2009, ജൂൺ 6, ശനിയാഴ്‌ച

ക്രിക്കറ്റും ബാല്‍താക്കറെയും

      എനിക്കെന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന ഏക കായിക ഇനമായിരുന്നു ക്രിക്കറ്റ്. അത് കൊണ്ട് തന്നെ ഒരു കാലത്ത് ഈ കളി എനിക്ക് ജീവനായിരുന്നു. അന്ന് രാവിലെ കളിക്കാനായി പാടത്തേക്ക് പോയാല്‍ വൈകീട്ട് വീട്ടിലെ കോഴിയും ഞാനും ഒരുമിച്ചായിരുന്നു വീടണയാറ്. മഴക്കാലത്ത് തെങ്ങിന്‍ തോപ്പിലും അല്ലാത്തപ്പോള്‍ പാടത്തുമായി കളിയങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ അനിഷ്‍ട സംഭവം നടക്കുന്നത്. ഞങ്ങളുടെ വിശാലമായ പാടത്ത് ഒരുപാട് കണ്ടങ്ങൾ (ഗ്രൗണ്ട്‌) ഉണ്ടെങ്കിലും അതിലധികവും കഴമുഴയായ കണ്ടങ്ങളായിരുന്നു. അത് കൊണ്ട് തന്നെ അത്തരം ഗ്രൗണ്ടുകള്‍ ഞങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നറിയാവുന്നത് കൊണ്ട് (പ്രത്യാഗിച്ച് എനിക്ക്) അത്തരം ഗ്രൗണ്ടുകളില്‍ കളിക്കുന്നതിനെ ഞാന്‍ ശക്തമായി എതിര്‍ത്തിരുന്നു. തരക്കേടില്ലതെ ബോളിന് വേണ്ടി ചാടുകയും അതില്‍ ചില ചാട്ടങ്ങളില്‍ എങ്ങിനെയോ ബോള്‍ കയ്യില്‍ കുടുങ്ങുകയും ചെയ്തിരുന്നത് കൊണ്ട് ഞാന്‍ തരക്കേടില്ലാത്ത ഒരു ഫീല്‍ഡറാണെന്ന് എന്റെ കൂട്ട്കാര്‍ വിലയിരുത്തി. (ആ.... ആര്‍ക്കറിയാം) അത് കൊണ്ട് തന്നെ ഇത്തരം ഗ്രൗണ്ടുകളില്‍ കളിച്ചാല്‍ ഗ്രൗണ്ടിലെ മുഴയുടെ ഫോട്ടോകോപ്പി നമ്മുടെ ചന്തിയിലും കാണുമെന്നറിയാവുന്നത് കൊണ്ട് അത്തരം ഇടപാടിന് നമ്മളെ കിട്ടില്ലായിരുന്നു. അങ്ങിനെയാണ് ഞങ്ങള്‍ പാടത്തിന്റെ ഓരത്തുള്ള ഒരു കണ്ടത്തിലേക്ക് കളി പറിച്ച് നടുന്നത്. ഈ ഗ്രൗണ്ടിനെക്കുറിച്ച് പറയുകയാണെങ്കില്‍ ചിന്നസ്വാമി സ്റ്റേഡിയത്തോട് കിടപിടിക്കുന്ന ഒന്നായിരുന്നു അത്. (ഒത്തനടുവില്‍ ഒരു നടവരമ്പ് ഉള്ളത് ഇതിനൊരപവാദമാണെങ്കിലും). പിന്നെ വിക്കറ്റിന് പിറകില്‍ അധികം സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ട് കീപ്പര്‍ കുറച്ച് താഴ്‌ചയുള്ള തൊട്ടടുത്ത കണ്ടത്തിലാണ് നില്‍ക്കാറ്. എങ്കിലും ആകെക്കൂടി കുഴപ്പമില്ലാത്ത ഗ്രൗണ്ട്‌ ആയിരുന്നു. പിന്നെ മറ്റൊരു കുഴപ്പം ഉണ്ടായിരുന്നത് ഓഫ് സൈഡിലെ ബൗണ്ടറി വളരെ അടുത്തായിരുന്നു. ഇത് സ്ഥലം ഇല്ലാത്തത് കൊണ്ടല്ല കെട്ടോ. അതിന് കാരണം വേറെയാണ്. ഞങ്ങളില്‍ ഭൂരിഭാഗത്തിനും അന്ന് ടി.വി. എസില്‍ ആയിരുന്നു ജോലി (തെക്ക് വടക്ക് വായ് നോക്കി നടത്തം) അത് കൊണ്ട് തന്നെ ബാറ്റ്, ബോള്‍ തുടങ്ങിയ സാമഗ്രികള്‍ക്ക് പിരിവ് നടത്തുമ്പോള്‍ കാ‍ര്യമായ സംഭാവന നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഇത്യാദി കാര്യങ്ങള്‍ക്കൊക്കെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചിരുന്ന സുനി എന്ന വിദ്വാന് ഓഫ് സൈഡില്‍ മാത്രമേ കളിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അത് കൊണ്ട് അങ്ങേര്‍ക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ വേണ്ടിയാ‍യിരുന്നു ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് നടത്തിയിരുന്നത്. അല്ലെങ്കില്‍ അവന്‍ ബാറ്റും കൊണ്ട് അവന്റെ പാട്ടിന് പോകുമായിരുന്നു.

     ഈ ഗ്രൗണ്ടിന്റെ അരികത്തായാണ്  ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന മാന്യദേഹത്തിന്റെ പറമ്പ് സ്ഥിതി ചെയ്തിരുന്നത്. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ കുരുടിക്ക് കണ്ണും കുതിരക്ക് കൊമ്പും ഈശ്വരന്‍ കൊടുക്കാത്തത് പോലെ അദ്ദേഹത്തിന് കേള്‍വി ശക്തിയും ഈശ്വരന്‍ നല്‍കിയിരുന്നില്ല. അല്ലാതെ തന്നെ ആളൊരു ഹഡാഗഡിയനായിരുന്നു.

        ഏതായാലും ഞങ്ങള്‍ ഈ ഗ്രൗണ്ടില്‍ കളി ആരംഭിച്ചു. ഞങ്ങളുടെ ടീമിലെ ധോണിമാര്‍ ഇദ്ദേഹത്തിന്റെ പറമ്പിലേക്ക് ഇടക്കിടെ സിക്സറുകള്‍ പായിക്കുകയും അതില്‍ ചിലത് അദ്ദേഹത്തിന്റെ വെറ്റിലക്കൊടിയുടെ തൂമ്പ് തകര്‍ക്കുകയും (ചിന്ന സ്വാമി സ്റ്റേഡിയത്തിലാണെങ്കില്‍ വല്ല ലൈറ്റിലോ മറ്റോ കൊള്ളേണ്ട ബോളാണ്) ചിലത് കുരുമുളക് വള്ളിയുടെ വേര് പറിച്ചെടുക്കുകയും പതിവായി. പറമ്പിലേക്ക് പോയ ബോള്‍ എടുക്കാനായി ഞങ്ങളുടെ കൂട്ടത്തിലെ അഞ്ജു ബോബി ജോര്‍ജിന്റെ കുടുംബക്കാര്‍ വേലി എടുത്ത് ചാടുകയും അതില്‍ ചില ചാട്ടങ്ങള്‍ ബീജിങ് ഒളിമ്പിക്സില്‍ അഞ്ജു ചാടിയ പോലെ പിഴക്കുകയും ചാടിയവനും വേലി ഉറപ്പിച്ച് നിര്‍ത്തിയിരുന്ന കുറ്റിയുമടക്കം മലര്‍ന്നടിച്ച് വീഴുകയും പതിവായിരുന്നു. ഇവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആദ്യമൊന്നും അദ്ദേഹം ഇതറിഞ്ഞിരുന്നില്ല, രണ്ട് ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം ഞങ്ങള്‍ കളിക്കുന്നത് കണ്ട് വേലിക്കരികിലേക്ക് വന്ന അദ്ദേഹം ഞെട്ടിപ്പോയി. വേലിയും അതിനടുത്തായുണ്ടായിരുന്ന കുരുമുളക് വള്ളികളും ചിന്നഭിന്നമായിരികുന്നു. ദേഷ്യം കൊണ്ട് അദ്ദേഹത്തിന് കാത് പണ്ടേ ഇല്ലാത്തത് കൊണ്ട് കണ്ണ് മാത്രം കാണാതായി. അന്ന് അദ്ദേഹം കുറെ തെറിവിളികള്‍ക്ക് ശേഷം പ്രഖ്യാപിച്ചു. ഇനി മേലാല്‍ ഇവിടെ കളിക്കുന്നവരുടെ കയ്യും കാലും കൊത്തി നുറുക്കി കറി വെക്കുന്നതാണ്. ക്രിക്കറ്റ് കളിക്കാ‍ന്‍ കഴിയാത്ത കയ്യും കാലും കൊണ്ടെന്ത് പ്രയോജനം എന്ന് ചിന്തിച്ചിരുന്ന ഞങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ ഭീഷണി ഒന്നും ഏശിയില്ല. പിറ്റേന്നും ഞങ്ങള്‍ കളിച്ചു. അന്ന് അദ്ദേഹം സ്ഥലത്തില്ലാതിരുന്നത് കാരണം കാര്യമായ കുഴപ്പം ഒന്നും ഉണ്ടായില്ല. ഇടക്ക് അദ്ദേഹത്തിന്റെ പൊണ്ടാട്ടി വന്ന് എന്തോ പറഞ്ഞിട്ട് പോയി. അതാരും കാര്യമാക്കിയില്ല. അന്നും ഞങ്ങള്‍ വേലിക്ക് അംഗഭംഗം വരുത്തുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല. രാത്രി വീട്ടിലെത്തിയ അദ്ദേഹം പൊണ്ടാട്ടി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാകണം വേലിക്കരികിലേക്ക് പോകുകയും വീണ്ടാമതും ഞെട്ടുകയും ചെയ്തിരുന്നു എന്ന് ഞങള്‍ക്ക് മനസ്സിലാകുന്നത് പിറ്റേന്ന് പാടത്തേക്ക് കളിക്കാനായി പോയപ്പോഴാ‍യിരുന്നു. പാടത്തെത്തിയ ഞങ്ങളുടെ ഇടനെഞ്ച് പൊട്ടിപ്പോയി, എങ്ങനെ പൊട്ടാതിരിക്കും. രണ്ട് ദിവസം മുഴുവന്‍ അധ്വാനിച്ച് ചിട്ടപ്പെടുത്തിയ ഞങ്ങളുടെ പിച്ചതാ തൂമ്പ കൊണ്ട് കിളച്ച് മറിച്ചിരിക്കുന്നു.

         ഈ സംഭവത്തിന് കുറച്ച് മുന്‍പായിരുന്നു ബാല്‍താക്കറെയുടെ ആളുകള്‍ പാക്കിസ്താന്‍ ഇന്ത്യയില്‍ കളിക്കുന്നതില്‍ പ്രതിഷേധിച്ച് പിച്ച് കുത്തിപ്പൊളിച്ചത്. ഈ വാര്‍ത്ത കണ്ടിട്ടാകണം ഈ കളിയെക്കുറിച്ച് ഒന്നുമറിയാത്ത അദ്ദേഹം ഈ പായ പോലത്തെ സാധനം കുത്തിപ്പൊളിച്ചാൽ ഇവന്‍മാരുടെ കളി നടക്കില്ല എന്ന് മനസ്സിലാക്കിയതും കുത്തിപ്പൊളിച്ചതും.

അങ്ങനെ അദ്ദേഹത്തിന് ഞങ്ങള്‍ ഒരു പേരും നല്‍കി. ബാല്‍ താക്കറെ....

           അന്ന് രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞങള്‍ പ്രതിഷേധ പ്രകടനം നടത്തി. ബാല്‍ താക്കറെ നീതി പാലിക്കുക, സ്പോര്‍ട്സിനെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങളാണ് പ്രകടനത്തില്‍ ഉയര്‍ന്ന് കേട്ടത്. ഈ പ്രതിഷേധപ്രകടനം അദ്ദേഹം നേരിട്ടത് ഉരുളന്‍ കല്ല് കൊണ്ട് ഞങ്ങളുടെ നേര്‍ക്ക് നോബോള്‍ (കൈമടക്കി, ഏകദേശം നമ്മുടെ മുത്തയ്യ മുരളീധരന്റെ സ്റ്റൈലില്‍) എറിഞ്ഞ് കൊണ്ടായിരുന്നു.

          പക്ഷെ തോറ്റ് പിന്‍ മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ പത്ത് ബക്കറ്റ് വെള്ളവും നാലഞ്ച് ഓല മടലും കൊണ്ട് പിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കി കളി പൂര്‍വ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.

          ഇതറിഞ്ഞ അദ്ദേഹം പുതിയ ഒരടവ് എടുത്തു. അവിടെ വന്ന് കാവല്‍ നില്‍ക്കാന്‍ തുടങി. ഞങ്ങള്‍ കളിക്കാനായി വന്നപ്പോള്‍ ഇവിടെ കളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വന്നു, ഞങ്ങള്‍ പറഞ്ഞു. നിങ്ങളുടെ പറമ്പിലൊന്നുമല്ലല്ലോ കളിക്കുന്നത് എന്ന്. അപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ പറമ്പില്‍ പോയി കാവല്‍ നില്‍ക്കാന്‍ തുടങ്ങി. മറ്റൊന്നിനുമല്ല,അദ്ദേഹത്തിന്റെ പറമ്പിലേക്ക് വരുന്ന ബോളുകള്‍ പിടിച്ചെടുക്കാന്‍. അഥവാ ആ ബോള്‍ തിരിച്ചെടുക്കാ‍ന്‍ ആരെങ്കിലും ധൈര്യ സമേതം മുന്നോട്ട് വന്നാല്‍ അവന്റെ കരണക്കുറ്റി നോക്കി പൊട്ടിക്കാനും, ഞങ്ങളും തോറ്റ് കൊടുത്തില്ല, ഞങ്ങളും പുതിയ ഒരടവെടുത്തു, ഇനി മുതല്‍ സിക്സര്‍ ഇല്ല, സിക്സറടിക്കുന്നവന്‍ ഔട്ടാകുക മാത്രമല്ല. ബോള്‍ വാങ്ങി വരണം എന്ന എന്ന പുതിയ നിയമം പാസ്സാക്കി.

           കളി പുനരാരംഭിച്ചു. ആദ്യമൊന്നും വേലിക്കപ്പുറത്തേക്ക് ബോള്‍ പോകാതെ കളിച്ചു. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ ഞങ്ങളുടെ കൂട്ടത്തിലെ ധോണിമാ‍ര്‍ ക്ഷമ നശിച്ച് ഉയര്‍ത്തി അടിക്കുകയും ബോള്‍ അപ്പുറത്തേക്ക് പോകുകയും അദ്ദേഹം കൈക്കലാക്കുകയും ചെയ്‌തു. കയ്യില്‍ കിട്ടിയപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് ഇത് സൂചി കൊണ്ട് കുത്തിയാലൊന്നും പൊട്ടില്ല എന്ന് (കാരണം അത് കോര്‍ക്ക് ബോള്‍ ആയിരുന്നു)

          ഏതായാലും അദ്ദേഹം ആ ബോളും കൊണ്ട് വീട്ടിലേക്ക് പോയി. അന്നത്തെ കളി അതോടെ നില്‍ക്കുകയും ചെയ്തു. ബോള്‍ ഉയര്‍ത്തി അടിച്ചവന്‍ നാളെ ബോളുമായി വരണം എന്ന് സംയുക്തമായി പ്രഖ്യാപിച്ച് ഞങ്ങള്‍ അന്നത്തേക്ക് പിരിഞ്ഞു.

       അന്ന് വൈകുന്നേരം ഞങ്ങള്‍ യോഗം ചേര്‍ന്നു. ഇനി എന്ത് ചെയ്യും, ഓരോ സിക്സറിനും ഓരോ ബോള്‍ വാങ്ങുക എന്നത് പ്രായോഗികമല്ല എന്ന് ഭൂരിഭാഗം പേരും പറഞ്ഞു. കളി മറ്റൊരു ഗ്രൗണ്ടിലേക്ക് മാറ്റുന്ന കാര്യം ചര്‍ച്ചക്ക് വരാതിരുന്നത് മറ്റെല്ലാ ഗ്രൗണ്ടും അപ്പോഴേക്കും ഉഴുതു മറിച്ചിരുന്നു. അവസാനം ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തി. എന്നും വന്ന് കാവല്‍ നില്‍ക്കല്‍ അദ്ദേഹത്തിനും പ്രായോഗികമാകില്ല. അത് കൊണ്ട് നമുക്ക് നോക്കിയും കണ്ടും ഒക്കെ അവിടത്തന്നെ കളിക്കാം. അങ്ങനെ വീണ്ടാമതും കളി തുടങി. ഒന്ന് രണ്ട് ദിവസം അദ്ദേഹം കാവല്‍ നിന്നു. അന്ന് ഞങള്‍ ബോള്‍ തൊടിയിലേക്ക് പോകാതെ സൂക്ഷിച്ച് കളിച്ചു. സിക്സറടിക്കാന്‍ മുട്ടുന്ന ധോണിമാര്‍ മുന്‍പ് സിക്സറടിച്ചവന്റെ ഗതി ഓര്‍മ്മയുള്ളത് കൊണ്ട് ക്ഷമയോടെ കളിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ അദ്ദേഹം കാവല്‍ നില്‍ക്കല്‍ നിര്‍ത്തി. അദ്ദേഹം ഇല്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ പാടത്ത് വെച്ച് ഞങ്ങളുടെ ക്ലബ്ബായ ചംസിന്റെ അടിയന്തിര യോഗം ചേരുകയും കളിനിയമത്തില്‍ മാറ്റം വരുത്തുകയും ചെയ്തു. അതായത് അദ്ദേഹം ഇല്ലാത്ത ദിവസങ്ങളില്‍ സിക്സര്‍ അടിക്കാം, ഉള്ള ദിവസങ്ങളില്‍ പാടില്ല എന്ന നിയമം കൊണ്ട് വന്നു. അദ്ദേഹം ഇടക്കിടെ വന്ന് കാവല്‍ നില്‍ക്കും, ചില സമയങളില്‍ ബോള്‍ വേലിക്കപ്പുറത്തേക്ക് പോകുകയും അദ്ദേഹം ക്യാച്ച് ചെയുകയും അത് കൊണ്ട് പോകുകയും ചെയ്ത് പോന്നു. ഇങ്ങിനെ തുടര്‍ന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവത്തിന്റെ ക്ലൈമാക്സ് വരുന്നത്.

          അന്ന് വൈകുന്നേരം പാടത്തെത്തി പിച്ചിലേക്ക് നോക്കിയ ഞങ്ങള്‍ ശരിക്കും ഞെട്ടി. ഞെട്ടി എന്ന് പറഞ്ഞാല്‍ ശരിയാകില്ല. മേലാസകലം കോരിത്തരിച്ചു എന്ന് പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല പിച്ച് നിറയെ പല സൈസിലുള്ള അമേദ്യം. (എന്റെ എല്ലാ കഥയിലും അമേദ്യം ഒരു കേന്ദ്ര കഥാപാത്രമാകുന്നതില്‍ വായിക്കുന്നവര്‍ ക്ഷമിക്കുക). ഏതാ‍യാലും പിച്ചിന് ചുറ്റും താടിക്ക് കയ്യും കൊടുത്ത് അദ്ദേഹത്തിന്റെ ഈ പത്തൊന്‍പതാമത്തെ അടവിനെ എങ്ങിനെ നേരിടും എന്ന് കൂലങ്കഷമായി ചിന്തിച്ചു. മറ്റൊന്ന് കൂടിയുണ്ടായിരുന്നു. ഇങ്ങനെ പല സൈസിലുള്ള സാധനങള്‍ ഒറ്റക്ക് ഒരേ സമയം വിക്ഷേപിക്കാനുള്ള ആരോഗ്യമൊന്നും അദ്ദേഹത്തിനില്ല. അത് കൊണ്ട് തന്നെ ഈ ഉദ്യമത്തില്‍ അദ്ദേഹത്തെ കാര്യമായി ആരോ സഹായിച്ചിട്ടുണ്ട് എന്ന നിഗമനത്തിലെത്തിച്ചേരുകയും ആ കറുത്ത കൈകള്‍ (കറുത്ത ആസനം) ആരുടേതായാലും പുറത്ത് കൊണ്ട് വരിക തന്നെ ചെയ്യുമെന്നും പ്രഖ്യാപിച്ചു, തോറ്റ് പിന്‍മാറാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. ഈ വിക്ഷേപണം രാത്രി നടന്നതിനാലും രാവിലെ മുതലുള്ള പാടത്തെ പൊരി വെയില്‍ കൊണ്ട് പഴംപൊരി ഉണ്ടാക്കുന്നതിനിടയില്‍ അതുണ്ടാക്കുന്നവന് കാമുകിയുടെ ഫോണ്‍ വന്നാല്‍ പഴംപൊരിക്കുണ്ടാകുന്ന രൂപഭേദം പോലെ കരിഞ്ഞുണങ്ങി ഒരു പരുവമായതിനാല്‍ സ്റ്റമ്പിന്റെ കൂര്‍ത്ത അറ്റം കൊണ്ട് ഈ സാധനങ്ങളെല്ലാം തന്നെ പിച്ചില്‍ നിന്നും അടുത്തുള്ള വെള്ളച്ചാലിലേക്ക് ശുഐബ് അക്തറുടെ ബോളിനെ സച്ചിന്‍ സ്റ്റേഡിയത്തിന്റെ പുറത്തേക്ക് സിക്സറടിക്കുന്ന ലാഘവത്തോടെ ഞങ്ങള്‍ തോണ്ടിയെറിഞ്ഞു. പക്ഷെ ഈ തോണ്ടലിലും ചില അനിഷ്ട് സംഭവങ്ങള്‍ നടന്നു. എണ്ണ നല്ല വണ്ണം ചൂടാകാതെ ഉണ്ടപ്പൊരി പൊരിച്ചെടുത്താല്‍ അകത്തെ മാവ് വേകാത്ത പോലെ ഈ സാ‍ധനങ്ങളില്‍ ചിലതിന്റെ ഉള്ളില്‍ വേവ് തട്ടാത്തത് കൊണ്ട് (മറിച്ചിട്ട് രണ്ട് പുറവും ചൂടാക്കാന്‍ ആരും വരാത്തത് കൊണ്ടാകണം) തോണ്ടിയെറിയുമ്പോള്‍ കുറച്ച് അവശിഷ്ടങള്‍ പിച്ചില്‍ അവശേഷിച്ചു. അവശിഷ്ടം വീണ ഭാഗത്തെ മണ്ണെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഞങ്ങള്‍ കളിതുടര്‍ന്നു. രണ്ടാമത്തെ ഓവറിലാണ് ക്ലൈമാക്സ്. രണ്ടാം ഓവര്‍ ചെയ്യാന്‍ വന്നത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ബൗളറാണ്‌. (ചില സുരക്ഷാ കാരണങ്ങളാല്‍ ഐ മീന്‍ എന്റെ സുരക്ഷ, പേര് വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലാത്തതില്‍ ഖേദിക്കുന്നു.) ശുഐബ് അക്തറും ബ്രെറ്റ്ലീയുമെല്ലാം ബോള്‍ ചെയ്യുന്നതിന് മുന്‍പ് ബോളില്‍ ഉമിനീര്‍ പുരട്ടുന്നത് കൊണ്ട് ഇദ്ദേഹവും പുരട്ടി. ശേഷം ഉമിനീര്‍ പോരെന്ന് തോന്നിയ ഇദ്ദേഹം ബോളില്‍ നിന്നും കയ്യെടുത്ത് കൈവിരല്‍ നാവിലമര്‍ത്തിയതും വിവാഹ സദ്യക്കിടെ അറിയാതെ കീഴ്‌വായു പോയവന്റെ മുഖം പോലെ ആകെ ചുക്കിച്ചുളിഞ്ഞതും മാറിയിരുന്ന് ശര്‍ദിച്ചതും ഒരുമിച്ചായിരുന്നു. ഈ സമയം ബോളില്‍ ബാക്കിയുണ്ടായിരുന്ന അമേദ്യം ഊറിച്ചിരിച്ചിട്ടുണ്ടാകണം...

വാല്‍ക്കഷ്ണം: ഞങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചെടുക്കുന്ന ബോളുകള്‍ അദ്ദേഹം അദ്ദേഹത്തിന്റെ പറമ്പിലേവിടെയോ കുഴിച്ചിടുകയായിരുന്നെന്ന് പിന്നീട് അറിഞ്ഞു. ഞങ്ങളുടെ മാരകമായ പ്രഹരത്തില്‍ നിന്നും മോചനം നേടി അദ്ദേഹത്തിന്റെ പറമ്പില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബോളുകളുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേര്‍ന്ന് കൊണ്ട് തത്ക്കാലം നിര്‍ത്തട്ടെ...

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

kalakki........

Unknown പറഞ്ഞു...

Ingal sherikkum cricket kalikkuernn lle