2008, ജനുവരി 16, ബുധനാഴ്‌ച

മാനം പോയ നേരം അഥവാ നാണം പോയ നേരം

                വൈകുന്നേരങളില്‍ വെടി പറയാനും ഒരു ലൈംജ്യൂ‍സില്‍ രണ്ട് സ്ട്രോ ഇട്ട് ആകെ ഞങളുടെ അംഗസംഖ്യയുടെ പകുതി ലൈം വാങിക്കുടിക്കുവാനും വേണ്ടി ഞങളുടെ ഹോം ടൗണായ കാവുംപുറത്തേക്ക് വൈകുന്നേരങളില്‍ പോകുക പതിവാണ്. അങിനെയുള്ള ഒരു ദിവസമാണ് ഈ സംഭവം നടക്കുന്നത്. അന്ന് നാഷണല്‍ ഹൈവേയിലൂടെ ഓടുന്ന വാഹനങളുടെ കണക്കും അത്യാവശ്യം വെടി പറച്ചിലും കഴിഞ്ഞ് ബാക്കിയുള്ള വെടികള്‍ ഞങളുടെ ഗ്രാമമായ കക്കാട്ടു പാറയില്‍ പോയി പൊട്ടിക്കാനുമായി ഞങള്‍ ഞങളുടെ മഹത്തായ പഞ്ചായത്ത് നാല്‍പത്തിയേഴ് റോഡിലൂടെ ഞങളുടെ മനോഹര ഗ്രാമം ലക്ഷ്യമാക്കി നടന്നു. 

                  നേരം അപ്പോഴേക്കും നന്നേ ഇരുട്ടിയിരുന്നു. അന്ന് ഞങളുടെ റോഡ് അ റ റ കു റ റ പണിക്കായി (അറ്റകുറ്റപണി) മണ്ണ് കൊടുന്ന് കൂട്ടിയിട്ടിരിന്നു. മഴ പെയ്തത് കാരണം റോഡ് മുഴുവന്‍ ചെളിക്കുളമായിരുന്നു. ആകെപ്പാടെ ഒരു കുഴമ്പ് രൂപം. പോരാത്തതിന് കൂറ്റാകൂരിരുട്ടും. ഇത് താണ്ടി വേണം ഞങള്‍ക്ക് പോകാന്‍. വഴി ഞങള്‍ക്ക് മന:പാഠമായത് കൊണ്ട് ഞങള്‍ അങനെ തട്ടിയും മുട്ടിയും ചിലയിടങളില്‍ ചാടിയും മുന്നോട്ട് ഗമിക്കുന്നതിനിടയില്‍ ഒരു ജീപ്പ് മന്ദം മന്ദം ഞങളുടെ പിറകില്‍ വന്ന് കൊണ്ടിരുന്നു. റോഡ് ആകെ ചെളിക്കുളാമായതിനാല്‍ ജീപ്പ് വളരെ പതുക്കെയായിരുന്നു വന്നിരുന്നത്. അത് കൊണ്ട് ഒരു ഗുണമുണ്ടായി. ജീപ്പിന്റെ വെളിച്ചത്തില്‍ ഞങളുടെ നടത്തം കുറച്ച് കൂടെ സുഖകരമായി. ജീപ്പ് ഞങളുടെ അടുത്തെത്താനായി. ഞങള്‍ അഞ്ചെട്ട് പേര്‍ നിരന്നായിരുന്നു നടത്തം. അത് കാരണം ഞങള്‍ മാറിക്കൊടുക്കാതെ ജീപ്പിന് മുന്നോട്ട് പോകാന്‍ കഴിയുമായിരുന്നില്ല. ജീപ്പ് ഞങളെ കടന്ന് പോയാല്‍ ഞങള്‍ വീണ്ടും അന്ധകാരത്തില്‍ ആണ്ട് പോകുമെന്നതിനാല്‍ ഞങളും മാറിക്കൊടുത്തില്ല. ജീപ്പ് ഞങളുടെ തൊട്ടടുത്തെത്തി. 

                  ഞങളും ഉറച്ച് തന്നെയായിരുന്നു. മാറിക്കൊടുത്തില്ല. ജീപ്പ് ഡ്രൈവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കാന്‍ തുടങി. ഞങളുടെ ചെവിക്കല്ല് തകരും എന്ന ഘട്ടത്തിലെത്തിയപ്പോള്‍ ഞങള്‍ ആ നടത്തത്തിനിടയില്‍ ഒരു ഉച്ച കോടി (അതും രാത്രിയില്‍) ചേര്‍ന്നു. മുപ്പത് സെക്കന്റ് കൊണ്ട് തീരുമാനവും ഉണ്ടായി. അതുപ്രകാരം നേരത്തെ തന്നെ മുട്ടിന് മുകളിലേക്ക് മടക്കിക്കുത്തിയിരുന്ന മുണ്ട് ഞങളിലൊരാള്‍ വണ്‍, ടു, ത്രീ പറയുമ്പോള്‍ ഒരുമിച്ച് കര്‍ട്ടന്‍ ഉയര്‍ത്തണം. ഇതാണ് തീരുമാനം. അങനെ ഞങളില്‍ കാരണവരായ തിത്തിരി റെഡി, വണ്‍, ടു, ത്രീ പറഞ്ഞതും ഞങളെല്ലാവരും ഒരേ താളത്തില്‍ ഒരേ മനസ്സോടെ കര്‍ട്ടന്‍ പൊക്കി. അടുത്ത നിമിഷം ജീപ്പിന്റെ ഹോണടിയും ലൈറ്റും ഒരുമിച്ച് നിന്നു. ഡ്രൈവറും ജീപ്പിലുള്ളവരും ഒരു നിമിഷം ആകെ സ്തംഭിച്ച് പോയിരിക്കും. കാരണം ഞങളില്‍ നിന്നും ഇങനെ ഒരു നീക്കം അവര്‍ പ്രതീക്ഷിച്ച് കാണില്ല. മാത്രമല്ല. ഞങളില്‍ ചിലര്‍ അവരവരുടെ രാഷ്ട്രീയപാര്‍ട്ടിയുടെ കളര്‍ അടിയില്‍ അണിഞ്ഞിരുന്നെങ്കിലും മറ്റ് ചിലര്‍ സ്വതന്ത്രന്‍മാരായിരുന്നു. കുറച്ച് നേരത്തേക്ക് ആകെ നിശ്ശബ്ദത. അവനങിനെ തന്നെ വേണം എന്ന് പരസ്പരം പറഞ്ഞ് ചിരിച്ച് കൊണ്ട് വീണ്ടും ഞങള്‍ തപ്പിത്തടഞ്ഞ് നടക്കാന്‍ തുടങി. 

          ഈ സമയത്താണ് ജീപ്പില്‍ നിന്നും അശരീരി കണക്കെ ഒരു വിളി. എടാ ബാബൂ....... ഈശ്വരാ അതെന്റെ പേരാണല്ലോ എന്ന് തിരിച്ചറിഞ്ഞ ഞാന്‍ ഞെട്ടി. ശരിക്ക് ഞെട്ടിയത് ആ ശബ്ദം എന്റെ മൂത്ത അളിയന്റെയാണല്ലോ എന്ന് മനസ്സിലായപ്പോഴാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്ന ഞാന്‍ അടുത്ത നിമിഷത്തില്‍ കാളപൂട്ട് കണ്ടത്തിലൂടെ ഒടുന്ന പോലെ ആചെളിയിലൂടെ മുന്നോട്ട് ഒടി. അന്ന് വളരെ വൈകിയാണ് വീട്ടില്‍ എത്തിയത്. ഞാന്‍ ചെന്നപ്പോഴേക്ക് അളിയനും പെങളും എല്ലാം പോയിരുന്നു. പെങള്‍ എന്നെ കുറെ ചീത്ത വിളിച്ചാണ് പോയത് എന്ന് ഉമ്മ പറഞ്ഞു. ജീപ്പില്‍ അളിയന്റെ കൂടെ അളിയന്റെ പെങന്‍മാരും ഉണ്ടായിരുന്നത്രെ. ജീപ്പിന്റെ വെളിച്ചത്തില്‍ അവര്‍ കണ്ടതിന്റെ ആഘാതത്തില്‍ അവര്‍ കണ്ണ് പൊത്തിയത്രെ. സംഭവത്തിന്റെ ക്ലൈമാക്സ് വരുന്നത് കുറച്ച് ദിവസം കഴിഞ്ഞാണ്. ഈ സംഭവം കഴിഞതിന് ശേഷം ഞാന്‍ അളിയന്‍ വീ‍ട്ടില്‍ വന്നാല്‍ മുങുമായിരുനു. എന്നാല്‍ ഒരു ദിവസം ഞാന്‍ അളിയന്റെ മുന്നില്‍ പെട്ടു. ആകെ ചമ്മിയ എന്നോട് അളിയന്‍ പറഞ്ഞു. നിന്റെ ആ നരച്ച കോണം കണ്ടപ്പോഴാണ് എനിക്ക് ആളെ പിടി കിട്ടിയത് എന്ന്.