2022, ഡിസംബർ 21, ബുധനാഴ്‌ച

അയാൾക്കത് കണ്ട് മതിവരുന്നുണ്ടായിരുന്നില്ല....

 



അയാൾക്കത് കണ്ട് മതിവരുന്നുണ്ടായിരുന്നില്ല, പിടിതരാതെ കുസൃതി കാട്ടി ഓടിക്കളിച്ച കുഞ്ഞിനെ കയ്യിൽ കിട്ടിയാലെന്ന വണ്ണം പിന്നെയും പിന്നെയും തഴുകിത്തലോടി, പിന്നെ മാറിൽ ചേർത്ത് പിടിച്ച് അയാൾ കൂട്ടുകാർക്കിടയിലേക്ക് നടന്ന് ചെന്നു...

 

 

        എഴുതിയ കാവ്യങ്ങളെല്ലാം മനോഹരമായത് കൊണ്ടായിരുന്നു അവർക്ക് പിന്നിൽ ആള് കൂടിയത്, പക്ഷേ കവിതയെഴുത്ത് ഒരു നഷ്ടക്കണക്കാണെന്നൊരാശാൻ തിരിച്ചറിഞ്ഞ നിമിഷം മുതൽ കഥ മാറി, കവിതയെഴുത്താശാൻ തീർത്തും ഉപേക്ഷിച്ചില്ല, പക്ഷേ അതിനായി രണ്ട് മൂന്ന് പേരെ നിർത്തി ബാക്കിയുള്ളവരെ ആശാൻ വേറെ ചില പണികളേൽപിച്ചു. പിന്നെ നടന്നതെല്ലാം മാലോകരറിഞ്ഞതാണ്.

 

 

          റൊസാരിയോ തെരുവിലെ മുത്തശ്ശിക്കിനി പുതിയ മുത്തശ്ശിക്കഥ കുഞ്ഞുങ്ങൾക്കായി പറഞ്ഞ് കൊടുക്കാം, ആ കഥയിൽ കടൽ കടന്ന് ചെന്ന് മഹായുദ്ധം ജയിച്ച് വന്ന ഒരു കുറിയ മനുഷ്യനെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ അറിയാതെ ആ മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞ് തുടങ്ങും, കുഞ്ഞുങ്ങൾ അത് കേട്ട് അത്ഭുതത്തോടെ മുത്തശ്ശിയെ നോക്കും, ഈ പടനായകന് മുൻപേ പട നയിച്ച് യുദ്ധം ജയിച്ച് വന്ന ഒരു വിപ്ലവകാരിയുടെ കഥ പേർത്തും പേർത്തും പറഞ്ഞ് പറഞ്ഞ് പരിഹസിക്കപ്പെട്ടതിന്റെ കഥയും മുത്തശ്ശി പുതിയ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കും, എന്നിട്ടും അവർക്കയാൾ ഇപ്പോഴുമെപ്പോഴും പ്രിയപ്പെട്ടവനായിരിക്കുന്നുവെന്നും.

 

            പുതിയ പടനായകനൊടൊപ്പമുള്ള പോരാളികളെക്കുറിച്ചും അവർ പറഞ്ഞ് കൊടുക്കും, അതിലൊരാൾ അതയാളുടെ അവസാന യുദ്ധമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു... ആ മനുഷ്യൻ യുദ്ധമുഖത്തെത്തിയാൽ എതിരാളികൾ അതിർത്തി കടക്കാൻ ഭയപ്പെട്ടിരുന്നെന്നും നിർണായകമായ നിമിഷത്തിൽ അയാൾ എതിരാളികളുടെ കുമ്മായവരക്കപ്പുറത്തേക്ക് നിറയൊഴിച്ചിരുന്നെന്നും പറയും, ഒടുവിൽ അതേ മനുഷ്യൻ അന്നാ മഹാ യുദ്ധത്തിലും എതിരാളികൾക്ക് മേൽ വെടിയുണ്ട പായിച്ച് കഴിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ ആനന്ദ കണ്ണീരിനാൽ ആലേഖനം ചെയ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞ് കൊടുക്കും... അയാൾ കരയുന്നത് പക്ഷേ മുത്തശ്ശി ശരിക്കും കണ്ടിരുന്നില്ല, കാരണം അവർ അതിന് മുൻപേ മുഖം പൊത്തി കരഞ്ഞ് പോയിരുന്നു.... ജയിച്ചെന്ന് കരുതിയ യുദ്ധം എതിരാളികൾ ഇടക്ക് തിരിച്ച് പിടിക്കുന്നത് കണ്ട് അയാൾ പിന്നെയും പിന്നെയും കരഞ്ഞ് കൊണ്ടേയിരുന്നു... അയാളോടൊപ്പം മുത്തശ്ശിയും...  പക്ഷേ ഒടുവിലയാൾ പുഞ്ചിരിച്ചപ്പോഴും മുത്തശ്ശിയുടെ കണ്ണുകൾ നീർത്തടങ്ങളായിരുന്നു...

 

 

      അവർക്ക് മന്ത്രമോതിക്കൊടുക്കാൻ വന്ന ശാന്തനായ ഒരാശാനെക്കുറിച്ചും അവർ പറഞ്ഞ് കൊടുക്കും. അയാൾ സൗമ്യനായിരുന്നെങ്കിലും കാതിലോതിക്കൊടുക്കുന്നത് വെടിച്ചില്ലുകൾ പായിക്കാനുള്ള അടവുകളാണെന്ന് യുദ്ധമുഖത്തെത്തുമ്പോൾ മാത്രമാണ് എതിരാളികൾക്ക് ബോധ്യമാവുകയെന്ന് പറഞ്ഞ് കൊടുക്കും.

 

 

        പിന്നെ ഒരാളെക്കുറിച്ച് പറഞ്ഞ് കൊടുക്കാതിരിക്കാൻ അവർക്കാവില്ല, മുത്തശ്ശി തുടരും... ആ മനുഷ്യനായിരുന്നു കോട്ട കാത്തിരുന്ന കാവൽക്കാരൻ, അയാൾക്ക് പക്ഷേ പടനായകനേക്കാൾ ഉയരമുണ്ടായിരുന്നു. കൈകൾക്ക് വിരിച്ച് പിടിച്ച് അയാളവിടെ നിൽക്കുന്നത് കണ്ടാൽ ആരുമൊന്നടുക്കാൻ മടിക്കും, അന്നാ മഹായുദ്ധത്തിൽ എല്ലാവരും യുദ്ധം ചെയ്ത് കഴിഞ്ഞ് അയാളെ ഒറ്റക്കാക്കി ഇപ്പുറത്ത് നിന്ന് നിസ്സഹായതയോടെ അയാളിൽ മാത്രം പ്രതീക്ഷയർപ്പിച്ച് നോക്കി നിൽപ്പാണ്, അയാളൊറ്റക്കേയുള്ളൂ അമ്പെയ്യാൻ വന്നവരെ നേരിടാൻ, മറ്റാർക്കും അയാളെ സഹായിക്കാൻ നിർവാഹമില്ല, അതാണ് യുദ്ധത്തിലെ നിയമം. എന്നിട്ടും പക്ഷേ പ്രതീക്ഷയാണയാളിൽ അവർക്കെല്ലാവർക്കും. മഹായുദ്ധത്തിന്റെ അവസാനമാണത്, ഓരോരുത്തരുടേയും ഹൃദയം പിടക്കുന്നത് അടുത്ത് നിൽക്കുന്നവന് കേൾക്കാം... അയാൾ പക്ഷേ പതറാതെ നേരിട്ടു, നീട്ടിപ്പിടിച്ച കൈകളാൽ തന്റെ രാജ്യത്തിന്റെ അതിർത്തി ഭേദിക്കാൻ വരുന്നവരെ നേരിട്ടു, അവരയക്കുന്ന കൂരമ്പുകൾ തനിക്കിപ്പുറം കടന്നാൽ അത് തന്റെ ജനതയെ കരയിക്കാനുള്ളതാണെന്നയാൾക്ക് നല്ല ബോധ്യമുണ്ട്. അയാളാ അമ്പുകളിലൊന്ന് വര കടക്കാതെ കാത്തു, ചിലരാകട്ടെ അയാളെക്കണ്ട് ഭയന്ന് ലക്ഷ്യം തെറ്റിപ്പായിച്ചു. ഒടുവിലയാളും കൂട്ട്കാരും മഹായുദ്ധം ജയിച്ച് ആനന്ദ നൃത്തം ചവിട്ടി, മുത്തശ്ശി പറഞ്ഞ് നിർത്തും... പിന്നെ പതിയെ പതിയെ മുത്തശ്ശിയും കുഞ്ഞുങ്ങളും ഉറക്കത്തിലേക്ക് വഴിമാറും.  ഇനിയൊരായിരം തവണ ഇതേ കഥ മുത്തശ്ശി ആവർത്തിച്ച് തലമുറകൾക്ക് കൈമാറിക്കൊണ്ടിരിക്കും...

അഭിപ്രായങ്ങളൊന്നുമില്ല: