2009, ജൂൺ 3, ബുധനാഴ്‌ച

ലാഭത്തില്‍ വിറ്റ ഒരു സൈക്കിള്‍

ഞാനൊരു പ്രവാസിയായി രൂപാന്തരം പ്രാപിച്ച് ഇന്നേക്ക് അഞ്ച് വര്‍ഷവും മൂന്ന് മാസവും ആറ് ദിവസവുമായി. എന്നോടുള്ള സ്നേഹം കാരണവും ഞാന്‍ വീട്ട് കാര്‍ക്ക് നല്ല പേരുണ്ടാക്കിക്കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്തത് കൊണ്ടും എനിക്ക് പതിനെട്ട് വയസ്സ് തികയാന്‍ കാത്തു നിന്നിരുന്ന എന്റെ വീട്ടുകാര്‍ എന്നെ നാടുകടത്തി. ദുരന്തത്തിന് ശേഷം ഞാന്‍ എത്തിപ്പെട്ട അല്‍-ഐന്‍ എന്ന എന്റെ ഗള്‍ഫിലെ തറവാട്ടില്‍ എനിക്ക് കുറെ നല്ല സുഹ്യത്തുക്കളെ കിട്ടി. അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്റെ ഒരു സുഹ്യത്താണ് റഷീദ്. അവനെക്കുറിച്ച് പറയാന്‍ ഒരു പാടുണ്ട്. ചുരുക്കി പറഞ്ഞാല്‍ കണ്ടതെല്ലാം വിളിച്ച് പറയുന്ന ഒരു ശുദ്ധന്‍. പണ്ട് രാജാവ് നഗ്നനാണെന്ന് പറഞ്ഞ കുട്ടിയുടെ ചേട്ടനായി പരിഗണിക്കാവുന്ന ഒരു പഹയന്‍. അവന്‍ ഇവിടെ വന്ന് ആദ്യം കഴിച്ച സാന്റ്വിച്ച് പൊതിഞ്ഞിരുന്ന പേപ്പര്‍ പിറ്റേന്ന് രണ്ടിന് പോയപ്പോഴാണ് തിരിച്ച് കിട്ടിയതത്രെ. ഇവന്‍ ഇങനെ ശുദ്ധനാകാന്‍ വേറൊരു കാരണം കൂടി ഉണ്ടെന്ന് കേള്‍ക്കുന്നു. അത് എന്താണെന്ന് വെച്ചാല്‍ അടുത്ത കാലത്താണ് അവന്റെ നാട്ടില്‍ വെളിച്ചവും (കരണ്ട്, അവന്റെ നാട്ടിലെ ഭാഷയില്‍ പറഞ്ഞാല്‍ താഴോട്ട് കത്തുന്ന ചിമ്മിണീ വിളക്ക്) ടെലിഫോണും എന്തിനധികം ഒരു മോട്ടോര്‍ സൈക്കിള്‍ വരെ എത്തിയത്. എന്റെ നാടായ കാവുമ്പുറം എന്ന മെട്രോ പോളിറ്റന്‍ സിറ്റിയില്‍ നിന്നാണ് ആദ്യമായി ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് അവന്റെ നാട്ടിലെത്തിയത്. അതിനു കുറച്ച് മുന്‍പായിരുന്നു അജ്ഞാത ജീവി ആടുകളെ കൊന്ന സംഭവം നടന്നത്. അന്ന് അവരുടെ നാട്ടില്‍ ബുള്ളറ്റുമായെത്തിയ എന്റെ നാട്ടുകാരനെ അവന്റെ നാട്ടുകാര്‍ പൊതിരെ തല്ലി. നമ്മുടെ ആടുകളെ കൊന്ന അജ്ഞാത ജീവിയുടെ മുതലാളി ഇതാ അതിന്റെ പുറത്ത് കയറി വരുന്നെടാ എന്നും പറഞ്ഞായിരുന്നു അടി. ബുള്ളറ്റിനും കിട്ടി മൂന്നാലെണ്ണം.








ഏതായാലും കാര്യത്തിലേക്ക് കടക്കാം.




അവന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. വീട്ടിലെ അടക്കയും തേങയും അടിച്ചു മാറ്റി വിറ്റ് കിട്ടിയ കാശ് എടുത്ത് വെച്ച് അവന്‍ ഒരു സൈക്കിള്‍ വാങി. സൈക്കിള്‍ വാങി അധികം കഴിയുന്നതിന് മുന്‍പ് അവന്റെ ഉപ്പ ഗള്‍ഫില്‍ നിന്നും വന്നു. മുറ്റത്ത് കിടക്കുന്ന സൈക്കിള്‍ കണ്ട അദ്ദേഹത്തിന് ദേഷ്യം പിടിച്ചു (പണ്ട് സൈക്കിളി നിന്നും വീണ് കയ്യിന് പരിക്ക് പറ്റിയ അദ്ദേഹത്തിന് സൈക്കിള്‍ കണ്ടാല്‍ കിരീടത്തില്‍ കിരീക്കാടന്‍ ജോസിന് മോഹലാലിന്റെ കഥാപാത്രത്തെ കണ്ടത് പോലെയാണ്) അത് കൊണ്ട് തന്നെ അദ്ദേഹം പ്രഖ്യാപിച്ചു, സൈക്കിള്‍ നാല്പത്തി ഏട്ട് മണിക്കൂറിനകം ഇവിടെ നിന്നും പോകേണ്ടതാണ്. അങിനെ അവന്‍ അത് വിക്കാനുള്ള ശ്രമം ആരംഭിച്ചു. പലരും വന്ന് നോക്കി. പിക്കപ്പ് ഇല്ല, മൈലേജ് പോര, പുള്ളിങ് കുറവാണ്, ടയര്‍ എം.ആര്‍.എഫ് അല്ല, ചെയിന്‍ കവര്‍ ഇല്ല തുടങി പല കാരണങള്‍ പറഞ്ഞ് അവര്‍ പിന്‍ വാങി. അങിനെ ഇരിക്കെ ഒരാള്‍ വന്നു.ഞാനെത്ര സൈക്കിള്‍ കണ്ടതാ എന്ന ഭാവത്തില്‍ അദ്ദേഹം സൈക്കിളിന് ചുറ്റും പോത്തിനെ വാങാന്‍ വന്നയാള്‍ പോത്തിന് ചുറ്റും നടന്ന് നോക്കുന്ന പോലെ രണ്ട് റൌണ്ട് നടന്നു, ശേഷം പറഞ്ഞു. ഒരുപാട് കുഴപ്പം ഉണ്ട്. മാത്രമല്ല ബുക്കും പേപ്പറും ക്ലിയര്‍ അല്ല. ഇന്‍ഷൂറന്‍സ് ഫുള്‍ കവര്‍ അല്ല. അത് കൊണ്ട് നൂറ്റി എഴുപത്തി അഞ്ചിനാണെങ്കില്‍ ഞാന്‍ എടുത്തോളാം. നൂറ്റി ഇരുപത്തി അഞ്ച് രൂപക്ക് വാങിയ സൈക്കിളിന് നൂ‍റ്റി എഴുപത്തി അഞ്ച് പറഞ്ഞ മഹാനോട് ഉള്ളില്‍ ബഹുമാനവും അതോടൊപ്പം സന്തോഷവും തോന്നിയെങ്കിലും പോരുന്നെങ്കില്‍ പോരട്ടെ എന്ന നിലക്ക് അവന്‍ ഇരുനൂറ് പറഞ്ഞ് നോക്കി. എന്നാല്‍ അദ്ദേഹം വഴങിയില്ല. വിലക്കല്ലെങ്കില്‍ ഞാന്‍ പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവന്‍ എത്രയും പെട്ടെന്ന് അയാള്‍ കൊടുത്ത കാശ് വാങി പോക്കറ്റിലിട്ടു. അല്ലെങ്കില്‍ തന്റെ സൈക്കിള്‍ കെട്ടിക്കാന്‍ പ്രായമായ മക്കളുടെ തന്തമാര്‍ ബ്രോക്കര്‍ ഫീസ് കൊടുത്ത് ഇടങേറാകുന്നത് പോലെ ഇടങേറാകണ്ട എന്ന് കരുതി പെട്ടെന്ന് തന്നെ കാശ് വാങി.

സന്തോഷാധിക്യത്താല്‍ അവന്‍ ഉമ്മയുടെ അടുത്തേക്ക് ഒ›ടിച്ചെന്ന് പറഞ്ഞു. ഉമ്മാ ഞാന്‍ നൂറ്റി ഇരുപത്തി അഞ്ച് രൂപക്ക് വാങിയ സൈക്കിള്‍ നൂറ്റി എഴുപത്തി അഞ്ച് രൂപക്ക് വിറ്റു. ഇതു പറഞ്ഞ കഴിയുന്നതിന് മുന്‍പ് ഒരാര്‍ത്തനാദം കേട്ടു. തിരിച്ച് അതേസ്പീഡില്‍ പുറത്തേക്ക് ഒ›ടി ശബ്ദത്തിന്റെ ഉറവിടം ചെന്ന് നോക്കിയപ്പോള്‍ സൈക്കിളും അത് വാങിയ മഹാനും അവരുടെ കല്ല് വെട്ട് കുഴിയില്‍ വീണ് കിടക്കുന്നു!!!


സൈക്കിളിന്റെ ടയര്‍ മരിച്ച് കിടക്കുന്നവന്റെ നെഞ്ചത്ത് റീത്ത് വെച്ചത് പോലെ അവന്റെ നെഞ്ചില്‍ കിടക്കുന്നു. പിന്നെ നമ്മുടെ കഥാനായകന്‍ ഒട്ടും അമാന്തിച്ചില്ല. പണ്ടെ ഹ്യദയാലുവായ എന്റെ പ്രിയ സുഹ്യത്ത് അവനേയും എടുത്ത് ഒരു ഒ›ട്ടോ പിടിച്ച് ആശുപത്രിയിലേക്ക് പോയി. ഒ›ട്ടോ ചാര്‍ജ് എണ്‍പത് രൂപ, മുന്നൂറ്റി നാല്പത്തി അഞ്ച് രൂപ അന്‍പത് പൈസ ആശുപത്രി ചിലവ് 345.50 നഷ്ടം 250 രൂപ 50 പൈസ. അവസാനം എല്ലം കഴിഞ് വിതുമ്പുന്ന ഹ്യദയവുമായി വീട്ടില്‍ തിരിച്ചെത്തിയ അവ്ന്‍ വൈകുന്നേരം അങാടിയിലേക്ക് പോയി. ഇടിത്തീ പോലെ മറ്റൊരു വാര്‍ത്ത അവനേയും കാത്ത് അങാടിയില്‍ നില്പുണ്ടായിരുന്നു. സൈക്കിളിന്റെ വിലയായ 175 തിരിച്ച് കിട്ടണമെന്നും മാത്രമല്ല ഇനിയും ആശുപത്രിയില്‍ പോകാനുള്ളത് കൊണ്ട് നഷ്ടപരിഹാരമായി ഒരു തുക കിട്ടണമെന്നും ആയിരുന്നു ആ സ്ഥിരീകരിക്കാത്ത വാര്‍ത്ത.

അഭിപ്രായങ്ങളൊന്നുമില്ല: