2023 ഡിസംബർ 8, വെള്ളിയാഴ്‌ച

സ്ത്രീ ജീവൻ കവരുന്ന ധനം

 

നോവാകുന്ന പെൺകുട്ടികൾ

 

          ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹം മുടങ്ങിയതിനെത്തുടർന്ന് യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ മറ്റൊരു ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് വരുന്നവനോട് മുഖ്യമന്ത്രി പറഞ്ഞ പോലെ "താൻ പോടോ" എന്ന് പറയാൻ നമ്മുടെ പെൺകുട്ടികൾ ഇനിയുമെന്നാണ് പഠിക്കുക.

         ജീവനേക്കാളേറെ സ്നേഹിച്ചവൻ സമ്പത്തിന് വേണ്ടി തന്നെ വേണ്ടെന്ന് വെക്കുമ്പോൾ ആ ഷോക്കിൽ നിന്ന് മുക്തമാകാൻ പ്രയാസമായിരിക്കും, പക്ഷേ അതിൽ നിന്ന് പുറത്ത് കടന്നേ പറ്റൂ. കാരണം നമുക്ക് പ്രിയപ്പെട്ടവർ നമ്മളെയല്ല സ്നേഹിച്ചതെന്ന സത്യം മനസ്സിലായിക്കഴിയുന്ന മുറക്ക് അവരെയോർത്ത് നമ്മുടെ ജീവനും കൂടി ബലി കഴിക്കണോ എന്ന് ചിന്തിക്കണം, നമ്മളെന്നും കാണുന്നവരിൽ ഒരാൾ മാത്രമാണെന്ന ലാഘവത്തിൽ അവർക്ക് മുന്നിൽ ചിരിച്ച് കൊണ്ട് നടക്കണം. ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസിക നിലയുള്ള രോഗിയോട് തോന്നുന്ന സഹതാപം മാത്രമേ അവരർഹിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കണം.

         കേരളത്തെ നടുക്കിയ ഡോക്ടർ വന്ദന ദാസിന്റെ  കൊലപാതകവുമായി ബന്ധപ്പെട്ട് സമരമുഖത്ത് മുൻ നിരയിൽ നിന്ന് മാധ്യമങ്ങൾക്ക് മുൻപിൽ വികാരഭരിതനായി സംസാരിച്ചയാളാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ള ഡോ. റുവൈസ്.  ഒരു പക്ഷേ ഷഹനയെന്ന പെൺകുട്ടിയുടെ മനസ്സിൽ ഇത്രമേൽ ആഴത്തിൽ റുവൈസ് പതിയാനുള്ള ഒരു കാരണം സഹപ്രവർത്തകക്ക് വേണ്ടി ധീരമായി പോരാടുന്ന സമര നായകനെന്ന നിലക്കുമായിരിക്കാം. ഒരു സഹപ്രവർത്തകക്ക് വേണ്ടി ഇത്രയും ആത്മാർത്ഥമായി ഇടപെടുന്നയാൾ അയാളുടെ സ്വന്തമാകുന്ന തനിക്ക് വേണ്ടി മരിക്കാനും തയ്യാറാകുമെന്ന ചിന്തയെല്ലാം ഒരൊറ്റ നിമിഷത്തിൽ തകർന്ന് പോകുമ്പോഴുണ്ടാകുന്ന ആഘാതത്തിൽ നിന്നും അയാളിലെ കാപട്യം തിരിച്ചറിഞ്ഞ് കര കയറാൻ വിദ്യാസമ്പന്നയായ ആ പെൺകുട്ടിക്ക് കഴിയാതെ പോയി.

        സ്ത്രീധനം ചോദിച്ചവനെ ആട്ടിപ്പുറത്താക്കുക മാത്രമല്ല അത് ചോദിച്ചവന്റെ പേര് വിവരമടക്കം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടാൻ പെൺകുട്ടികൾ തയ്യാറായാൽ സ്ത്രീധനവും ചോദിച്ച് വരാൻ ഒന്ന് മടിക്കും. അതിനി ജീവൻ കൊടുത്ത് പ്രണയിച്ചവനാണെങ്കിലും മറ്റ് രീതിയിൽ ആലോചന വന്നതാണെങ്കിലും. ഹാഷ്ടാഗ് ക്യാംപെയ്ന്റെ ഈ കാലത്ത് പരീക്ഷിക്കാവുന്ന ഒരു കാര്യമാണത്. "എനിക്ക് വിവാഹമാലോചിക്കുന്നുണ്ട്, സ്ത്രീധനം ചോദിച്ച് വരുന്നവരുടെ മേൽവിലാസവും ചോദിച്ച കാര്യവുമടക്കം പുറത്ത് വിടുന്നതാണ്" എന്ന് പെൺകുട്ടികൾ പറഞ്ഞ് തുടങ്ങട്ടേ, കുടുംബം അതിന് പിന്തുണ നൽകട്ടേ, സമൂഹം അതേറ്റെടുക്കട്ടേ.

