2024, ഓഗസ്റ്റ് 31, ശനിയാഴ്‌ച

വേതാളങ്ങൾ

       എല്ലാ നാട്ടിലും കാണപ്പെടുന്ന ചില വേതാളങ്ങൾ ഉണ്ട്, അതിൽ ഒരു വിഭാഗമാണ് "ചടപ്പിക്കൽ വേതാളങ്ങൾ". അതായത് നിങ്ങൾ ഒരു യൂസ്ഡ് വാഹനം രണ്ട് ലക്ഷം കൊടുത്ത് വാങ്ങിയെന്നിരിക്കട്ടെ, ഈ വേതാളം നിങ്ങളോട് പറയും, ശോ... എന്നോട് പറയാമായിരുന്നില്ലേ... എന്റെ കയ്യിൽ ഒന്നര ലക്ഷത്തിന് ഇതേ വണ്ടി ഇതിലും പുതിയത് ഉണ്ടായിരുന്നു, ഇനി നിങ്ങൾ ഒന്നര ലക്ഷത്തിനാണത് വാങ്ങിയതെന്നുണ്ടെങ്കിൽ അവരുടെ കയ്യിൽ ഒരു ലക്ഷത്തിനും ഒരു ലക്ഷത്തിനാണ് വാങ്ങിയതെങ്കിൽ അവരുടെ അടുത്ത് അൻപതിനായിരത്തിനും ഉണ്ടാകും. 

       അപ്പോൾ നിങ്ങൾ അൻപതിനായിരത്തിനാണത് വാങ്ങിയതെങ്കിലോ?, അപ്പോൾ ഫ്രീ ആയി ആ വാഹനം വേണോന്ന് ചോദിച്ച് ഒരാൾ അങ്ങാടിയിൽ വിളിച്ച് പറഞ്ഞ് ഇന്നലെ നടന്നിരുന്നു..., നീയിന്നലെ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനയാളോട്  പറഞ്ഞ് അത് നിനക്ക് ഒപ്പിച്ച് തരുമായിരുന്നു എന്ന് പറയും... 

       വാഹനം മാത്രമല്ല, ഭൂമി, മരം, മറ്റ് സംഗതികൾ.. എല്ലാത്തിലും ഇവരുടെ ഇത്തരം അഭിപ്രായങ്ങൾ കടന്ന് വരും....

       ഇവരെ നേരിടാനുള്ള മാർഗം വാങ്ങിയ സംഗതി മാർക്കറ്റ് വിലയേക്കാൾ ഒരു ലക്ഷം കൂട്ടിപ്പറയുക, അപ്പോൾ അവർ അൻപതിനായിരമോ എഴുപത്തയ്യായിരമോ കുറച്ച് പറയും, അതിൽ നിന്ന് ഇരുപത്തയ്യായിരം കുറച്ച് പറഞ്ഞ് ആ വിലക്കാണ് ഞാനതെടുത്തതെന്ന് പറഞ്ഞ് ഓന്റെ അസുഖം മാറ്റാവുന്നതാണ്...


വാൽ: ആരോടും അഭിപ്രായം ചോദിക്കാതെ ഒന്നും വാങ്ങണമെന്നല്ല, അറിവുള്ളവരെ കണ്ടെത്താനുള്ള അറിവ് ഒരു വലിയ അറിവാണെന്ന് പറയുന്നത് പോലെയാണ് ഇതും, ഏത് വിഷയത്തിലും വെറുതെ തൊള്ളപ്പുട്ട് അടിക്കുന്നവരല്ലാത്തവരുടെ അഭിപ്രായം  തേടിയ ശേഷം തീരുമാനമെടുക്കുക...

അഭിപ്രായങ്ങളൊന്നുമില്ല: