2008, മേയ് 8, വ്യാഴാഴ്‌ച

ഫുട്ബോള്‍ കളരി

ഫുട്ബോളിനോട് എനിക്കുള്ള വിരോധത്തിന് പിന്നില്‍ ഞങളുടെ ഗ്രാമത്തില്‍ നടക്കുന്ന വൈകുന്നേരങളിലെ ഒരു മണിക്കൂര്‍ തട്ടി മുട്ടിക്കളിയില്‍ അണ്ണാക്കിലെ വെള്ളം വറ്റുവോളം കിടന്ന് ഒ‍ാടിയാലും ഒരു തവണ കാലില്‍ പന്ത് കിട്ടിയാല്‍ തന്നെ അത്ഭുതം എന്നത് കൊണ്ടാണെന്ന് എന്റെ എതിരാളികള്‍ പറയുമെങ്കിലും പ്രധാന കാരണം അതായിരുന്നില്ല.

സംഭവം ഇതാണ്. തൊണ്ണൂറ്റി ആറിലെ ഒരു സായാഹ്നം. പതിവ് പോലെ അന്നും ഞാന്‍ കളിക്കാന്‍ പോയി. (കാര്യമൊന്നും ഇല്ലെങ്കിലും). ഒന്നുമില്ലെങ്കിലും ഞങളുടെ പാടത്തെ (ഞങളുടെ എന്ന് പറഞ്ഞാല്‍ എന്റെ അപ്പാപ്പന്റെ എന്നല്ല.) പ്രക്യതി ഭംഗി ആസ്വദിക്കാമല്ലോ എന്ന് കരുതി ഞാനും കളിക്കാനായി പാടത്ത് നേരത്തെ തന്നെ സന്നിഹിതനായി. കളിക്കാനറിയുന്നവര്‍ വന്നാല്‍ പിന്നെ എന്നെ കാണുക സ്റ്റാന്റ് ബൈ ബഞ്ചില്‍ കളിക്കാനിറക്കാത്ത കോച്ചിനോടുള്ള അമര്‍ഷം മുഖത്ത് രേഖപ്പെടുത്തി വിഷണ്ണനായി ഇരിക്കുന്ന കളിക്കാ‍രനാ‍യിട്ടാണ്. ഞങളുടെ നാട്ടിലെ ക്ലബ്ബിന് ബെഞ്ച് വാങാന്‍ ഫണ്ടില്ലാത്തത് കാരണം അടുത്തുള്ള മണ്‍പൊറ്റയിലാണ് ഇരിക്കാറുള്ളത്. ഏതായാലും അന്ന് കളി അറിയാ‍വുന്ന ഒരുത്തന് അവന്റെ അമ്മായിയുടെ വീട്ടില്‍ സത്ക്കാരം ഉള്ളത് കൊണ്ട് കളി നാളെയും ഉണ്ടാകും ബിരിയാണി ഇന്നത്തേത് പോയാല്‍ പോയത് തന്നെ എന്ന തത്വം അംഗീകരിച്ച് കൊണ്ട് അവന്‍ പോയത് കൊണ്ടും മറ്റൊരുവന് മോഷന്‍ ലൂസായത് (ലൂസ് മോഷന്‍) കൊണ്ടും എനിക്കന്ന് കാര്യമായ ഭീഷണി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

കളിക്കാന്‍ പതിനാലു പേരെ തികയാത്ത അന്ന് ഒന്നുമില്ലെങ്കിലും ആളെ തികക്കാമല്ലോ എന്ന് കരുതി എന്നെ ഹാര്‍ദവമായി ക്ഷണിക്കാറുള്ള ഞങളുടെ നാട്ടിലെ ആസ്ഥാന കളിക്കാരന്‍ അന്നും എന്നെ ക്ഷണിച്ചു. കാലില്‍ പന്ത് കിട്ടുന്നത് അപൂര്‍വ്വമാണെങ്കിലും മറ്റുള്ളവരുടെ കാലിനടിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കാത്ത എന്നെ അന്ന് ‘നീ ഗോളി നിന്നാല്‍ മതി’ എന്ന അവന്റെ ആജ്ഞ എന്നെ ഒരു ഗോളിയാക്കി മാറ്റി. നാല് ഗോള് വഴങിയാലും കുഴപ്പമില്ല, ഞൊണ്ടാതെ വീട്ടില്‍ പൊകാമല്ലോ എന്ന ചിന്തയാകും അദ്ദേഹത്തിന് അങനെ ഒരാജ്ഞ പുറപ്പെടുവിക്കാനുണ്ടായ ചേതോവികാരം. ‘നന്നായി‘ കളിക്കാനറിയുന്നവനെ ഗോളിയാക്കിയതിന്റെ പ്രതിഷേധമൊന്നും പ്രകടിപ്പിക്കാതെ പ്രകടിപ്പിച്ചാല്‍ പുറത്തിരിക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ടും ഞാന്‍ ഒരു പാവം ഗോളിയായി രൂപാന്തരം പ്രാപിച്ചു. ആദ്യത്തെ പത്ത് പതിനഞ്ച് മിനിറ്റുകളില്‍ എന്റെ ടീമിലെ കളിക്കാരുടെ മികവ് കൊണ്ട് എന്നെ പരീക്ഷിക്കുന്ന ഷോട്ടുകളൊന്നും വന്നില്ല. കളിയുടെ പതിനാറാം മിനുട്ടില്‍ ഇരുപത്തിനാലാം സെക്കന്റില്‍ ( വാച്ചിലെ ബാറ്ററി തീര്‍ന്നത് കാരണം സെക്കന്റ് ക്യത്യമായി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല) എന്റെ പോസ്റ്റിലേക്ക് ഒരടി വന്നു. പ്രശസ്ത കളിയെഴുത്ത്കാരന്‍ വിംസിയുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്നെ ലക്ഷ്യമാക്കി ബോള്‍ പാഞ്ഞ് വരുന്നു. ഞാന്‍ ഡാരന്‍ ലെഹ്മാനെ മനസ്സില്‍ ധ്യാനിച്ച് കൈ പൊക്കിയതേ ഒ‍ാര്‍മ്മയുള്ളൂ. യൂറോപ്യന്‍ ക്ലോസറ്റിലെ അമേദ്യം വട്ടം കറങി നിലം പതിക്കുന്ന പോലെ ഞാന്‍ നിലം പൊത്തി. എന്താടാ എന്ത് പറ്റി എന്ന ചോദ്യവുമായി എന്റെ അയല്‍ വാസിയായ ഒരു കാരണവര്‍ ചോദിച്ചപ്പോഴാണ് ഞാന്‍ ചുറ്റിലും നോക്കിയതും ഞാന്‍ ഹോസ്പിറ്റലിലാണെന്ന് മനസ്സിലായതും. ഏതായാലും അന്നത്തോടെ ഞാന്‍ ഫുട്ബോളില്‍ നിന്നും അകാലത്തില്‍ രാജി വെച്ചു. സാക്ഷാല്‍ മാറഡോണയോടും പെലെയോടും ഉണ്ടായിരുന്ന ഇഷ്ടത്തിനും അല്പം കുറവ് സംഭവിച്ചു. അവരാണല്ലോ ഈ കളി ജനകീയമാക്കിയതില്‍ മുന്‍പന്മാര്‍. അത് കൊണ്ടാണല്ലോ ഞങളുടെ നാട്ടിലും ഈ കളി വന്നതും ഞാന്‍ കളിച്ചതും അടി കൊണ്ടതും.

ശുഭം



തിരുവനന്തപുരത്തുകാരന്‍ സാബിര്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം (അവനൊരു പുണ്യാളനായത് കൊണ്ടൊന്നുമല്ല അവനെ ഈ ബ്ലോഗിന്റെ ആസ്ഥാന ഐശ്വര്യവാനാക്കിയത്, ഞങളുടെ ഇടയില്‍ കുറച്ച് ഗുരുത്വക്കേട് കുറവുള്ളത് അവനാണെന്നത് കൊണ്ടാണ്. പൊട്ടന്‍മാരുടെ ഇടയിലെ വിരുതന്‍ എന്നൊക്കെ പറയുംപോലെ)

കൊല്ലത്ത് കാരന്‍ ഫിറോഷ് ഈ ബ്ലോഗിന്റെ ശാപം.
പിന്നെ വേറൊരു വേങാടന്‍ ഉണ്ട്. വൈരങ്കോട്കാരന്‍ മിര്‍ഷാദ്. അവനെ ഈ ബ്ലോഗിന്റെ ഐശ്വര്യമാക്കണമെന്ന് പറഞ്ഞ് എനിക്ക് അവന്റെ ബയോഡാറ്റ സഹിതം ഒരു എഴുത്ത് കിട്ടിയിരുന്നു.സാബിറിനെ മാറ്റി അവനെ ഐശ്വര്യമാക്കുന്നതിനെക്കുറിച്ച് ഞാന്‍ പഠിച്ച് വരികയാണ്. അതിന് വേറൊരു കാരണം കൂടി ഉണ്ട്. എന്റെ ബ്ലോഗിന്റെ ഇപ്പോഴത്തെ ഐശ്വര്യമായ സാബിര്‍ ശമ്പളം കൂട്ടിത്തരണമെന്നും അവനെ വേറെ ചില ബ്ലോഗര്‍മാര്‍ അവരുടെ ഐശ്വര്യമാകാന്‍ ക്ഷണിച്ചിട്ടുണ്ട് എന്നും ശമ്പളം കൂട്ടിത്തന്നില്ലെങ്കില്‍ അവന്‍ അങോട്ട് പോകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ട് അധിന്ക നാളായിട്ടില്ല. അവന്‍ പോകുന്നതോടെ എന്റെ ബ്ലോഗിലെ ഐശ്വര്യമെല്ലാം പോകുമെന്നാണ് അവന്‍ പറയുന്നത്.
ഇങിനെ ഒക്കെ ആണെങ്കിലും വൈരങ്കോട് മിര്‍ഷാദിനെ എന്റെ ബ്ലോഗിന്റെ ഐശ്വര്യമാക്കാന്‍ എനിക്ക് രണ്ടല്ല പലവട്ടം ആലോചിക്കേണ്ടതുണ്ട്. കാരണം അവന്‍ ഒരു കാലമാടനാ‍ണ്. അവനെ ഞാന്‍ എന്റെ ബ്ലോഗിന്റെ ഐശ്വര്യമാക്കിയാല്‍ ഒരു പക്ഷെ അതോടെ എന്റെ ബ്ലോഗ് നശിച്ച് കുത്ത് പാളയെടുത്ത് ആര്‍ക്കെങ്കിലും കിട്ടിയാ കാശിന് വില്‍ക്കേണ്ടി വരും അത് കൊണ്ട് നല്ല വണ്ണം ആലോചിച്ച ശേഷമേ ഞാനൊരു തീരുമാനമെടുക്കൂ. അവന് ആകെയുള്ള ഒരു പ്ലസ് പോയിന്റ് വൈരങ്കോട് അമ്പലം അവന്റെ വീടിനടുത്താണ് എന്നുള്ളതാണ്. അവിടത്തെ ഐശ്വര്യം കാറ്റടിക്കുമ്പോള്‍ അവന്റെ മുറ്റത്ത് കൂടെ പോകുമെന്നും അതില്‍ കുറച്ച് അവന് കിട്ടാറുന്റെന്നും അവന്റെ ബയോഡാറ്റയില്‍ ഞാന്‍ കണ്ടു.
സമര്‍പ്പണം: ബ്ലോഗെന്നൊരു സാധനം ഉണ്ടെന്നും അതില്‍ നമുക്കു തോന്നുന്ന തോന്ന്യാസങളെല്ലാം തോന്നുന്ന നേരത്തെല്ലാം തോന്നുന്ന പോലെ എഴുതി വിടാമെന്നും പറഞ്ഞ് തന്ന എന്റെ പ്രിയ സുഹ്യത്ത് ശ്രീമാന്‍ വേളൂര്‍ ഹുസൈന്‍ എന്ന കാലമാടന്.

ഈ ബ്ലോഗിന്റെ ആധാരം എന്റെ പേരില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും എനിക്ക് മാത്രം അവകാശപ്പെട്ടതുമാണ്. ആയതിനാല്‍ ഈ ബ്ലോഗിന്റെ ആധാരത്തില്‍ വല്ല തിരിമറിയും നടത്തി ഈ ബ്ലോഗ് ആരെങ്കിലും കൈക്കലാക്കിയാല്‍.................






കൈക്കലാക്കിയവര്‍ തന്നെ എടുത്തോളണം. ഞാന്‍ തിരിച്ചെടുക്കുന്നതല്ല. പിന്നെ ആന തരാം ആ‍ട് തരാം എന്നൊന്നും പറഞ്ഞാല്‍ ഞാന്‍ തിരിച്ചെടുക്കില്ല.

2008, ജനുവരി 16, ബുധനാഴ്‌ച

മാനം പോയ നേരം അഥവാ നാണം പോയ നേരം

                വൈകുന്നേരങളില്‍ വെടി പറയാനും ഒരു ലൈംജ്യൂ‍സില്‍ രണ്ട് സ്ട്രോ ഇട്ട് ആകെ ഞങളുടെ അംഗസംഖ്യയുടെ പകുതി ലൈം വാങിക്കുടിക്കുവാനും വേണ്ടി ഞങളുടെ ഹോം ടൗണായ കാവുംപുറത്തേക്ക് വൈകുന്നേരങളില്‍ പോകുക പതിവാണ്. അങിനെയുള്ള ഒരു ദിവസമാണ് ഈ സംഭവം നടക്കുന്നത്. അന്ന് നാഷണല്‍ ഹൈവേയിലൂടെ ഓടുന്ന വാഹനങളുടെ കണക്കും അത്യാവശ്യം വെടി പറച്ചിലും കഴിഞ്ഞ് ബാക്കിയുള്ള വെടികള്‍ ഞങളുടെ ഗ്രാമമായ കക്കാട്ടു പാറയില്‍ പോയി പൊട്ടിക്കാനുമായി ഞങള്‍ ഞങളുടെ മഹത്തായ പഞ്ചായത്ത് നാല്‍പത്തിയേഴ് റോഡിലൂടെ ഞങളുടെ മനോഹര ഗ്രാമം ലക്ഷ്യമാക്കി നടന്നു. 

                  നേരം അപ്പോഴേക്കും നന്നേ ഇരുട്ടിയിരുന്നു. അന്ന് ഞങളുടെ റോഡ് അ റ റ കു റ റ പണിക്കായി (അറ്റകുറ്റപണി) മണ്ണ് കൊടുന്ന് കൂട്ടിയിട്ടിരിന്നു. മഴ പെയ്തത് കാരണം റോഡ് മുഴുവന്‍ ചെളിക്കുളമായിരുന്നു. ആകെപ്പാടെ ഒരു കുഴമ്പ് രൂപം. പോരാത്തതിന് കൂറ്റാകൂരിരുട്ടും. ഇത് താണ്ടി വേണം ഞങള്‍ക്ക് പോകാന്‍. വഴി ഞങള്‍ക്ക് മന:പാഠമായത് കൊണ്ട് ഞങള്‍ അങനെ തട്ടിയും മുട്ടിയും ചിലയിടങളില്‍ ചാടിയും മുന്നോട്ട് ഗമിക്കുന്നതിനിടയില്‍ ഒരു ജീപ്പ് മന്ദം മന്ദം ഞങളുടെ പിറകില്‍ വന്ന് കൊണ്ടിരുന്നു. റോഡ് ആകെ ചെളിക്കുളാമായതിനാല്‍ ജീപ്പ് വളരെ പതുക്കെയായിരുന്നു വന്നിരുന്നത്. അത് കൊണ്ട് ഒരു ഗുണമുണ്ടായി. ജീപ്പിന്റെ വെളിച്ചത്തില്‍ ഞങളുടെ നടത്തം കുറച്ച് കൂടെ സുഖകരമായി. ജീപ്പ് ഞങളുടെ അടുത്തെത്താനായി. ഞങള്‍ അഞ്ചെട്ട് പേര്‍ നിരന്നായിരുന്നു നടത്തം. അത് കാരണം ഞങള്‍ മാറിക്കൊടുക്കാതെ ജീപ്പിന് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. ജീപ്പ് ഞങളെ കടന്ന് പോയാല്‍ ഞങള്‍ വീണ്ടും അന്ധകാരത്തില്‍ ആണ്ട് പോകുമെന്നതിനാല്‍ ഞങളും മാറിക്കൊടുത്തില്ല. ജീപ്പ് ഞങളുടെ തൊട്ടടുത്തെത്തി. 

                  ഞങളും ഉറച്ച് തന്നെയായിരുന്നു. മാറിക്കൊടുത്തില്ല. ജീപ്പ് ഡ്രൈവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കാന്‍ തുടങി. ഞങളുടെ ചെവിക്കല്ല് തകരും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഞങള്‍ ആ നടത്തത്തിനിടയില്‍ ഒരു ഉച്ച കോടി (അതും രാത്രിയില്‍) ചേര്‍ന്നു. മുപ്പത് സെക്കന്റ് കൊണ്ട് തീരുമാനവും ഉണ്ടായി. അതുപ്രകാരം നേരത്തെ തന്നെ മുട്ടിന് മുകളിലേക്ക് മടക്കിക്കുത്തിയിരുന്ന മുണ്ട് ഞങളിലൊരാള്‍ വണ്‍, ടു, ത്രീ പറയുമ്പോള്‍ ഒരുമിച്ച് കര്‍ട്ടന്‍ ഉയര്‍ത്തണം. ഇതാണ് തീരുമാനം. അങനെ ഞങളില്‍ കാരണവരായ തിത്തിരി റെഡി, വണ്‍, ടു, ത്രീ പറഞ്ഞതും ഞങളെല്ലാവരും ഒരേ താളത്തില്‍ ഒരേ മനസ്സോടെ കര്‍ട്ടന്‍ പൊക്കി. അടുത്ത നിമിഷം ജീപ്പിന്റെ ഹോണടിയും ലൈറ്റും ഒരുമിച്ച് നിന്നു. ഡ്രൈവറും ജീപ്പിലുള്ളവരും ഒരു നിമിഷം ആകെ സ്തംഭിച്ച് പോയിരിക്കും. കാരണം ഞങളില്‍ നിന്നും ഇങനെ ഒരു നീക്കം അവര്‍ പ്രതീക്ഷിച്ച് കാണില്ല. മാത്രമല്ല. ഞങളില്‍ ചിലര്‍ അവരവരുടെ രാഷ്ട്രീയപാര്‍ട്ടിയുടെ കളര്‍ അടിയില്‍ അണിഞ്ഞിരുന്നെങ്കിലും മറ്റ് ചിലര്‍ സ്വതന്ത്രന്‍മാരായിരുന്നു. കുറച്ച് നേരത്തേക്ക് ആകെ നിശ്ശബ്ദത. അവനങിനെ തന്നെ വേണം എന്ന് പരസ്പരം പറഞ്ഞ് ചിരിച്ച് കൊണ്ട് വീണ്ടും ഞങള്‍ തപ്പിത്തടഞ്ഞ് നടക്കാന്‍ തുടങി. 

          ഈ സമയത്താണ് ജീപ്പില്‍ നിന്നും അശരീരി കണക്കെ ഒരു വിളി. എടാ ബാബൂ....... ഈശ്വരാ അതെന്റെ പേരാണല്ലോ എന്ന് തിരിച്ചറിഞ്ഞ ഞാന്‍ ഞെട്ടി. ശരിക്ക് ഞെട്ടിയത് ആ ശബ്ദം എന്റെ മൂത്ത അളിയന്റെയാണല്ലോ എന്ന് മനസ്സിലായപ്പോഴാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്ന ഞാന്‍ അടുത്ത നിമിഷത്തില്‍ കാളപൂട്ട് കണ്ടത്തിലൂടെ ഒടുന്ന പോലെ ആചെളിയിലൂടെ മുന്നോട്ട് ഒടി. അന്ന് വളരെ വൈകിയാണ് വീട്ടില്‍ എത്തിയത്. ഞാന്‍ ചെന്നപ്പോഴേക്ക് അളിയനും പെങളും എല്ലാം പോയിരുന്നു. പെങള്‍ എന്നെ കുറെ ചീത്ത വിളിച്ചാണ് പോയത് എന്ന് ഉമ്മ പറഞ്ഞു. ജീപ്പില്‍ അളിയന്റെ കൂടെ അളിയന്റെ പെങന്‍മാരും ഉണ്ടായിരുന്നത്രെ. ജീപ്പിന്റെ വെളിച്ചത്തില്‍ അവര്‍ കണ്ടതിന്റെ ആഘാതത്തില്‍ അവര്‍ കണ്ണ് പൊത്തിയത്രെ. സംഭവത്തിന്റെ ക്ലൈമാക്സ് വരുന്നത് കുറച്ച് ദിവസം കഴിഞ്ഞാണ്. ഈ സംഭവം കഴിഞതിന് ശേഷം ഞാന്‍ അളിയന്‍ വീ‍ട്ടില്‍ വന്നാല്‍ മുങുമായിരുനു. എന്നാല്‍ ഒരു ദിവസം ഞാന്‍ അളിയന്റെ മുന്നില്‍ പെട്ടു. ആകെ ചമ്മിയ എന്നോട് അളിയന്‍ പറഞ്ഞു. നിന്റെ ആ നരച്ച കോണം കണ്ടപ്പോഴാണ് എനിക്ക് ആളെ പിടി കിട്ടിയത് എന്ന്.