                                                               


2023 നവംബർ 2, വ്യാഴാഴ്‌ച

നിലപാട്

 നിലപാടില്ലാത്ത മനുഷ്യൻ തീട്ടക്കണ്ടി പോലെയാണ്, ഏത് ഷേപ്പിലും മുറിച്ച് വെക്കാവുന്ന തീട്ടക്കണ്ടി

2023 ഒക്‌ടോബർ 23, തിങ്കളാഴ്‌ച

പാത

     ഇരുട്ടുവീഴുമ്പോൾ കൂടണയാൻ ധൃതിപ്പെടുന്ന ലോകത്തിനു മുന്നിൽ ചെന്നുവീണിടം കൂടാക്കിമാറ്റുന്ന ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായിരുന്നു ലൂയി പാപ്പ. വിശുദ്ധർക്ക് പഞ്ഞമില്ലാത്തിടങ്ങളിൽ കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിച്ച കവി. 

          അത് കൊണ്ടാകണം, പാതയായത് കൊണ്ടാണ് ചവിട്ടേൽക്കി വന്നതെന്നും അടുത്ത ജൻമത്തിൽ നക്ഷത്രങ്ങൾ പൂക്കുന്ന ഒരാകാശമാകണമെന്നും അദ്ദേഹം പറഞ്ഞ് വെച്ചത്, ചവിട്ടേൽക്കേണ്ടി വന്നാലും ഒരുപാട് പേർക്ക് ചുവടുറപ്പിച്ച് നിൽക്കാൻ കഴിയുന്ന പാതയയാകുന്നത് തന്നെയല്ലേ നല്ലത്, സ്വഛമായ നക്ഷത്ര സമൂഹത്താൽ തോരണം ചാർത്തപ്പെട്ട  ആകാശത്തേക്കാൾ...

2023 മേയ് 21, ഞായറാഴ്‌ച

മഞ്ഞു മലയിൽ ഇടിച്ച് മുങ്ങിപ്പോകുമായിരുന്ന കപ്പൽ

 





      മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിൽ സഹായത്തിനെത്തിയ നീളത്തിലുള്ള കയ്യിനെക്കുറിച്ച് വാചാലമായവർ പക്ഷേ അതിന് ശേഷം വന്ന തലയെ കണ്ടതില്ലെന്ന് തോന്നുന്നു, സങ്കടക്കടലിന്റെ ആഴങ്ങളിലേക്ക് മഞ്ഞു മലയിൽ ഇടിച്ച് മുങ്ങിപ്പോകുമായിരുന്ന കപ്പലിനേയും കപ്പിത്താനേയും  തിരിച്ച് ജീവിതത്തിലേക്ക് പൂർണമായെത്തിച്ചത് അൽപം ഏന്തി വലിഞ്ഞുള്ള ആ 'തള്ളി' മാറ്റലായിരുന്നു....  ജീവിതത്തിലേക്ക് തിരികെയെത്തിച്ച 'തലപ്പൊക്കം'....😢







2023 മാർച്ച് 12, ഞായറാഴ്‌ച

മോട്ടിവേഷൻ അഥവാ ഒടുക്കത്തെ തള്ള്

           ജീവിതത്തിൽ വിജയിച്ചവന് മണിയും ചൊറിഞ്ഞിരിക്കുന്ന സമയത്ത് മറ്റുള്ളവർക്ക് ഒരു ചിലവും കൂടാതെ നൽകാൻ കഴിയുന്ന ഒന്നാണ് "മോട്ടിവേഷൻ"

           മിക്ക മോട്ടിവേഷൻ ക്ലാസുകളും നല്ല തള്ളുകളാണ്, മുന്നും പിന്നും നോക്കാതെ 'ധൈര്യ സമേതം' എടുത്ത് ചാടാൻ പ്രേരിപ്പിക്കുന്നവ.... പ്രത്യേഗിച്ച് ബിസിനസ് വിഷയങ്ങളിൽ, നന്നായി പഠിച്ച് നല്ല പ്ലാനിങ്ങോട് കൂടി ചെയ്യേണ്ട കാര്യമാണ് ബിസിനസ്. "അതൊന്നും കാര്യമാക്കണ്ട നിങ്ങൾ വിജയിക്കും" എന്ന് പറഞ്ഞ് കൊടുക്കുന്നവൻ മിത്രമല്ല, ശത്രുവാണ്.... 

           എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്യാൻ കഴിയില്ല, യോജിച്ചത് തിരഞ്ഞെടുക്കാനുള്ള തിരിച്ചറിവ് നമുക്കുണ്ടാകണം. അതല്ലെങ്കിൽ നമുക്ക് യോജിച്ചത് എന്താണെന്ന് നമ്മളെ മനസ്സിലാക്കിയവർക്ക് മാത്രം പറഞ്ഞ് തരാൻ കഴിയുന്ന ഒന്നാണെന്ന ബോധമെങ്കിലും ഉണ്ടാകണം. അതല്ലാതെ നമ്മൾ ക്ഷണിച്ച് വരുത്തിയ ഒരു മോട്ടിവേഷൻ സ്പീക്കർക്ക് തന്റെ മുന്നിൽ കൂടിയ ആയിരങ്ങളുടെ മനസ്സറിയാനോ അവരുടെ പരിധിയോ പരിമിതിയോ കഴിവുകളോ മനസ്സിലാക്കാനോ സാധിക്കുന്നവരല്ല.

    നിങ്ങൾക്ക് ഒരു കോമഡി ഷോ കാണുന്ന ലാഘവത്തോടെ മാത്രം പോയിരിക്കാൻ കഴിയുന്നവയാണ് മിക്ക മോട്ടിവേഷൻ ക്ലാസുകളും, ആയതിനാൽ അത്തരമൊരു നേരമ്പോക്കാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിട്ട് കളയുകയും വേണ്ട.


   വാൽ: ഫ്രാൻസിസ് ഡ്രേക്കിനെപ്പോലുള്ള ബ്രിട്ടീഷുകാരന്റെ ഔദ്യോഗിക കടൽ കൊള്ളക്കാർ കടലിലും മറ്റുള്ളവർ കരയിലും നടത്തിയ കൊള്ളയിൽ നിന്നും മൂലധനം കണ്ടെത്തി  അതിൽ നിന്നും പടുത്തുയർത്തിയയതാണ് ബ്രിട്ടീഷ്  സാമ്രാജ്യം.  ആ മുത്തഛന്മാരുടെ പേരക്കുട്ടികളായ സായിപ്പും നമ്മളെ ജീവിത വിജയത്തിന് ഒറ്റമൂലി പഠിപ്പിച്ച് തരുന്നുണ്ട്.  ലോകം ചുറ്റിയ കടൽക്കൊള്ളക്കാരൻ (ഒരൽപം ദീർഘമേറിയ വീഡിയോ ആണെങ്കിലും ജൂലിയസ് മാനുവലിന്റെ മനോഹരമായ അവതരണ ശൈലികൊണ്ട് മുഴുവൻ കേട്ടിരുന്ന് പോകും, താത്പര്യമുള്ളവർ നീലക്കളറിൽ ഞെക്കിക്കോ)

നിരാശ

             കുഞ്ഞു കുഞ്ഞു മോഹങ്ങൾ പോലും നടക്കാതെ വരുമ്പോഴാണ് മനുഷ്യൻ നിരാശയുടെ പടുകുഴിയിലേക്കെത്തിപ്പെടുന്നത്...

2023 മാർച്ച് 8, ബുധനാഴ്‌ച

Women's day

Women's day-ക്ക് തേനൂറുന്ന സ്റ്റാറ്റസിട്ട ശേഷം ബെഡിലെടുത്ത് വെച്ച ന്യൂസ് പേപ്പർ വായിക്കാൻ കയ്യിലെടുത്ത് കാലുകളാട്ടിക്കൊണ്ട് അയാൾ കുട്ടിയെ സ്‌കൂളിലയക്കാൻ ധൃതി പിടിച്ചോടുന്ന ഭാര്യയെ വിളിച്ച് പറഞ്ഞു... 


"ഡീ.... ഒരു ചായ"



ആരാണയാൾ....?


ഞാനാണയാൾ....


തത്ത്വമസി...