടെ പരിധിയോ പരിമിതിയോ കഴിവുകളോ മനസ്സിലാക്കാനോ സാധിക്കുന്നവരല്ല.

    നിങ്ങൾക്ക് ഒരു കോമഡി ഷോ കാണുന്ന ലാഘവത്തോടെ മാത്രം പോയിരിക്കാൻ കഴിയുന്നവയാണ് മിക്ക മോട്ടിവേഷൻ ക്ലാസുകളും, ആയതിനാൽ അത്തരമൊരു നേരമ്പോക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിട്ട് കളയുകയും വേണ്ട.

അഭിപ്രായങ്ങളൊന്നുമില്ല: