2022, ഡിസംബർ 26, തിങ്കളാഴ്‌ച

വർണവെറി 'പരിധി' വിടുമ്പോൾ....

" എംബാപ്പെ വെളുത്തവനായിരുന്നെങ്കിൽ മാർട്ടിനസ് ഇങ്ങനെയൊന്നും പെരുമാറുമായിരുന്നില്ല "

 

 

അഭിനവ ബുജികളുടെ ചർച്ച കാണുമ്പോൾ തോന്നിപ്പോകുന്നതാണ് മുകളിൽ പറഞ്ഞത്.

 

 

         നമ്മളുടെയൊക്കെ സൗഹൃദ വലയങ്ങൾ രൂപം കൊള്ളുന്നത് എങ്ങിനെയാണ്?. എന്റെ കാര്യം പറയാം, എന്റെ പ്രിയപ്പെട്ട കൂട്ട്കാരെല്ലാം അവർ എനിക്ക് പ്രിയപ്പെട്ടവരായത് അവരുടെ മോന്തയുടെ ഭംഗി കൊണ്ടല്ല, അതേ പോലെ തന്നെ എനിക്ക് ഇഷ്ടമില്ലാത്തവർ സൗന്ദര്യം കുറഞ്ഞവരായത് കൊണ്ട് ഇഷ്ടമില്ലാത്തവരായതല്ല.  എന്തിനധികം എന്നെ അറിയാത്ത മനുഷ്യരിലും എനിക്കിഷ്ടമുള്ളവരും, ഇഷ്ടമില്ലാത്തവരും ഉണ്ട്. അതൊന്നും അവരുടെ ശാരീരികമായ പ്രത്യേഗതകൾ കൊണ്ടല്ല സംഭവിക്കുന്നത്. അടിത്തിടപഴകുന്നവരിൽ അവരുടെ നമ്മളോടുള്ള പെരുമാറ്റമാണ് മുഖ്യം. നമ്മളെയറിയാത്ത എന്നാൽ നമുക്കറിയുന്നവരായ ആളുകളാണെങ്കിൽ അവർ പേറുന്ന രാഷ്ട്രീയവും നിലപാടും അവർ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നൊക്കെ നോക്കിയാണ്, ഇത് ആപേക്ഷികവുമാണ്.

 

 

 

       ഇത്രയൊക്കെ പറഞ്ഞത് നല്ല മനുഷ്യർ വെളുത്തവരിലും കറുത്തവരിലും ഉണ്ട്, ചീത്ത മനുഷ്യരും തഥൈവ. നമ്മളിലെ നന്മയും ചീത്തയും പറയാൻ മറ്റുള്ളവർക്ക് അവകാശവുമുണ്ട്. അവർ നമ്മളെ വിമർശിച്ചാൽ അതിൽ വസ്തുതയില്ലെങ്കിൽ അതിനെ ഖണ്ഡിക്കാൻ നമുക്കും അവകാശമുണ്ട്.

 

 

 

      തൊലി കറുത്തത് ഒരാളുടെ കുറ്റമോ തൊലി വെളുത്തു പോയത് ഒരാളുടെ മേന്മയോ അല്ല, തൊലിയുടെ നിറം അടിസ്ഥാനമാക്കി പെരുമാറുന്നവനെ കണ്ടാൽ കുളിക്കുകയും വേണം. എന്നാൽ ഒരു കറുത്ത മനുഷ്യൻ യാതൊരു ന്യായീകരണവുമില്ലാത്ത കാര്യത്തിന് മറ്റൊരാളെ മർദിച്ചെന്നിരിക്കട്ടെ, അത് കാണുന്ന ഏത് മനുഷ്യനും മർദ്ദിച്ചവനെതിരെ നിൽക്കും, ഉടൻ അയാൾ വലിയ വായിൽ "അയ്യോ, വർണ വെറി നടത്തുന്നേ” എന്നും പറഞ്ഞ് കരയാൻ തുടങ്ങിയാൽ എങ്ങിനെയിരിക്കും. മാർട്ടിനെസ് വംശീയമായി ഒരു വാക്കോ വാചകമോ പറഞ്ഞതായി ഞാൻ കേട്ടില്ല, അയാളുടെ പ്രവർത്തിയിലും വംശീയത കാണാൻ കഴിയുന്നില്ല. അങ്ങനെ അയാൾ പറഞ്ഞിരുന്നെങ്കിൽ അയാളെ വിമർശിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടാകും. പെണ്ണും പിള്ളയോട് പുറത്ത് ചുറ്റിയടിക്കാൻ പോകാമെന്ന് പറഞ്ഞ ദിവസം മറ്റെന്തെങ്കിലും തിരക്ക് അവിചാരിതമായി വന്ന് പെടുമ്പോൾ  "നമുക്ക് ഇന്ന് പോകേണ്ട, നാളെ പോകാം" എന്ന് പറഞ്ഞാൽ അതിനകത്തും സ്ത്രീ വിരുദ്ധത കണ്ടെത്തുന്ന അഭിനവ ഫെമിനിസ്റ്റുകളെപ്പോലെയായിപ്പോയി ഇതും. ഈ വിഷയത്തിനകത്തും ബുജി നാട്യ വ്യാഖ്യാനങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്, അതങ്ങനെയായത് കൊണ്ടാണ് ഇതിങ്ങനെയായത്, ആ അന്തർധാര ഇപ്പോഴും സജീവമാണ്, തുടങ്ങിയ  തള്ള് ബുജികൾക്ക് തത്ക്കാലം ചെവികൊടുക്കാൻ ഉദ്ദേശമില്ല.

 

 

 

     വർണ വെറി, വംശ വെറി, സ്ത്രീ വിരുദ്ധത, പൊളിറ്റിക്കൽ കറക്റ്റ്നസ് എന്നൊക്കെ ഇടക്കിടക്ക് പുട്ടിന് പീരയിടുന്ന പോലെ പറഞ്ഞില്ലെങ്കിൽ ഉറക്കം വരാത്തവരും അങ്ങിനെ പറഞ്ഞാൽ താനൊരു ബുദ്ധിജീവിയാകുമെന്ന് കരുതുന്നവരുടെയും കോലാഹലമായി മാത്രം ഇതിനെക്കണ്ടാൽ മതി. എന്തിനേം ഏതിനേം വംശ വെറിയുടെ കള്ളിക്കുള്ളിൽ കെട്ടി വെക്കുന്ന ഇത്തരക്കാരെ തിരിച്ചറിയുക തന്നെ വേണം.

 

 

 

     മാർട്ടിനെസ്സിനെക്കുറിച്ചറിയുന്നവർക്കറിയാം അയാളുടെ പെരുമാറ്റ രീതികൾ, എംബാപ്പെയുടെ നിറം വയലറ്റ് ആയിരുന്നെങ്കിലും മഞ്ഞയായിരുന്നെങ്കിലും എമി ഇതൊക്കെ തന്നെ ചെയ്‌തേനെ, കളർ മാറിയത് കൊണ്ട് കൂട്ടുകയോ കുറക്കുകയോ ചെയ്യില്ലെന്ന് അയാളുടെ ഇത്രയും കാലത്തെ പെരുമാറ്റ രീതികളിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ... പണ്ട്  പെനാൾട്ടിയെടുക്കാൻ നേരം റൊണോൾഡോയോട് "നീയെടുക്ക്, നീയെടുക്ക്" എന്ന് പറഞ്ഞത് റൊണോൾഡോ കറുത്തവനായത് കൊണ്ടല്ല, അതൊരു മൈൻഡ് ഗെയിം ആണെന്ന് കളി കാണുന്ന ഏത് കൊച്ച് കുട്ടിക്കും അറിയാം. അതിനത് മൈൻഡ് ഗെയിമാണെന്നതിൽ ആർക്കാണ് തർക്കം?, അതും ഇപ്പോൾ എമി കാണിച്ചതും തമ്മിൽ എന്ത് ബന്ധം? എന്നൊക്കെ ചോദിക്കുന്നവരോട്...  ബന്ധമുണ്ടാകുമായിരുന്നു, അല്ലെങ്കിൽ ഉണ്ടാക്കുമായിരുന്നു, റൊണാൾഡോ കറുത്തവനായിരുന്നെങ്കിൽ, അല്ലെങ്കിൽ അന്ന് എമി അത് പറഞ്ഞത് ഒരു കറുത്ത വർഗക്കാരനായ കളിക്കാരനോടായിരുന്നെങ്കിൽ...  എങ്കിൽ കാണാമായിരുന്നു കോലാഹലം, ആ വീഡിയോ ഇപ്പോൾ ചറപറാ എടുത്തെറിഞ്ഞേനേ... എന്നിട്ടതിന് അടിക്കുറിപ്പും കൊടുക്കും "ഇയാൾക്കീ വർണ വെറി പണ്ടേ ഉള്ളതാ"ന്ന്.  ഖത്തറിൽ സംഭവിച്ചത് പോകട്ടെ, കളിയും കഴിഞ്ഞ് ഖത്തറിൽ നിന്ന് സ്വന്തം നാട്ടിലെത്തിയിട്ടും അരിശം തീരാതെ എംബാപ്പെയുടെ മുഖം ഒട്ടിച്ച ബേബി ഡോളുമായി നാട്ടിലെ പരേഡിൽ പങ്കെടുത്തതിനെ വിമർശിക്കാം, അതിനപ്പുറത്ത് ഇതിനകത്ത് വംശ വെറി കുത്തിക്കേറ്റുന്നതിനെക്കുറിച്ചാണ് എതിരഭിപ്രായം. എംബാപ്പെയുടെ പണ്ടത്തെ ഒരു വീഡിയോ ഇപ്പോൾ കറങ്ങി നടപ്പുണ്ട്, അതിൽ   എംബാപ്പെ വാഷ്റൂമിൽ പോകാനുണ്ടെന്ന് ആംഗ്യം കാണിച്ചതാണ്, അല്ലാതെ അതൊരു അശ്ലീല ചേഷ്ടയായിരുന്നില്ലെന്ന് പറയുന്നവരോട് വാഷ്റൂമിൽ പോകാനുണ്ടെന്ന് എംബാപ്പെ വാ കൊണ്ട് പറയാൻ നിൽക്കാതെ അത് 'മനോഹരമായി കാണിച്ച്’ കൊടുത്തതാണെങ്കിൽ എമി സമ്മാനദാനച്ചടങ്ങിൽ കാണിച്ചതും അയാളുടെ സെലിബ്രേഷൻ രീതിയാണെന്നങ്ങ് കരുതിയാൽ മതി.

 

    അർജന്റീനയുടെ ഏതോ ഒരു മുൻകാല പ്രസിഡണ്ട് വംശീയമായ പരാമർശം നടത്തിയിട്ടുണ്ടെന്നും ആയതിനാൽ ആ വംശീയതയുടെ തുടർച്ചയാണിതെന്നൊക്കെ തള്ളി മറിക്കുന്ന ചർച്ചാ വിശാരദന്മാരേയും ഇതിനിടയിൽ കണ്ടു. ആ ചർച്ച ഞാൻ കണ്ട് തുടങ്ങുമ്പോൾ കരുതിയത് അതിൽ മുൻപ് അർജന്റീനൻ കളിക്കാർ നടത്തിയ ഇത്തരം വംശീയാദിക്ഷേപത്തെക്കുറിച്ച് പറയുമെന്നാണ്, എന്നാൽ അതിൽ കളിക്കാർ നടത്തിയെന്ന് പറയുന്ന മൂന്ന് ഉദാഹരണങ്ങളും ഈ ലോകകപ്പിൽ ഇപ്പോൾ ചർച്ചയായ സംഭവം മാത്രമാണ്, അതും മൂന്നും നടത്തിയത് മാർട്ടിനസ് ആണെന്നും, സമ്മാന വേദിയിലും ഡ്രസ്സിംഗ് റൂമിലും നാട്ടിലെത്തിയതിന് ശേഷവും മാർട്ടിനെസ് ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ്. പിന്നെ പറയുന്നത് മുഴുവൻ അവിടത്തെ ഭരണകൂടത്തെക്കുറിച്ചാണ്. അവർ അവിടെയുള്ള ആഫ്രോ അർജന്റൈൻ വംശജരുടെ എണ്ണം പോലും രേഖപ്പെടുത്തിയിട്ടില്ല, അവിടെയുള്ള കറുത്ത വർഗക്കാരോട് എല്ലാ തരത്തിലും അവഗണനയാണ്, ആദിവാസികളെക്കുറിച്ച് ഒരു വിവരവുമില്ല, കളിക്കാരിൽ കറുത്ത വർഗക്കാർ വരുന്നില്ല എന്നൊക്കെയാണ്. അങ്ങനെയുണ്ടെങ്കിൽ അതും വിമർശിക്കേണ്ടത് തന്നെയാണ്. നമ്മുടെ വിഷയം കളിക്കാരാണ്, മാർട്ടിനസ് നടത്തിയത് വംശീയാദിക്ഷേപമാണോ എന്നതാണ്. ആ വീഡിയോയുടെ ടൈറ്റിലിൽ കൊടുത്ത പോലെ മാർട്ടിനസ് വംശീയ ബോധമുള്ളവനാണെങ്കിൽ, ഇവർ പറയുന്നത് പ്രകാരം അർജന്റീനൻ കളിക്കാർ നിരന്തരം ഇത്തരം പരാമർശത്തിന്റെ പേരിൽ പഴി കേൾക്കേണ്ടവരായിരുന്നു, നിങ്ങളുടെ അറിവിൽ അത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടോ...?  കളിക്കിടയിലും അല്ലാതെയും പ്രകടമായി തന്നെ വർണവെറി നടത്തിയവരെക്കുറിച്ചുള്ള വാർത്ത നമ്മൾ പലവുരു കേട്ടിട്ടുണ്ട്. അതെല്ലാം അതി നിശിതമായി വിമർശിക്കപ്പെടേണ്ടത് തന്നെയാണ്.  അതിൽ വംശീയാദിക്ഷേപം നടത്തിയവരുടെ എണ്ണമെടുത്താൽ ഏത് നാട്ടിലെ കളിക്കാരാകും മുൻപന്തിയിൽ എന്ന് പഠനം നടത്തിയാണോ ഇവർ ചർച്ചക്കിരുതെന്നറിയില്ല... കളിക്കിടയിൽ നടന്ന വർണ വെറിയുടെ ചരിത്രമൊന്നും പറയാതെ ഒരു പ്രസിഡണ്ട് പറഞ്ഞ കാര്യവും ആ രാജ്യത്തെ ഭരണകൂടം നടത്തുന്ന വേർതിരിവുകളെക്കുറിച്ചും  മാത്രമാണ് പറഞ്ഞത്.  അവർ കണക്ക് നിരത്തി പറയണമായിരുന്നു ഇത്തരം വർണ വെറി നടത്തിയവരിൽ അർജന്റീനൻ കളിക്കാരാണ് എന്നും മുൻ പന്തിയിലെന്ന്. കാരണം അവരുടെ തലക്കെട്ട് "എമിലിയാനോയെപ്പോലെ വംശീയ ബോധമുള്ള" എന്നാണ്.  

 

         ഈ ചർച്ച നടത്തുന്നവർ ബുദ്ധിജീവികളായതിനാലും എന്നെപ്പോലെ ഒന്നുമറിയാത്ത സാധാരണക്കാർ അല്ലാത്തതിനാലും  ഇവർ പറയുന്നതൊക്കെ വസ്തുതകൾ തന്നെയായിരിക്കാം, എന്നാൽ മറ്റൊരു ബുദ്ധിജീവിയോട് ഈ വിഷയങ്ങളെക്കുറിച്ച് ചോദിച്ചാൽ "അതങ്ങനെയല്ല, ഇങ്ങിനെയാണ്" എന്ന് പറഞ്ഞ് വലത് പക്ഷം, തീവ്ര വലത് പക്ഷം, ഇടത് ബദൽ, ഫാസിസം, അർധ ഫാസിസം, തേങ്ങാക്കുല തുടങ്ങിയവയുടെ ക്ലാസ്സെടുത്ത ശേഷം നമുക്ക് മുൻപിൽ അവതരിപ്പിക്കുക മറ്റൊരു കഥ(ചരിത്രം)യാകും. എവിടെയോ വായിച്ചതോർക്കുന്നു,  സത്യത്തിൽ ചരിത്രമെന്നല്ല ചെരിത്രമെന്നാണ് എഴുതേണ്ടതെന്ന്. കാരണം ആര് ചരിത്രം പറഞ്ഞാലും എങ്ങോട്ടെങ്കിലും ഒരു ചെരിവ് കാണുമെന്ന്.   ഇനി അത്തരം കാര്യങ്ങളെക്കുറിച്ച് ആ നാട്ടിലെ ജനങ്ങളോട് ചോദിച്ചാലും അവർക്കും കാണും നാലാൾക്ക് എട്ടഭിപ്രായം. എന്തിനധികം നമ്മുടെ ഈ കൊച്ചു കേരളത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് നാല് രാഷ്ട്രീയാദർശമുള്ളവരോട് ചോദിച്ച് നോക്കൂ, അവർ പറയുന്നത് നാല് വിധത്തിലായിരിക്കും. " അവർ പറയുന്നതല്ല യാഥാർത്ഥ്യം " എന്ന് പറഞ്ഞ് തുടങ്ങി നമ്മളെന്ത് പറഞ്ഞോ അത് വസ്തുതയല്ല എന്ന് സ്ഥാപിച്ച് കളയും. ഒരു പ്രത്യേഗ വിഷയം പരാമർശിക്കാത്തത് ഈ ഗ്രൂപ്പിൽ പല രാഷ്ട്രീയമുള്ളവരുണ്ട് എന്നതിനാലാണ്. ഏതായാലും വംശീയമായ പരാമർശം നടത്തുന്ന ഭരണാധികാരികളേയും കളിക്കാരേയും സാധാരണക്കാരേയും ചുഴിഞ്ഞ് നോക്കിയാൽ മിക്ക രാജ്യങ്ങളിലും കാണും... അത് വെച്ച് ആ നാട്ട്കാർ മൊത്തം അങ്ങിനെയാണെന്നൊക്കെ ചാപ്പ കുത്താൻ തുടങ്ങിയാൽ അതത്ര നന്നാവില്ലെന്നേ പറയാനുള്ളൂ....


2022, ഡിസംബർ 25, ഞായറാഴ്‌ച

ന്നാലും... ന്നാലും...

 ശ്ശോ... എന്നാലും അന്ന് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ...


ശ്ശോ... എന്നാലും അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ...



ന്നാലും... ന്നാലും...


ജീവിതം


2022, ഡിസംബർ 21, ബുധനാഴ്‌ച

അയാൾക്കത് കണ്ട് മതിവരുന്നുണ്ടായിരുന്നില്ല....

 



അയാൾക്കത് കണ്ട് മതിവരുന്നുണ്ടായിരുന്നില്ല, പിടിതരാതെ കുസൃതി കാട്ടി ഓടിക്കളിച്ച കുഞ്ഞിനെ കയ്യിൽ കിട്ടിയാലെന്ന വണ്ണം പിന്നെയും പിന്നെയും തഴുകിത്തലോടി, പിന്നെ മാറിൽ ചേർത്ത് പിടിച്ച് അയാൾ കൂട്ടുകാർക്കിടയിലേക്ക് നടന്ന് ചെന്നു...

 

 

        എഴുതിയ കാവ്യങ്ങളെല്ലാം മനോഹരമായത് കൊണ്ടായിരുന്നു അവർക്ക് പിന്നിൽ ആള് കൂടിയത്, പക്ഷേ കവിതയെഴുത്ത് ഒരു നഷ്ടക്കണക്കാണെന്നൊരാശാൻ തിരിച്ചറിഞ്ഞ നിമിഷം മുതൽ കഥ മാറി, കവിതയെഴുത്താശാൻ തീർത്തും ഉപേക്ഷിച്ചില്ല, പക്ഷേ അതിനായി രണ്ട് മൂന്ന് പേരെ നിർത്തി ബാക്കിയുള്ളവരെ ആശാൻ വേറെ ചില പണികളേൽപിച്ചു. പിന്നെ നടന്നതെല്ലാം മാലോകരറിഞ്ഞതാണ്.

 

 

          റൊസാരിയോ തെരുവിലെ മുത്തശ്ശിക്കിനി പുതിയ മുത്തശ്ശിക്കഥ കുഞ്ഞുങ്ങൾക്കായി പറഞ്ഞ് കൊടുക്കാം, ആ കഥയിൽ കടൽ കടന്ന് ചെന്ന് മഹായുദ്ധം ജയിച്ച് വന്ന ഒരു കുറിയ മനുഷ്യനെക്കുറിച്ച് പറഞ്ഞ് തുടങ്ങുമ്പോൾ അറിയാതെ ആ മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞ് തുടങ്ങും, കുഞ്ഞുങ്ങൾ അത് കേട്ട് അത്ഭുതത്തോടെ മുത്തശ്ശിയെ നോക്കും, ഈ പടനായകന് മുൻപേ പട നയിച്ച് യുദ്ധം ജയിച്ച് വന്ന ഒരു വിപ്ലവകാരിയുടെ കഥ പേർത്തും പേർത്തും പറഞ്ഞ് പറഞ്ഞ് പരിഹസിക്കപ്പെട്ടതിന്റെ കഥയും മുത്തശ്ശി പുതിയ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കും, എന്നിട്ടും അവർക്കയാൾ ഇപ്പോഴുമെപ്പോഴും പ്രിയപ്പെട്ടവനായിരിക്കുന്നുവെന്നും.

 

            പുതിയ പടനായകനൊടൊപ്പമുള്ള പോരാളികളെക്കുറിച്ചും അവർ പറഞ്ഞ് കൊടുക്കും, അതിലൊരാൾ അതയാളുടെ അവസാന യുദ്ധമാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിരുന്നു... ആ മനുഷ്യൻ യുദ്ധമുഖത്തെത്തിയാൽ എതിരാളികൾ അതിർത്തി കടക്കാൻ ഭയപ്പെട്ടിരുന്നെന്നും നിർണായകമായ നിമിഷത്തിൽ അയാൾ എതിരാളികളുടെ കുമ്മായവരക്കപ്പുറത്തേക്ക് നിറയൊഴിച്ചിരുന്നെന്നും പറയും, ഒടുവിൽ അതേ മനുഷ്യൻ അന്നാ മഹാ യുദ്ധത്തിലും എതിരാളികൾക്ക് മേൽ വെടിയുണ്ട പായിച്ച് കഴിഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ ആനന്ദ കണ്ണീരിനാൽ ആലേഖനം ചെയ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞ് കൊടുക്കും... അയാൾ കരയുന്നത് പക്ഷേ മുത്തശ്ശി ശരിക്കും കണ്ടിരുന്നില്ല, കാരണം അവർ അതിന് മുൻപേ മുഖം പൊത്തി കരഞ്ഞ് പോയിരുന്നു.... ജയിച്ചെന്ന് കരുതിയ യുദ്ധം എതിരാളികൾ ഇടക്ക് തിരിച്ച് പിടിക്കുന്നത് കണ്ട് അയാൾ പിന്നെയും പിന്നെയും കരഞ്ഞ് കൊണ്ടേയിരുന്നു... അയാളോടൊപ്പം മുത്തശ്ശിയും...  പക്ഷേ ഒടുവിലയാൾ പുഞ്ചിരിച്ചപ്പോഴും മുത്തശ്ശിയുടെ കണ്ണുകൾ നീർത്തടങ്ങളായിരുന്നു...

 

 

      അവർക്ക് മന്ത്രമോതിക്കൊടുക്കാൻ വന്ന ശാന്തനായ ഒരാശാനെക്കുറിച്ചും അവർ പറഞ്ഞ് കൊടുക്കും. അയാൾ സൗമ്യനായിരുന്നെങ്കിലും കാതിലോതിക്കൊടുക്കുന്നത് വെടിച്ചില്ലുകൾ പായിക്കാനുള്ള അടവുകളാണെന്ന് യുദ്ധമുഖത്തെത്തുമ്പോൾ മാത്രമാണ് എതിരാളികൾക്ക് ബോധ്യമാവുകയെന്ന് പറഞ്ഞ് കൊടുക്കും.

 

 

        പിന്നെ ഒരാളെക്കുറിച്ച് പറഞ്ഞ് കൊടുക്കാതിരിക്കാൻ അവർക്കാവില്ല, മുത്തശ്ശി തുടരും... ആ മനുഷ്യനായിരുന്നു കോട്ട കാത്തിരുന്ന കാവൽക്കാരൻ, അയാൾക്ക് പക്ഷേ പടനായകനേക്കാൾ ഉയരമുണ്ടായിരുന്നു. കൈകൾക്ക് വിരിച്ച് പിടിച്ച് അയാളവിടെ നിൽക്കുന്നത് കണ്ടാൽ ആരുമൊന്നടുക്കാൻ മടിക്കും, അന്നാ മഹായുദ്ധത്തിൽ എല്ലാവരും യുദ്ധം ചെയ്ത് കഴിഞ്ഞ് അയാളെ ഒറ്റക്കാക്കി ഇപ്പുറത്ത് നിന്ന് നിസ്സഹായതയോടെ അയാളിൽ മാത്രം പ്രതീക്ഷയർപ്പിച്ച് നോക്കി നിൽപ്പാണ്, അയാളൊറ്റക്കേയുള്ളൂ അമ്പെയ്യാൻ വന്നവരെ നേരിടാൻ, മറ്റാർക്കും അയാളെ സഹായിക്കാൻ നിർവാഹമില്ല, അതാണ് യുദ്ധത്തിലെ നിയമം. എന്നിട്ടും പക്ഷേ പ്രതീക്ഷയാണയാളിൽ അവർക്കെല്ലാവർക്കും. മഹായുദ്ധത്തിന്റെ അവസാനമാണത്, ഓരോരുത്തരുടേയും ഹൃദയം പിടക്കുന്നത് അടുത്ത് നിൽക്കുന്നവന് കേൾക്കാം... അയാൾ പക്ഷേ പതറാതെ നേരിട്ടു, നീട്ടിപ്പിടിച്ച കൈകളാൽ തന്റെ രാജ്യത്തിന്റെ അതിർത്തി ഭേദിക്കാൻ വരുന്നവരെ നേരിട്ടു, അവരയക്കുന്ന കൂരമ്പുകൾ തനിക്കിപ്പുറം കടന്നാൽ അത് തന്റെ ജനതയെ കരയിക്കാനുള്ളതാണെന്നയാൾക്ക് നല്ല ബോധ്യമുണ്ട്. അയാളാ അമ്പുകളിലൊന്ന് വര കടക്കാതെ കാത്തു, ചിലരാകട്ടെ അയാളെക്കണ്ട് ഭയന്ന് ലക്ഷ്യം തെറ്റിപ്പായിച്ചു. ഒടുവിലയാളും കൂട്ട്കാരും മഹായുദ്ധം ജയിച്ച് ആനന്ദ നൃത്തം ചവിട്ടി, മുത്തശ്ശി പറഞ്ഞ് നിർത്തും... പിന്നെ പതിയെ പതിയെ മുത്തശ്ശിയും കുഞ്ഞുങ്ങളും ഉറക്കത്തിലേക്ക് വഴിമാറും.  ഇനിയൊരായിരം തവണ ഇതേ കഥ മുത്തശ്ശി ആവർത്തിച്ച് തലമുറകൾക്ക് കൈമാറിക്കൊണ്ടിരിക്കും...

2022, ഡിസംബർ 18, ഞായറാഴ്‌ച

ഒടുവിലയാൾ...




         ഒടുവിലയാൾ... അതേ... കണ്ണ് നീർ വീണ കവിതകൾക്ക് വിട, സന്തോഷത്താലെഴുതുന്ന ദിനങ്ങളിലേക്ക് അയാൾ നടന്നു തുടങ്ങിയിരിക്കുന്നു...



         എമീ... കൈകൾ നീട്ടിപ്പിടിച്ച് താങ്കൾ തടഞ്ഞ് നിർത്തിയതെല്ലാം ഒരു ജനതയുടെ കണ്ണ് നീരായിരുന്നു...

കണ്ണടച്ചാൽ ആരുടെയൊക്കെയോ സ്വപ്നങ്ങളും പേറി ശാന്തനായി നടക്കുന്ന ഒരു കുറിയ മനുഷ്യനെക്കാണാം...


 

               ചിറക് തളരുമ്പോഴും ആകാശത്തിൽ കുറഞ്ഞതൊന്നും സ്വപ്‌നം കാണാത്ത പറവകളെപ്പോലെ അന്നൊരു നാൾ ഇക്വഡോർ മല താണ്ടി വന്നവർ നാളെ കലാശപ്പോരിനിറങ്ങുകയാണ്. ഇന്ന് പക്ഷേ തളർച്ചയൊട്ടുമേ ഇല്ലാത്ത എണ്ണം പറഞ്ഞ പറവകൾ ആ കുറിയ മനുഷ്യന് കൂട്ടായുണ്ട്... ഒപ്പം കൂളായി ഒരാശാനും... അന്നാ മല മുകളിൽ അയാളടിച്ച മൂന്നടികളിൽ അവസാനത്തേത് ഒരിക്കലേ വ്യക്തമായിക്കണ്ടുള്ളൂ... Replay കാണിക്കുമ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നത് കാരണം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു....

 

               കണ്ണടച്ചാൽ ആരുടെയൊക്കെയോ സ്വപ്നങ്ങളും പേറി ശാന്തനായി നടക്കുന്ന ഒരു കുറിയ മനുഷ്യനെക്കാണാം... കഴിഞ്ഞ 8 വർഷത്തിനിടയിൽ കളിച്ച 7 മേജർ ടൂർണമെന്റുകളിൽ അഞ്ചാമത്തെ ഫൈനലാണ് നടക്കാൻ പോകുന്നത്..... ഈ ടൂർണമെന്റിലെല്ലാം കപ്പിത്താൻ ഒരാൾ മാത്രം... നിർഭാഗ്യവും കൂടെയുണ്ടായിരുന്ന കാലം...    കഴിഞ്ഞ് പോയ 4 ഫൈനലുകളിൽ നിന്നായി ഒരേയൊരു കപ്പ്.... ഇടക്ക് വന്ന ഫൈനലിസിമ കോപ്പ കഴിഞ്ഞുള്ള മധുരമായി... സ്വപ്‌നങ്ങളിലേക്ക് അയാൾ വീണ്ടും ബൂട്ട് കെട്ടുകയാണ്... മറ്റൊരു ഫൈനലിൽ... നിർഭാഗ്യമേ ദയവ് ചെയ്‌ത് മാറി നിൽക്കുക, ഇനിയും ചങ്ക് പൊടിയാൻ വിട്ടേക്കരുത്...

 

ഈ വേൾഡ് കപ്പ് ആ മജീഷ്യൻ ആനന്ദ കണ്ണീരോടെ ഉയർത്തട്ടേ...

2022, സെപ്റ്റംബർ 28, ബുധനാഴ്‌ച

വിരോധാഭാസം

 വംശഹത്യ നടത്തിയതിന് ആർ.എസ്.എസിനെ ഹിറ്റ്ലർ നിരോധിച്ചിരിക്കുന്നു...😂




വിഷമിക്കേണ്ട... നിരോധനം മൂലം പണിയില്ലാതായ പി.എഫ്.ഐക്കാരെ ഗാന്ധിയൻ പാർട്ടിയായ എസ്.ഡി.പി.ഐയിലേക്ക് സ്വാഗതം ചെയ്യുന്നു....


2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

ആവേശക്കമ്മിറ്റിക്കാർ സമുദായത്തിന് നേടിത്തന്നത്

 

          പി.എഫ്.ഐ. ഓഫീസുകളിലും നേതാക്കളുടെ വസതികളിലും രാജ്യവ്യാപകമായി നടന്ന റെയ്ഡിനെത്തുടർന്ന് നേതാക്കന്മാരെ കസ്റ്റടിയിലെടുത്തതിൽ പ്രതിഷേധിച്ച് പി.എഫ്.ഐ നടത്തിയ ഹർത്താൽ അഴിഞ്ഞാട്ടം അക്ഷരാർത്ഥത്തിൽ സംഘ്പരിവാർ ശക്തികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ 'ജിഹാദികളാൽ' കിടക്കപ്പൊറുതിയില്ലാതായ ഭുരിപക്ഷ വിഭാഗങ്ങളെക്കുറിച്ച് ഇനിയവർക്ക് രാജ്യത്തുടനീളം ഘോരഘോരം പ്രസംഗിക്കാം, അക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അതവർ എപ്പോഴേ തുടങ്ങിക്കഴിഞ്ഞു.

        സിമി നിരോധിക്കപ്പെട്ടതിനെത്തുടർന്ന് ഉന്മൂലന സിദ്ധാന്തം തത്ക്കാലത്തേക്ക് പെട്ടിയിലടക്കി വെച്ചെങ്കിലും ഏറെക്കാലം അടക്കി വെക്കാൻ കഴിയാത്ത ആ തിരത്തള്ളൽ പുറത്തെടുക്കാൻ അതിന്റെ തലപ്പത്തുള്ളവർ കണ്ടെത്തിയ മാർഗമായിരുന്നു ഈ ആവേശക്കമ്മിറ്റിക്കാരുടെ ആദ്യരൂപമായ എൻ.ഡി.എഫ്. അത് കൊണ്ട് തന്നെ ചരിത്രം ഏത് വിധേന സംഘപരിവാർ ശക്തികൾ വളച്ചൊടിക്കുന്നോ അതേ രീതി പി.എഫ്.ഐയും പിന്തുടരുന്നു എന്നത് ഒരു അത്ഭുതമൊന്നുമല്ല,  കാരണം ചരിത്രം സത്യസന്ധമായി അവതരിപ്പിച്ചാൽ അണികളുടെ രകതം തിളപ്പിച്ച് എടുത്ത് ചാടിക്കാൻ കഴിയില്ലെന്ന് ഇത്തരം ശക്തികൾക്ക് നന്നായറിയാം,  അത് കൊണ്ടാണ്   ഇവരുടെ നേതാവ് അഫ്‍സൽ ഖാസിമി ചരിത്രം പറഞ്ഞപ്പോൾ പറഞ്ഞ പാതി തന്നെ അർധ സത്യമായതും സഹിഷ്‌ണുതയുടെ പാതി മനപ്പൂർവ്വം വിട്ട് കളഞ്ഞതും. ഈ  വഹാബി മൗദൂദികൾ സ്വയം കൃതാനർത്ഥം കുഴപ്പങ്ങളിൽ ചെന്ന് ചേരുമ്പോൾ മാത്രം അവരിൽ നിന്നും അന്തരീക്ഷത്തിൽ ഉയർന്ന് കേൾക്കുന്ന 'ഫാഷിസത്തെ ചെറുക്കാൻ ഒരുമിച്ച് നിൽക്കുക' എന്ന മുദ്രാവാക്യവും ഇരവാദവുമൊന്നും പക്ഷേ ആരും ഏറ്റെടുക്കില്ലെന്ന് ഇപ്പോൾ അവർക്ക് തന്നെ മനസ്സിലായിട്ടുണ്ട്. സംഗതി വംശഹത്യ നടത്തിയതിന് സംഘ്പരിവാരങ്ങളെ ഹിറ്റ്ലർ കസ്റ്റഡിയിലെടുത്തത് പോലെയാണ് കേന്ദ്രസർക്കാറിന്റെ കളിപ്പാവയായി മാറിയ ഇ.ഡിയും എൻ.ഐ.എയുമൊക്കെ ഇപ്പോൾ പി.എഫ്.ഐക്കെതിരെ നടത്തിയ ഓപറേഷനും.  പക്ഷേ ഇരവാദം പറയാൻ ന്യായമില്ലാത്ത തരത്തിലുള്ള പ്രസംഗങ്ങളും പ്രവർത്തികളുമാണ് കാലങ്ങളായി അവർ നടത്തിക്കൊണ്ടിരിക്കുന്നത്.   

      ഏതായാലും സമുദായത്തിന് ഉള്ള സമാധാനം കൂടി ഇല്ലാതാക്കിത്തന്ന ഇവരെ നിരോധിച്ചാലും ഈ ആശയവും പേറി നടക്കുന്നവർ ഇവിടെ ഇനിയും ശേഷിക്കുന്നതിനാൽ സംഘപരിവാർ ശക്തികളുടെ കുതന്ത്രങ്ങൾക്കെതിരെ ഏത് വിധം ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ടോ അതേ ജാഗ്രതയിൽ എല്ലാ മനുഷ്യരും പ്രത്യേഗിച്ച് മുസ്ലിം സമുദായം നിതാന്ത ജാഗ്രത പുലർത്തേണ്ടതുണ്ട്.


2022, മേയ് 8, ഞായറാഴ്‌ച

ഓർമ്മകൾ....😢


ഓർമ്മകൾ ബാക്കി വെച്ച് അവർ പോകുന്നു... അടുത്ത ഊഴം എന്റേതാണ്...😢 😢 😢