മൻസൻമാരെ അവസ്ഥ...
കൂട്ട്കാരനും ബ്ലോഗ് പരിചയപ്പെടുത്തിത്തന്നവനും സർവ്വോപരി 'മാധ്യമം' പത്രത്തിൻ്റെ കുള്യാണ്ടറുമായ ഹുസൈൻ വേളൂർ ഒരിക്കൽ കമോൺ കേരള എക്സ്പോക്ക് ടിക്കറ്റെടുത്തവരിൽ നിന്ന് (എന്നാണോർമ്മ) നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനാർഹനായ വ്യക്തിക്ക് ഒരു ഫ്ലാറ്റ് സമ്മാനം കിട്ടിയതിൻ്റെ ഒരു പോസ്റ്റർ എനിക്ക് വാട്സാപ്പിൽ അയച്ച് തരുന്നു...
അതിനെൻ്റെ മറുപടി: നിനക്കല്ലല്ലോ... ആയിരുന്നെങ്കിൽ എൻ്റെ ഒരാഴ്ചത്തെ ഉറക്കം പോയേനെ...
അതിനവൻ്റെ മറുപടി കണ്ണ് തുറിച്ച ഒരു ഇമോജിയായിരുന്നു...
ഞാൻ പറഞ്ഞു... കണ്ണ് തുറിക്കണ്ട, അതാണ് സത്യം, കാരണം ഞാനറിയാത്ത എന്നെ അറിയാത്ത ഏതോ ഒരുത്തന് ഇനി ഫ്ലാറ്റല്ല എന്ത് കുന്തം കിട്ടിയാലും എനിക്കെന്താ..? പക്ഷേ അത് പോലാണോ നിനക്ക് കിട്ടിയാലുള്ള അവസ്ഥ. നീ എന്റെ അയൽവാസി കൂടിയാണ്. നിനക്കെന്ത് അഭിവൃദ്ധിയുണ്ടായാലും അതെന്റെ കൺമുൻപിലായി എനിക്ക് കാണാം... അതാണെന്റെ വിഷമം... എന്റെ മാത്രമല്ല, നിനക്കിത് കിട്ടിയിരുന്നെങ്കിൽ നിന്റെ എറ്റവും അടുത്ത കൂട്ട്കാരിൽ ചിലരുടെയും, കുടുംബക്കാരിൽ ചിലരുടെയും അവസ്ഥ ഞാനീ പറഞ്ഞതൊക്കെ തന്നെയായിരിക്കും. വ്യത്യാസം എന്തെന്നാൽ അവർ സങ്കടവും അസൂയയും അടക്കിപ്പിടിച്ച് വാട്സാപ്പിലെ സ്റ്റിക്കറിൽ പരതി "മബ്റൂക്കും" പിന്നെ ഒരു പൂവും നിനക്കയച്ച് തരും... ഞാൻ എനിക്ക് തോന്നിയത് അതേ പടി പറയും, ഇത്രമാത്രം....
അസൂയയിൽ നിന്ന് പൂർണമായും മുക്തി നേടിയവൻ അത്രയും നല്ല മനുഷ്യനായിരിക്കുമെന്ന് തോന്നിയിട്ടുണ്ട്. എങ്കിലും സത്യത്തിൽ മിക്ക മനുഷ്യരുടേയും അവസ്ഥയാണിത്, ഒരാൾക്ക് ഉയർച്ച ഉണ്ടാകുന്നത് കാണുമ്പോൾ അസൂയ തോന്നുന്നത് സാധാരണക്കാരായ മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമാണ്, എന്നാൽ അതൊരു പരിധിയും വിട്ട് അവനെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന ചിന്തയുമായി കച്ച കെട്ടിയിറങ്ങുന്നവരുണ്ട്, അവരാണപകടകാരികൾ... അവരെ നിങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ജട്ടിയിൽ ഓട്ട വീഴും...