2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ആവേശക്കമ്മിറ്റിക്കാർ സമുദായത്തിന് നേടിത്തന്നത്

 

          പി.എഫ്.ഐ. ഓഫീസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി നടന്ന റെയ്ഡിനെത്തുടർന്ന് നേതാക്കന്മാരെ കസ്റ്റടിയിലെടുത്തതിൽ പ്രതിഷേധിച്ച് പി.എഫ്.ഐ നടത്തിയ ഹർത്താൽ അഴിഞ്ഞാട്ടം അക്ഷരാർത്ഥത്തിൽ സംഘ്പരിവാർ ശക്തികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ 'ജിഹാദികളാൽ' കിടക്കപ്പൊറുതിയില്ലാതായ ഭുരിപക്ഷ വിഭാഗങ്ങളെക്കുറിച്ച് ഇനിയവർക്ക് രാജ്യത്തുടനീളം ഘോരഘോരം പ്രസംഗിക്കാം, അക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അതവർ എപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

        സിമി നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഉന്മൂലന സിദ്ധാന്തം തത്ക്കാലത്തേക്ക് പെട്ടിയിലടക്കി വെച്ചെങ്കിലും ഏറെക്കാലം അടക്കി വെക്കാൻ കഴിയാത്ത ആ തിരത്തള്ളൽ പുറത്തെടുക്കാൻ അതിന്റെ തലപ്പത്തുള്ളവർ കണ്ടെത്തിയ മാർഗമായിരുന്നു ഈ ആവേശക്കമ്മിറ്റിക്കാരുടെ ആദ്യരൂപമായ എൻ.ഡി.എഫ്. അത് കൊണ്ട് തന്നെ ചരിത്രം ഏത് വിധേന സംഘപരിവാർ ശക്തികൾ വളച്ചൊടിക്കുന്നോ അതേ രീതി പി.എഫ്.ഐയും പിന്തുടരുന്നു എന്നത് ഒരു അത്ഭുതമൊന്നുമല്ല,  കാരണം ചരിത്രം സത്യസന്ധമായി അവതരിപ്പിച്ചാൽ അണികളുടെ രകതം തിളപ്പിച്ച് എടുത്ത് ചാടിക്കാൻ കഴിയില്ലെന്ന് ഇത്തരം ശക്തികൾക്ക് നന്നായറിയാം,  അത് കൊണ്ടാണ്   ഇവരുടെ നേതാവ് അഫ്‍സൽ ഖാസിമി ചരിത്രം പറഞ്ഞപ്പോൾ പറഞ്ഞ പാതി തന്നെ അർധ സത്യമായതും സഹിഷ്‌ണുതയുടെ പാതി മനപ്പൂർവ്വം വിട്ട് കളഞ്ഞതും. ഈ  വഹാബി മൗദൂദികൾ സ്വയം കൃതാനർത്ഥം കുഴപ്പങ്ങളിൽ ചെന്ന് ചേരുമ്പോൾ മാത്രം അവരിൽ നിന്നും അന്തരീക്ഷത്തിൽ ഉയർന്ന് കേൾക്കുന്ന 'ഫാഷിസത്തെ ചെറുക്കാൻ ഒരുമിച്ച് നിൽക്കുക' എന്ന മുദ്രാവാക്യവും ഇരവാദവുമൊന്നും പക്ഷേ ആരും ഏറ്റെടുക്കില്ലെന്ന് ഇപ്പോൾ അവർക്ക് തന്നെ മനസ്സിലായിട്ടുണ്ട്. സംഗതി വംശഹത്യ നടത്തിയതിന് സംഘ്പരിവാരങ്ങളെ ഹിറ്റ്ലർ കസ്റ്റഡിയിലെടുത്തത് പോലെയാണ് കേന്ദ്രസർക്കാറിന്റെ കളിപ്പാവയായി മാറിയ ഇ.ഡിയും എൻ.ഐ.എയുമൊക്കെ ഇപ്പോൾ പി.എഫ്.ഐക്കെതിരെ നടത്തിയ ഓപറേഷനും.  പക്ഷേ ഇരവാദം പറയാൻ ന്യായമില്ലാത്ത തരത്തിലുള്ള പ്രസംഗങ്ങളും പ്രവർത്തികളുമാണ് കാലങ്ങളായി അവർ നടത്തിക്കൊണ്ടിരിക്കുന്നത്.   

      ഏതായാലും സമുദായത്തിന് ഉള്ള സമാധാനം കൂടി ഇല്ലാതാക്കിത്തന്ന ഇവരെ നിരോധിച്ചാലും ഈ ആശയവും പേറി നടക്കുന്നവർ ഇവിടെ ഇനിയും ശേഷിക്കുന്നതിനാൽ സംഘപരിവാർ ശക്തികളുടെ കുതന്ത്രങ്ങൾക്കെതിരെ ഏത് വിധം ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ടോ അതേ ജാഗ്രതയിൽ എല്ലാ മനുഷ്യരും പ്രത്യേഗിച്ച് മുസ്ലിം സമുദായം നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.


അഭിപ്രായങ്ങളൊന്നുമില്ല: