2025 ഡിസംബർ 23, ചൊവ്വാഴ്ച

ബല്ലാത്ത ജാതി

       സങ്കടപ്പെടുത്തുന്ന ഒരു കാര്യമാലോചിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഓഫീസിലെ പുതിയ സ്റ്റാഫ് എന്തോ കാര്യം ചോദിച്ചോണ്ട് വന്നു, അവനുമായി സംസാരിച്ച് കഴിഞ്ഞപ്പോൾ മുൻപ് ആലോചിച്ച സങ്കടപ്പെടുത്തുന്ന കാര്യം മറന്ന് പോയി, അങ്ങനെ വിടാൻ പറ്റില്ലല്ലോ എന്നുറച്ച് "ആ സങ്കടപ്പെടുത്തിയ കാര്യം" പിന്നേം തല കുത്തി നിന്ന് ആലോചിച്ച് കണ്ട് പിടിച്ചു, ഇപ്പോ സങ്കടപ്പെട്ടിരിക്കുന്നു. സക്കീർ ഭായിക്ക് പറ്റോ ഇങ്ങനെയൊക്കെ...

2025 ഒക്‌ടോബർ 28, ചൊവ്വാഴ്ച

മാപ്പിളപ്പാട്ട്

പടച്ചോന്റെ കയ്യീന്ന് കൂലി കിട്ടുന്ന കാര്യങ്ങൾ തുരു തുരാ ഷെയർ ചെയ്യുന്ന പെമ്പർന്നോത്ത്യോര്ക്ക് എന്തായാലും പെണ്ണിന്റെ മുട്ടിന് താഴേക്കും ഔറത്താണെന്ന് അറിയാതിരിക്കാൻ വഴിയില്ല... അതെന്താ അങ്ങനെ ഒരു ടോക്ക്... അല്ല, ഈ കൂലി കിട്ടുന്ന കാര്യങ്ങൾ ഷെയർ ചെയ്യുമ്പോൾ അത് കണ്ട് ആരെങ്കിലും അത് ചെയ്‌താൽ നമുക്കും കൂലി കിട്ടും. 


പിന്നെന്താ പ്രശ്‌നം... 


സുന്നത്തായ കാര്യങ്ങളുടെ കൂടെ നിങ്ങളുടെ 'ഹറാമായ കയ്യും' Dp-യായി നാട്ട്കാര് കാണുമ്പോൾ ഏത് വകയിലുള്ള 'കൂലി'യാണ് കൂടുതൽ കിട്ടുകയെന്നെന്ന് കൂട്ടിക്കിഴിച്ച് നോക്കുന്നത് നന്നായിരിക്കും. മാപ്പിളപ്പാട്ടിലെ മ്യൂസിക്ക് പോലെയാകരുത് നിങ്ങളുടെ കട്ടിങ്ങും ഷെയറിങ്ങും... തുള്ളിക്കളിക്കുന്നത് സ്റ്റാറ്റസിടുന്നവരോട് അല്ലാട്ടാ...

2025 സെപ്റ്റംബർ 17, ബുധനാഴ്‌ച

ന്റെ കുട്ടി

       "ന്റെ കുട്ടി നല്ല കുട്ട്യാണ്, ന്റെ കുട്ടി ഒന്നുക്കുണ്ടാവൂലാ, ന്റെ കുട്ടീടത്ത് ഒരു തെറ്റൂല്ല്യ, ഒക്കെ ഓളെ കുട്ടീടത്താ, എന്തൊക്കെ പറഞ്ഞാലും ഓളെ കുട്ടീനെക്കാളും നല്ല കുട്ടി ന്റെ കുട്ട്യന്നേണ്" മേൽ പറഞ്ഞ ഡയലോഗെല്ലാം ഒരു പെണ്ണിന് ചേരും,  പടച്ചോനവരെ സൃഷ്ടിക്കാൻ കുഴച്ച മണ്ണിൽ അതും കൂടി ചേർത്താണ് ഭൂമിയിലേക്ക് വിട്ടതെന്ന് തോന്നാറുണ്ട് (അപ്പോ ആ ഓളെ കുട്ടീന്ന് പറഞ്ഞതിലേ ആ ഓളില്ലേ, ആ ഓളും ഓളെ കുട്ടീനെപ്പറ്റി ഇങ്ങനെക്കൊത്തന്നെയാകും ചിന്തിക്കുന്നതെന്ന് ഇപ്പുറത്തെ ഓളൊന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ, പക്ഷേ അങ്ങനെ ഒരിക്കലും ചിന്തിക്കൂല, അതല്ലേ അതിലെ ഒരിത്) 

      കൂട്ട് കുടുംബത്തിലെ പല തള്ളമാർക്കായി പിറന്ന കുഞ്ഞ് മക്കൾ തമ്മിൽ തല്ലും പിടിയുമുണ്ടാകുന്നു, കരച്ചിലും ബഹളവും കേട്ട് ഓടിയെത്തുന്ന തള്ളമാർ അതിലിടപെടുന്നു. കുഞ്ഞുങ്ങളുടെ പരാതി കേൾക്കുന്നു, തുടർന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് തന്റെ കുട്ടിയെക്കുറിച്ച് മറ്റുള്ളവർ കേൾക്കേ പറയും... "ഓനത്ര മോശക്കാരനൊന്നുമല്ല, ഓനും എന്തേങ്കിലുമൊക്കെ കാട്ടീട്ടുണ്ടാകുമെന്നൊക്കെ", പക്ഷേ അപ്പോഴൊക്കെ അവരുടെ ഉള്ളിലുണ്ടാകുക "ന്റെ കുട്ടി ഒന്നും കാട്ടീട്ടുണ്ടാവൂല, ഒക്കെ ഓളെ കുട്ട്യാവും" എന്നാകും.

     അപ്പോ പറഞ്ഞ് വന്നത് നമ്മളാരും തല കുത്തി നിന്നാലും പെണ്ണിന്റെ ഈ "ന്റെ കുട്ടി" പ്രശ്നം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്നതാണ്. പക്ഷേ പുരുഷന് ചേരാത്ത ഒരിക്കലും ചേരാൻ പാടില്ലാത്തതാണ് ഈ "ന്റെ കുട്ടി". ഒരു വിഷയം നമ്മുടെ മുൻപിലെത്തിയാൽ, അത് സാമ്പത്തികമോ മറ്റേതോ പ്രശ്നമാകട്ടെ മുൻ വിധിയോടെ ആരുടെ പക്ഷവും ചേരാതിരിക്കുക,  അത് സ്വന്തം മോനാവട്ടെ, ജ്യേഷ്ഠ്നാവട്ടെ, അനിയനാവട്ടെ, കുടുംബക്കാരനാകട്ടെ അതിന്റെ രണ്ട് വശവും കേൾക്കാതെ, കാണാതെ, പഠിക്കാതെ "ന്റെ കുട്ടി" എടുത്തിടരുത്. പിന്നീട് അതിലെ സത്യാവസ്ഥ പുറത്ത് വരികയും അത് നമ്മൾ നില കൊണ്ട പക്ഷത്തിന് വിരുദ്ധമാകുകയും ചെയ്‌താൽ തല പൂഴ്‌ത്താൻ സ്ത്രീകളേക്കാൾ പ്രയാസം പുരുഷനായിരിക്കും. 

     

       കാലം മാറി, അല്ല മനുഷ്യന്മാര് മാറി, അത് കൊണ്ട് തന്നെ നമ്മുടെ കൂടെ മിക്ക സമയവും ഉണ്ടാകുന്ന വ്യക്തിയാണെങ്കിൽ പോലും അയാൾ എന്തൊക്കെ ഒപ്പിക്കുന്നുണ്ടെന്ന് നമുക്കോ നമ്മൾ എന്തൊക്കെ ഏടാകൂടങ്ങൾ ഒപ്പിക്കുന്നുണ്ടെന്നവർക്കോ അറിയാൻ വയ്യാത്ത കാലമാണ്. ആയതിനാൽ കാള പെറ്റെന്നല്ല പശു പെറ്റൂന്ന് പറഞ്ഞാൽ പോലും ഒന്ന് പോയി നോക്കി ഉറപ്പ് വരുത്തുന്നതാണ് നല്ലത്.  ഇനി കാര്യങ്ങളന്വാഷിച്ചതിന് ശേഷം "ന്റെ കുട്ടി"ടത്ത് തന്നെയാണ് സത്യമെങ്കിൽ, നീതിയെങ്കിൽ പാറ പോലെ ഉറച്ച് നിൽക്കേണ്ടതിന്റെ ഉത്തരവാദിത്തവും സ്ത്രീകളേക്കാൾ പൂഷനുണ്ട്.


        വാൽ: എന്തിലുമേതിലും ചുഴിഞ്ഞ് നോക്കി സ്ത്രീ വിരുദ്ധത കണ്ടെത്തുന്നവരോടാണ്. "ആനക്ക് വാലും നാല് കാലും കൂടാതെ ഒരു തുമ്പിക്കൈയ്യുമുണ്ട്" എന്ന് പറഞ്ഞാൽ അത് ആനയെ അപമാനിക്കലാണെന്നാണ് വാദമെങ്കിൽ ഒന്നും പറയാനില്ല, പുരുഷന്മാരും സ്ത്രീകളും ഒരിക്കലും ഒരു പോലെയല്ല, ഒരു പോലെയാകില്ല, എല്ലാം കൊണ്ടും. ആയതിനാൽ രണ്ട് കൂട്ടർക്കും സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു വിഷയം കൈകാര്യം ചെയ്യുന്നതിലും വ്യത്യസ്ത രീതികളുമുണ്ടാകും. തിരക്കുള്ള ബസ്സിൽ കയറി പുരുഷന്റെ കുണ്ടിമ്മെ തോണ്ടി നാട്ട്കാരുടെ തല്ല് വാങ്ങിച്ച ഞരമ്പ് രോഗികളായ  എത്ര സ്ത്രീകളെ നിങ്ങൾക്ക് പരിചയമുണ്ട്, ഇല്ലല്ലേ... പക്ഷേ അങ്ങനെ ചെയ്യുന്ന പുരുഷന്മാരുടെ കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടാകും, എന്നാൽ അവരുടെ എണ്ണമെടുത്താൽ ആയിരത്തിൽ പത്ത് പേർ വരുമോ? അതില്ല, എന്നാൽ പരസ്യമായി ഇത്തരം ഞരമ്പ് രോഗം പ്രകടിപ്പിക്കുന്നവരിൽ 99 ശതമാനവും പുരുഷന്മാരായിരിക്കും. അത്രേയുള്ളൂ... എല്ലാവരും എന്നല്ല, ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം എന്നേയുള്ളൂ... ആണായാലും പെണ്ണായാലും.

          

2025 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

മനസ്സിന്റെ ഗുരുത്വാകർഷണ ബലം

   




    ഉയർന്ന് പൊങ്ങാൻ നേരം വിമാനത്തിന്റെ എഞ്ചിന് നല്ല ഇടങ്ങേറുണ്ടാകാൻ കാരണം ഗുരുത്വാകർഷണ ബലം മിനക്കേടുണ്ടാക്കുന്നത് കൊണ്ട് മാത്രമല്ല, നാട്ടിൽ കുറ്റിയടിപ്പിച്ച് നിർത്തിയ മനസ്സുള്ള മനുഷ്യരേയും കൊണ്ടുയരുന്നത് കൊണ്ട് കൂടിയാണ്....  

2025 ജൂലൈ 4, വെള്ളിയാഴ്‌ച

പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, സങ്കടങ്ങൾ....

      വീണ്ടുമൊരു യാത്രക്കുള്ള തയ്യാറെടുപ്പിലാണ്, എന്തൊക്കെയോ പ്ലാനുകളുണ്ട്, കക്കൂസിലിരുന്ന് വരെ പ്ലാനിങ്ങാണ്. നാട്ടിൽ ചെന്നിട്ട് അത് ചെയ്യണം, ഇത് ശരിയാക്കണം, മറ്റേത് മറ്റോട്ത്ത്ന്ന് മാറ്റി ഇങ്ങോട്ട് വെക്കണം, ഇതങ്ങോട്ട് കൊണ്ട് പോകണം, പിന്നെ എവിടെത്തേക്കൊക്കെയോ ഉള്ള യാത്രകൾ... അവസാനം തിരിച്ച് വിമാനം കയറുന്ന അവസരത്തിൽ അടുത്ത തവണ എന്തായാലും ഇതൊക്കെ നടത്തണമെന്ന ചിന്തയാകും. ഇതിങ്ങനെ പല തവണ റീ റിലീസ് ചെയ്യാൻ തുടങ്ങിയിട്ട് കാലമേറെയായി. 


ചില കാര്യങ്ങളെങ്കിലും ചെയ്യാതെ, നടക്കാതെ പോകുന്നത് പ്രത്യേഗിച്ച് തിരക്കൊന്നുമുണ്ടായിട്ടല്ലെന്നതാണ് സങ്കടം... ചിലതാണെങ്കിലോ എത്ര തല കുത്തിമറിഞ്ഞാലും നടക്കാതെ പോകുന്നവ...



പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, പിന്നെ ചിലതെല്ലാം നടക്കാതെ പോകുമ്പോഴുണ്ടാകുന്ന സങ്കടങ്ങൾ.... അവസാനം വീണ്ടും തുഴയാൻ തോന്നുന്നതിന് ഒറ്റ കാരണമേ ഉള്ളൂ.... ദൂരെയെവിടെയോ വെളിച്ചത്തിന്റെ ഒരു നുറുങ്ങ് വെട്ടം നമ്മളേയും കാത്തിരിപ്പുണ്ടെന്ന ഒരു കുഞ്ഞ് തോന്നൽ....

2025 ജൂൺ 19, വ്യാഴാഴ്‌ച

താത്വികാചാര്യനായിട്ട് കാര്യമില്ല

 വി. ശിവൻ കുട്ടിയും എം.വി ഗോവിന്ദനും കൂടി കാറിൽ പോകുമ്പോൾ വഴിയിലൊരു ബോർഡ് കണ്ടു, അതിൽ ഇങ്ങനെ കുറിച്ചിരുന്നു...


"എന്ത് സംസാരിക്കണം എന്നത് അറിവാണ്. എപ്പോൾ, എങ്ങനെ സംസാരിക്കണമെന്നത് ബുദ്ധിയും." (Unknown Author)


ഇതാരെഴുതിയതാണെന്ന് ചാറ്റ് ജി.പി.ടിയോട് ചോദിച്ചപ്പോഴും ഒരാളെ ഉറപ്പിച്ച് പറയാൻ പറ്റില്ലെന്നാണ് മൂപ്പരും പറയുന്നത്... ഏതായാലും ആരുടെ വരികളാണെന്ന് ഇന്നന്വാഷിച്ചവരുടെ കൂട്ടത്തിൽ എം.വി ഗോവിന്ദനുണ്ടാകും...

2025 മേയ് 11, ഞായറാഴ്‌ച

മനസ്സ്

മനസ്സമാധാനത്തോടെ ചൊറിയും കുത്തിയിരിക്കുമ്പോ ഭൂതകാലത്തിലെ നൊമ്പരങ്ങളോരോന്നോരോന്നായി കുത്തിപ്പൊക്കിക്കൊണ്ട് വന്ന്  "എന്താ അതോർക്കാത്തേന്ന്" ചോദിക്കലാണ് മൂപ്പരുടെ പ്രധാന ഹോബി...