നോവാകുന്ന പെൺകുട്ടികൾ
ഉയർന്ന സ്ത്രീധനം
ആവശ്യപ്പെട്ട് വിവാഹം മുടങ്ങിയതിനെത്തുടർന്ന് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത
സംഭവത്തിൽ മറ്റൊരു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്ത്രീധനം
ആവശ്യപ്പെട്ട് വരുന്നവനോട് മുഖ്യമന്ത്രി പറഞ്ഞ പോലെ "താൻ പോടോ" എന്ന്
പറയാൻ നമ്മുടെ പെൺകുട്ടികൾ ഇനിയുമെന്നാണ് പഠിക്കുക.
ജീവനേക്കാളേറെ സ്നേഹിച്ചവൻ സമ്പത്തിന് വേണ്ടി
തന്നെ വേണ്ടെന്ന് വെക്കുമ്പോൾ ആ ഷോക്കിൽ നിന്ന് മുക്തമാകാൻ പ്രയാസമായിരിക്കും, പക്ഷേ അതിൽ നിന്ന് പുറത്ത് കടന്നേ പറ്റൂ. കാരണം
നമുക്ക് പ്രിയപ്പെട്ടവർ നമ്മളെയല്ല സ്നേഹിച്ചതെന്ന സത്യം മനസ്സിലായിക്കഴിയുന്ന മുറക്ക്
അവരെയോർത്ത് നമ്മുടെ ജീവനും കൂടി ബലി കഴിക്കണോ എന്ന് ചിന്തിക്കണം, നമ്മളെന്നും കാണുന്നവരിൽ ഒരാൾ മാത്രമാണെന്ന ലാഘവത്തിൽ അവർക്ക് മുന്നിൽ ചിരിച്ച്
കൊണ്ട് നടക്കണം. ഒരിക്കലും ചികിത്സിച്ച്
ഭേദമാക്കാൻ കഴിയാത്ത മാനസിക നിലയുള്ള രോഗിയോട് തോന്നുന്ന സഹതാപം മാത്രമേ അവരർഹിക്കുന്നുള്ളൂ
എന്ന് മനസ്സിലാക്കണം.
കേരളത്തെ നടുക്കിയ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമരമുഖത്ത് മുൻ നിരയിൽ
നിന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വികാരഭരിതനായി സംസാരിച്ചയാളാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ള
ഡോ. റുവൈസ്. ഒരു പക്ഷേ ഷഹനയെന്ന പെൺകുട്ടിയുടെ
മനസ്സിൽ ഇത്രമേൽ ആഴത്തിൽ റുവൈസ് പതിയാനുള്ള ഒരു കാരണം സഹപ്രവർത്തകക്ക് വേണ്ടി ധീരമായി
പോരാടുന്ന സമര നായകനെന്ന നിലക്കുമായിരിക്കാം. ഒരു സഹപ്രവർത്തകക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി
ഇടപെടുന്നയാൾ അയാളുടെ സ്വന്തമാകുന്ന തനിക്ക് വേണ്ടി മരിക്കാനും തയ്യാറാകുമെന്ന ചിന്തയെല്ലാം
ഒരൊറ്റ നിമിഷത്തിൽ തകർന്ന് പോകുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ നിന്നും അയാളിലെ കാപട്യം
തിരിച്ചറിഞ്ഞ് കര കയറാൻ വിദ്യാസമ്പന്നയായ ആ പെൺകുട്ടിക്ക് കഴിയാതെ പോയി.
സ്ത്രീധനം ചോദിച്ചവനെ ആട്ടിപ്പുറത്താക്കുക മാത്രമല്ല അത് ചോദിച്ചവന്റെ പേര് വിവരമടക്കം
സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടാൻ പെൺകുട്ടികൾ തയ്യാറായാൽ സ്ത്രീധനവും ചോദിച്ച് വരാൻ
ഒന്ന് മടിക്കും. അതിനി ജീവൻ കൊടുത്ത് പ്രണയിച്ചവനാണെങ്കിലും മറ്റ് രീതിയിൽ ആലോചന വന്നതാണെങ്കിലും.
ഹാഷ്ടാഗ് ക്യാംപെയ്ന്റെ ഈ കാലത്ത് പരീക്ഷിക്കാവുന്ന ഒരു കാര്യമാണത്. "എനിക്ക്
വിവാഹമാലോചിക്കുന്നുണ്ട്, സ്ത്രീധനം ചോദിച്ച് വരുന്നവരുടെ മേൽവിലാസവും
ചോദിച്ച കാര്യവുമടക്കം പുറത്ത് വിടുന്നതാണ്" എന്ന് പെൺകുട്ടികൾ പറഞ്ഞ് തുടങ്ങട്ടേ,
കുടുംബം അതിന് പിന്തുണ നൽകട്ടേ, സമൂഹം അതേറ്റെടുക്കട്ടേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