2023, ജനുവരി 17, ചൊവ്വാഴ്ച

മാധ്യമങ്ങളിലെ എന്റെ "കൈ കടത്തലുകൾ" (മുയ്‌മനും ഇബടണ്ട്....)



              ‘സിറാജി’ലായിരുന്നു ആദ്യം എന്റെ അക്ഷരങ്ങൾ അച്ചടി മഷി പുരണ്ടത്...2006-ൽ..അതോടെ ഒരു ഇമ്മിണി ബല്ല്യ ആത്മവിശ്വാസം കൈവന്നു....പിന്നീട് മനോ‍രമ, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക, മംഗളം, ദീപിക, കേരള കൗമുദി തുടങ്ങിയ പത്രങ്ങളിൽ പല കാലങ്ങളിലായി എന്റെ കുത്തിക്കുറിപ്പുകൾ മുഖം കാണിച്ചു... ചിലത് പ്രാധാ‍ന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു, മറ്റ് ചിലത് മൂലകളിൽ സ്ഥാനം പിടിച്ചു, ചില എഴുത്തുകൾ ഒന്നിലധികം പത്രങ്ങളിൽ വന്നു. ചിലത് വന്നതേയില്ല.... അതൊക്കെ എഡിറ്ററുടെ വേസ്റ്റ് ബിന്നിൽ എന്നെയും പ്രാകി അന്ത്യനിദ്ര കൊള്ളുന്നുണ്ടാകും...

             അധികവും സ്വന്തം പേര് വെച്ചെഴുതി. മറ്റ് ചിലപ്പോൾ നാട്ടിലെ കൂട്ട്കാർക്കിടയിലുള്ള ഇരട്ടപ്പേര് അൽപം മാറ്റം വരുത്തി (ശരിയായ ഇരട്ടപ്പേര് വെച്ചെഴുതിയാൽ അതുറപ്പായും വരില്ല, അത്രക്ക് തങ്കപ്പെട്ട പേരാണ്) എഴുതി. മറ്റ് ചില വിഷയങ്ങൾ എഴുതേണ്ടി വന്നപ്പോൾ തൂലികാ നാമം സ്വീകരിച്ചു (ബല്ല്യ എഴുത്തുകാരനാ...😋). ആ പേരിൽ വന്നവ മാസ്ക് ചെയ്തിട്ടുണ്ട്.. കോവിഡായത് കൊണ്ടല്ല, ഇനിയുമാ പേര് വെച്ചെഴുതി അഥവാ പ്രസിദ്ധീകരിക്കപ്പെട്ടാൽ ഞാനാണെഴുതിയതെന്ന് ആരുമറിയില്ലല്ലോ എന്നാലോചിക്കുമ്പോൾ ഒരു സുഖം...പിന്നീട് പറ്റുന്നവയാണെങ്കിൽ ബ്ലോഗിലേക്ക് ചേർക്കുകയും ചെയ്യാമല്ലോ...

                ചെറുപ്പം തൊട്ട് പത്രവായനയോട് താത്പര്യമായിരുന്നു...  എന്റെ വീട്ടിലെ ചന്ദ്രിക വായനക്ക് ശേഷം അസീസാജിയുടെ വീട്ടിലെ മനോരമ, പിന്നെ ജ്യേഷ്ടന്റെ വീട്ടിലെ ‘മാധ്യമം’ അങ്ങിനെയങ്ങിനെ... പിന്നീട് സോഷ്യൽ മീഡിയ വന്നപ്പോഴും പത്രങ്ങളോട് തന്നെയായിരുന്നു താത്പര്യം. ഗൾഫിലെത്തിയപ്പോൾ ഹംസാക്കാന്റെ സ്റ്റുഡിയോയിലെ മാധ്യമം വൈകുന്നേരം ഫ്രീയായി തരുമായിരുന്നു. പിന്നെ റൂമിൽ സിറാജ് വരുത്താൻ തുടങ്ങി. അതിന് ശേഷം ഇ പേപ്പറുകൾ കിട്ടിത്തുടങ്ങിയപ്പോഴും പക്ഷേ കയ്യിൽ പിടിച്ച് വായിക്കുന്ന സുഖം കിട്ടിയില്ല.  എല്ലാവരും ഫേസ്ബുക്കിൽ കയറാൻ തുടങ്ങിയപ്പോഴും എന്തോ ഒരു താത്പര്യക്കുറവ് അനുഭവപ്പെട്ടു... സംഗതി രസകരമാണ്. എന്തുമെഴുതാമല്ലോ, നമ്മള് തന്നെയല്ലേ എഡിറ്ററും പബ്ലിഷറും, ഇൻസ്റ്റന്റ് റെസ്പോൺസും കിട്ടും. പക്ഷേ അതിലെന്ത് കൊണ്ടോ താത്പര്യം തോന്നിയില്ല.  ഫേസ്ബുക്കൊക്കെ പരന്നൊഴുകുന്നതിന് മുൻപ് ബ്ലോഗ് എന്നൊരു സാധനമുണ്ടെന്ന് പറഞ്ഞ് തന്നത് കൂട്ട്കാരൻ ഹുസൈൻ വേളൂരായിരുന്നു, ആദ്യം വായനയായിരുന്നു, പിന്നെയും കുറച്ച് കഴിഞ്ഞാണ് ബ്ലോഗിൽ കുത്തിക്കുറിക്കാൻ തുടങ്ങിയത്. ഇതാകുമ്പോൾ എഴുതിയല്ലോന്ന് ഒരു സമാധാനവും ആരും കാണുന്നില്ലല്ലോ എന്ന് വേറൊരു സമാധാനവും. ഇതിനും എഡിറ്ററില്ലെങ്കിലും വായനക്കാരുമില്ലല്ലോ എന്ന മറ്റൊരാശ്വാസവുമുണ്ട്.... അത്യാവശ്യക്കാർക്ക് മാത്രം ലിങ്കയച്ച് കൊടുക്കാറുണ്ട് (ആർക്കാ ഇപ്പോ എന്റെ എഴുത്തിനത്യാവശ്യം എന്നൊന്നും ചോദിച്ച് വശം കെടുത്തരുത്). ചിലപ്പോൾ മാസങ്ങളോളം മറ്റ് ചിലപ്പോൾ വർഷങ്ങളോളം ഈ ബൈക്കേ വരൂല... ചിലപ്പോൾ അടുത്തടുത്ത ദിവസങ്ങളിൽ എന്തെങ്കിലുമൊക്കെ കുറിക്കും... ഇന്നുമാ ശീലം മാറിയിട്ടില്ല... ‘പത്രമെഴുത്തും’ അങ്ങനെത്തന്നെ.. ഏഷ്യാനെറ്റിന്റെ ഓൺലൈൻ മാഗസിനിൽ ഉപ്പയെക്കുറിച്ചുള്ള ഓർമകളെഴുതിയത് വന്നതാണ് മറ്റൊരു ഓൺലൈൻ ബന്ധം...https://www.asianetnews.com/magazine/hospital-days-bisher-kakkattu-para-plw23o

           അത് ഡയലി ഹണ്ടുകാർ അവരുടെ സൈറ്റിൽ കൊടുത്ത് കണ്ണീരോർമ്മകളെ  കൂടുതൽ പേരിലേക്കെത്തിച്ചു.https://m.dailyhunt.in/news/nepal/malayalam/asianet+news-epaper-asianene/uppa+ninne+vilikkunnu+nn+parany+iniyarum+enne+shallyam+cheyyilla+ennittum-newsid-107156099?ss=wsp&s=a

            ഫേസ്ബുക്കിലാകുമ്പോൾ നമ്മളെ ‘തള്ളി’ത്തരാൻ വേണ്ടി “ഓ... ഇജിപ്പോ ഭയങ്കര എഴുത്തുകാരനാണല്ലേ”ന്ന് ചോദിച്ച് ആരെങ്കിലും വന്നാൽ നാണം കെടേണ്ടല്ലോ...
         

             ഇടതനാണ്..., പക്ഷേ എന്നെ ഞാൻ തന്നെ ‘എഴുത്തിനിരുത്തുമ്പോൾ’ കുറച്ച് നേരം മാറ്റി നിർത്തും.  അത് കൊണ്ട് വിമർശിച്ചെഴുതിയിട്ടുള്ളതധികവും കൂട്ടുള്ളവരെത്തന്നെയാണ്.

          ഈ ‘പത്രെമെഴുത്തി’നിടയിൽ  ചില കുഞ്ഞനുഭവങ്ങളും പത്രക്കാരുമായുണ്ടായിട്ടുണ്ട്. അതിലൊന്ന് ഒരു പ്രമുഖ പത്രത്തിന്റെ മുഖപ്രസംഗത്തെ വിമർശിച്ച് കൊണ്ട് ആ പത്രത്തിലേക്ക് തന്നെ എഴുത്തയച്ചു...😂 അത് കുറച്ച് കനം കൂടിപ്പോയോ എന്നൊരു സംശയം ഉണ്ടായിരുന്നു... പക്ഷേ വസ്തുനിഷ്ടമായ വിമർശനമാണെന്നായിരുന്നു എന്റെ വിശ്വാസം. എനിക്കത്ര രസം തോന്നിയില്ല (എനിക്കത്രക്ക് വസ്തുനിഷ്ടത അനുഭവപ്പെട്ടില്ല) എന്ന് എഡിറ്റർ ആത്മഗതാഗതം നടത്തിക്കാണും...😔 പക്ഷേ അതോടെ അവർ മ്മളെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയെന്ന് തോന്നുന്നു. പിന്നീട് ആ പത്രത്തിൽ എന്റെ എഴുത്ത് വന്നിട്ടില്ല. അതോ അതിന് ശേഷം നമ്മളയച്ച എഴുത്തുകൾക്ക് നിലവാരമില്ലാത്തത് കൊണ്ടാണോ എന്നറിയില്ല കേട്ടോ... മറ്റൊരു സംഭവം ഞാനെഴുതി അയച്ച് കൊടുത്തത് ഒരു പത്രത്തിൽ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചത് കണ്ടപ്പോൾ മാന്യമായി അവരൊടതേപ്പറ്റി ചോദിച്ചു, എന്നാൽ ഉത്തരം കിട്ടിയില്ല. അതോടെ നിങ്ങളുടെ പത്രം ആരും വായിക്കില്ലെന്ന ധൈര്യം കൊണ്ടാണോ അങ്ങനെ ചെയ്തതെന്ന് ചോദിച്ചു...😎 അതോടെ നമ്മളവർക്കും ഹറാമായി. മറ്റൊരിക്കൽ എന്റെ ഇരട്ടപ്പേര് വെച്ചെഴുതിയ എഴുത്തിൽ പക്ഷേ എന്റെ അഡ്രസ് ഇംഗ്ലീഷിൽ കൊടുത്തിരുന്നു . (Bisher Thendath) അവരാ ഇരട്ടപ്പേര് കൊടുക്കാതെ ഇംഗ്ലീഷ് മലയാളത്തിലേക്ക് തർജമ ചെയ്തു... അവർക്കത് ബഷീറായിട്ടാണ് കിട്ടിയത് (അല്ലെങ്കിലും ഇങ്ങനെയൊരു പേര് ലോകത്താർക്കും കാണില്ല... ആ പേരിന്റെ പേരിലുണ്ടായ പൊല്ലാപ്പ് ഇബടെ ഞെക്കിയാൽ വായിക്കാം... https://kavumpuramvisheshangal.blogspot.com/2012/08/blog-post.html അങ്ങനെ ഇരട്ടപ്പേർ വരുന്നതും കാത്തിരുന്ന എന്നെ ബഷീറാക്കി വിട്ട് പത്രം മാന്യത കാണിച്ചു....

             ഇ-പേപ്പറുകൾ ലഭ്യമായിത്തുടങ്ങിയപ്പോൾ സൂക്ഷിച്ച് വെക്കാൻ എളുപ്പമായി. പക്ഷേ കുറച്ച് പഹയന്മാർ ഇപ്പോൾ കാശടച്ചാലേ ഇ പേപ്പർ തരുള്ളൂ... മാധ്യമം മുൻപ് ഫ്രീ ആയും പിന്നീട് വൈകുന്നേരം 5 മണിക്ക് ശേഷവും ഫ്രീ ആയി തന്നിരുന്നു.  ഒരു ദിവസം രാവിലെ തന്നെ ഞാൻ കമ്പ്യൂട്ടറിലെ സമയം മാറ്റി പരീക്ഷിച്ച് നോക്കി. സംഗതി സക്‌സസ്...😎 പക്ഷേ പിന്നീടവർ അഞ്ച് മണിക്ക് ശേഷവും തരാണ്ടായി. അത് കണ്ട് പിടിച്ചോ ആവോ..😠  ആ ലിങ്ക് ഇപ്പോഴും ഗൂഗിളിൽ ഉണ്ട്. പക്ഷേ തുറന്നാൽ വട്ടം കറങ്ങി നിൽക്കുകയല്ലാതെ മൂപ്പര് ഓപ്പണാകാറില്ല. അത് കൊണ്ടിപ്പോൾ കാശ് കൊടുത്ത് മേടിക്കും...


                അങ്ങനെയങ്ങനെ ഇവിടെ വരെ എത്തി നിൽക്കുന്നു.....






















































അഭിപ്രായങ്ങളൊന്നുമില്ല: